ഇടതുകവിളിലെ ആദ്യ അടിയില്‍ ശ്യാമിലി താഴെ വീണു; എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അതേ കവിളില്‍ അടിച്ചു; ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്; ബെയ്‌ലിന്‍ ദാസിനായി തെരച്ചില്‍ തുടരുന്നു

ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്;

Update: 2025-05-13 16:43 GMT

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനായി നഗരത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നു. ജൂനിയര്‍ അഭിഭാഷക പാറശാല സ്വദേശിയായ ശ്യാമിലിയെ ബെയ്‌ലിന്‍ രണ്ടുതവണ മര്‍ദിച്ചന്നെ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

ഇടതുകവിളിലെ ആദ്യ അടിയില്‍ ശ്യാമിലി താഴെ വീണുവെന്നും എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അതേ കവിളില്‍ അടിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. തടഞ്ഞുവെക്കല്‍, സത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തു.

വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫിസില്‍വെച്ചാണ് മര്‍ദ്ദിച്ചത്. ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സീനിയര്‍ അഭിഭാഷകന്‍ യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം. അടിയേറ്റ് താന്‍ ആദ്യം താഴെ വീണു. അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിര്‍ത്തില്ലെന്നും പരാതിക്കാരി പറയുന്നു.

ജോലിയില്‍ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സിനീയര്‍ അഭിഭാഷകന്‍ മര്‍ദിച്ചതെന്ന് ജുനീയര്‍ അഭിഭാഷക അഡ്വ. ശ്യാമിലി ജസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത്. എന്നാല്‍, വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്.




ഇതിനുശേഷം ജോലിയില്‍ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ഇന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാന്‍ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. അഭിഭാഷകന്റെ ക്രൂര മര്‍ദനത്തിനിരയായ അഡ്വ. ശ്യാമിലിയുടെ സിടി സ്‌കാന്‍ പൂര്‍ത്തിയായി. സംഭവത്തില്‍ ബാര്‍ അസോസിയേഷനും വഞ്ചിയൂര്‍ പൊലീസിലും യുവതി പരാതി നല്‍കി.

യുവതിയുടെ മുഖത്ത് ക്രൂരമര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. മുഖത്തടിച്ചശേഷം ക്രൂരമായി മര്‍ദിച്ച് നിലത്തിട്ടുവെന്നാണ് ആരോപണം. ഈ സംഭവം ഉണ്ടായ ഉടനെ വനിത അഭിഭാഷക ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ ആരോപണ വിധേയനായ അഭിഭാഷകനെ അവിടെ നിന്ന് മാറ്റാനുള്ള സഹായം ചെയ്യുകയായിരുന്നു മറ്റുള്ളവരെന്നും പരാതിയുണ്ട്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്റെ സമീപത്താണ് അഭിഭാഷകന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ അഭിഭാഷകനെ രക്ഷപ്പെടുന്നതിന് അവിടെയുണ്ടായിരുന്നവര്‍ സഹായിച്ചുവെന്നാണ് ആരോപണം.

അഭിഭാഷകനില്‍ നിന്ന് ഇതിന് മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു. മറ്റുള്ള സ്റ്റാഫിനോടും ഈ അഭിഭാഷകന്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയര്‍ന്നിരുന്നു. കാരണം പറയാതെ ജൂനിയര്‍ അഭിഭാഷകരെ ജോലിയില്‍നിന്ന് പറഞ്ഞുവിടുന്നത് അഭിഭാഷകന്റെ പതിവായിരുന്നെന്ന് ശ്യാമിലിയുടെ ഭര്‍ത്താവ് ഷൈന്‍ പറയുന്നു. ശ്യാമിലി ജോലിക്ക് എത്തിയതിനുശേഷം മാത്രം ഇതുവരെ എട്ടോളംപേരെ അഭിഭാഷകന്‍ പുറത്താക്കി. ഇത്തരത്തില്‍ തലേദിവസം വിളിച്ച് ശ്യാമിലിയോട് ജോലിക്ക് വരേണ്ട എന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥാപനത്തിലെത്തിയ ശ്യാമിലി തന്നെ എന്തുകൊണ്ട് പുറത്താക്കി എന്ന് തിരക്കി. 'അത് നിന്നോട് പറയേണ്ട ആവശ്യമില്ല' എന്ന് പറഞ്ഞാണ് ശ്യാമിലിയെ അഭിഭാഷകന്‍ മര്‍ദ്ദിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു.

അതേസമയം, രണ്ട് ജൂനിയര്‍ വക്കീലന്മാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും ഇത് ചോദ്യം ചെയ്യവേ മുഖത്തുനോക്കി അസഭ്യം പറഞ്ഞതുകൊണ്ടാണ് യുവതിയെ മര്‍ദ്ദിച്ചതെന്നുമാണ് അഭിഭാഷകന്‍ ബെയ്‌ലിന്റെ പ്രതികരണം. യുവതിയെ ജനല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മുഖത്ത് ചതവുണ്ട്. ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് വിവരം.

Tags:    

Similar News