സോഷ്യല്‍ മീഡിയയിലെ വിവാഹ വാഗ്ദാന പ്രണയം അറസ്റ്റായി; ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ വ്‌ളോഗര്‍ എല്ലാം നിഷേധിച്ചു; സ്‌റ്റേഷനില്‍ ജാമ്യ വ്യവസ്ഥ പ്രകാരം ഒപ്പിട്ട് മടങ്ങുമ്പോള്‍ വാഹനാപകടം; ജുനൈദിന്റെ ജീവനെടുത്തത് ശത്രുക്കള്‍? മരത്താണിയിലെ അപകടം സര്‍വ്വത്ര ദുരൂഹത

Update: 2025-03-15 09:07 GMT

മലപ്പുറം:വ്ളോഗര്‍ മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദിനെ കൊലപ്പെടുത്തിയതോ? ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് മഞ്ചേരി പോലീസ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നുവെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരാള്‍ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും. മരണത്തില്‍ ജുനൈദിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ല.

വൈകിട്ട് 5.30ഓടെയാണ് അപകടമുണ്ടായത് എന്നാണ് നിഗമനം. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു ജുനൈദിന് അപകടം പറ്റിയത്. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മാര്‍ച്ച് ഒന്നിനു ജുനൈദിനെ മലപ്പുറം പോലീസ് ബെംഗളൂരു വിമാനത്താവള പരിസരത്തുനിന്ന് അറസ്റ്റുചെയ്തിരുന്നു. ഒരാഴ്ച മുന്‍പാണ് ജാമ്യം ലഭിച്ചത്. അപകടം നടന്ന മഞ്ചേരി കാരക്കുന്ന് മരത്താണി വളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കേസിന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. അതായത് ഇതുവഴി ജുനൈദ് വരുമെന്ന് ശത്രുക്കള്‍ക്ക് അറിയാമായിരുന്നു. ഇതാണ് ദുരൂഹത കൂട്ടുന്നത്. അതിനിടെ വ്ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ആരോപിച്ചിട്ടുണ്ട്. ഒരു പീഡന പരാതിയില്‍ അറസ്റ്റിലായതിന് ശേഷം വ്ളോഗര്‍ ജുനൈദ് അപകടത്തില്‍ മരിച്ചു എന്ന വാര്‍ത്തയാണ് കണ്ടത്. നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാന്‍ കഴിയില്ല. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നും അറിയില്ല എന്നാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ സനല്‍ കുമാര്‍ പറയുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്:

വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ച് നാള്‍ മുമ്പ് ഒരു പീഡന പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാള്‍ക്കെതിരെയുണ്ടായ ഒരു ഹേറ്റ് ക്യാംപെയ്ന്‍ ശ്രദ്ധിച്ചപ്പോള്‍ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാള്‍ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാള്‍ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലില്‍ കണ്ടു. അതില്‍ പക്ഷേ അയാള്‍ പറയുന്നത് കേള്‍പ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാള്‍ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.

അയാളുടെ വ്ളോഗ് നോക്കാന്‍ വേണ്ടി കുറേ വാര്‍ത്തകള്‍ തപ്പി. ഒന്നിലും അയാളുടെ മുഴുവന്‍ പേരില്ല. ഏതാണ് അയാളുടെ വ്ളോഗ് എന്നില്ല. വ്ളോഗര്‍ ജുനൈദ് അപകടത്തില്‍ മരിച്ചു എന്ന് മാത്രം. അയാള്‍ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാന്‍ അയാള്‍ക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞു നില്‍ക്കുമ്പോഴാണ് അയാള്‍ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നു പോലും അറിയില്ല. എന്തായാലും അയാള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാതെ അയാളെ വിധിച്ചവര്‍ക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവര്‍ അടുത്ത ഇരയെ തേടും.

Tags:    

Similar News