ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും; ഷൂ ലേസു കൊണ്ട് കൈകള്‍ ബന്ധിപ്പിച്ചു; വലതു കൈയിലും മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചതോടെ അപകടം മണത്ത് ക്വട്ടേഷന്‍ സംഘം; ബിജുവിനെ തട്ടിക്കൊണ്ടു പോയത് മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷം

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും

Update: 2025-03-23 12:03 GMT

തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മരണത്തിന് ഇടക്കിയത് തലച്ചോറിലേറ്റ ക്ഷതമെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാഹനത്തില്‍ ഇട്ട് ബിജുവിനെ മര്‍ദ്ദിച്ചതോടെ തലയ്ക്ക് ചവിട്ടി പിടിച്ചു. ഈസമയത്തുണ്ടായ രക്തസ്രാവമാണ് ബിജുവിന്റെ മരണത്തിലേക്ക് നയിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതും മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജുവിന്റെ വലത് കൈയില്‍ മുറിവുണ്ട്. ഈ മുറിവ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് സൂചിപ്പിച്ചു.

പ്രതികളായ മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവരെ സ്ഥലത്തെത്തിച്ച് പൊലീസ് തെലിവെടുത്തു. ബിജുവിനെ ആക്രമിച്ച സ്ഥലത്തു നിന്നും പെപ്പര്‍ സ്‌പ്രേ, ചെരിപ്പുകള്‍ എന്നിവ കണ്ടെടുത്തു. പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ബിജു ജോസഫ് ഇരയായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചുവെന്നാണ് വിവരം.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിക്കും. ചുങ്കം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നാളെ ഉച്ചയ്ക്കാണ് സംസ്‌കാരം. തൊടുപുഴ ചുങ്കംമുളയില്‍ ബിജു ജോസഫിന്റെ മൃതദേഹം ഇന്നലെയാണ് പൊലീസ് കണ്ടെടുക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്തുള്ള ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാന്‍ഹോളില്‍ തള്ളി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫാണ് (51) കേസിലെ മുഖ്യ പ്രതി.

എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന്‍ കുര്യന്‍ (25), കാപ്പാ കേസ് പ്രതിയായ ആഷിക് ജോണ്‍സന്‍ (27) എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബിജുവും മുന്‍ ബിസിനസ് പങ്കാളിയും കേസിലെ ഒന്നാം പ്രതിയുമായ ജോമോനും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ഉപ്പുതറ പൊലീസിന്റെ മധ്യസ്ഥതയില്‍ കരാറിലേര്‍പ്പെട്ടത്.

വ്യവസ്ഥകള്‍ പ്രകാരം ജോമോന് ടെമ്പോ ട്രാവലര്‍, ആംബുലന്‍സ്, മൊബൈല്‍ ഫ്രീസര്‍ എന്നിവ കൈമാറണമെന്ന് നിര്‍ദേശിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ കരാര്‍ പാലിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതു പാലിക്കാത്തതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് ജോമോന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിജുവിനെ ലക്ഷ്യമിട്ട് പ്രതികള്‍ 15 ന് തൊടുപുഴയിലെത്തി. മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷമാണ് ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത്.

ബിജുവും ജോമോനും അടുത്ത സുഹൃത്തുക്കളായിരുന്നു. കലയന്താനിയില്‍ ദേവമാതാ കേറ്ററിങ് സ്ഥാപനം നടത്തിയിരുന്നത് ജോമോനായിരുന്നു. ടിപ്പര്‍, മണ്ണുമാന്തി, വര്‍ക്ഷോപ് അടക്കമുള്ള ബിസിനസുകള്‍ ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വര്‍ക്ഷോപ്പില്‍ ചെല്ലുമ്പോള്‍ ബിജുവുമായി ജോമോന്‍ പരിചയത്തിലായി. തുടര്‍ന്നു ബിസിനസ് പങ്കാളികളായി. ആദ്യഘട്ടത്തില്‍ കുഴപ്പമില്ലാതെ പോയി. ബിസിനസില്‍ കൂടുതല്‍ തുക ജോമോനു നിക്ഷേപിച്ചു. ഇത് വഴക്കായി. പിന്നാലെ ഇവര്‍ പിരിഞ്ഞു. പാര്‍ട്നര്‍ഷിപ് പിരിഞ്ഞപ്പോള്‍ അര്‍ഹതപ്പെട്ട ഷെയറോ വാഹനങ്ങളോ വസ്തുക്കളോ ലഭിച്ചില്ലെന്നതായിരുന്നു ജോമോന്റെ പരാതി.

ഇതിന് ശേഷം ജോമോന്റെ കേറ്ററിങ് ബിസിനസ് നഷ്ടത്തിലായി. പല ഹോട്ടലുകള്‍ തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. മേശയും കസേരയും ഫ്രീസറും വാടകയ്ക്കു നല്‍കിത്തുടങ്ങി. ബാങ്കില്‍ നിന്നുള്ള ജപ്തി നടപടികള്‍ പ്രതിസന്ധി കൂട്ടി. ഇതോടെ ബിജുവിനെ തട്ടിക്കൊണ്ടു വന്ന് ഭീഷണിയില്‍ പണം തട്ടിയെടുക്കാന്‍ തീരുമാനിച്ചു. കൊല്ലുകയെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ബിജുവിനെതിരെ ക്വട്ടേഷന്‍ നല്‍കി പണം കൈക്കലാക്കാനായിരുന്നു ശ്രമം.

പതിവായി പുലര്‍ച്ചെ ടൗണിലേക്കു പോകുന്ന സമയത്തായിരുന്നു ബിജുവിനെ തട്ടിക്കൊണ്ടുപോയത്. ജോമോനും ക്വട്ടേഷന്‍ സംഘവും കുറച്ചുദിവസങ്ങളായി ബിജുവിനെ നിരീക്ഷിച്ചിരുന്നു. 60 ലക്ഷം രൂപ വാങ്ങിയെടുക്കുയായിരുന്നു ലക്ഷ്യം. ഇതില്‍ 6 ലക്ഷം രൂപ ക്വട്ടേഷന്‍ തുകയായി നല്‍കാം എന്നായിരുന്നു ധാരണ. അതായത് പത്ത് ശതമാനം കമ്മീഷന്‍. 12,000 രൂപ അഡ്വാന്‍സ് തുകയായി വാങ്ങിയതായി മറ്റു പ്രതികളും മൊഴി നല്‍കി. തട്ടിക്കൊണ്ടുവന്നു ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടെന്നാണു മൊഴി. പുലര്‍ച്ചെ വാഹനത്തില്‍നിന്നു നിലവിളി കേട്ടെന്ന സമീപവാസികളുടെ മൊഴിയെത്തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു മുഖ്യപ്രതി ജോമോനാണെന്നു പൊലീസ് കണ്ടെത്തിയത്. കടന്നുകളയാനുള്ള ശ്രമത്തിനിടെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണു ജോമോനെ പിടികൂടിയത്. തട്ടികൊണ്ടു പോകും വഴി വാഹനത്തില്‍ വച്ചുണ്ടായ ഉപദ്രവം മരണ കാരണമായെന്നാണ് സൂചന.

ജോമോന്റെ പേരില്‍ നേരത്തേയും പൊലീസ് കേസുകള്‍ ഉണ്ടായിട്ടുണ്ട്. കോവിഡ് സമയത്ത് ഇതേ ഗോഡൗണില്‍ ചാരായം വാറ്റിയതിനു റിമാന്‍ഡിലായിട്ടുണ്ട്. മറ്റു 3 പ്രതികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. കാപ്പ പ്രതിയായ ആഷികിനെ അറസ്റ്റു ചെയ്തതാണ് നിര്‍ണ്ണായകമായത്. ജോമോന്റെ കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാന്‍ഹോളിലാണ് മൃതദേഹം തള്ളിയത്. മണ്ണും കോണ്‍ക്രീറ്റും ഉപയോഗിച്ച് മൂടിയ മൃതദേഹം പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പെട്ട കാപ്പ കേസ് പ്രതി ആഷിക് ജോണ്‍സനെ(27) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജോമോനെ ആലുവയില്‍നിന്നും മറ്റ് രണ്ടുപ്രതികളെ എറണാകുളത്തുനിന്നുമാണ് പിടിച്ചത്. ബിജുവിനെ കാണാതായെന്ന് ഭാര്യ മഞ്ജു തൊടുപുഴ പൊലീസില്‍ നല്‍കിയ പരാതിയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Tags:    

Similar News