ഓപ്പറേഷന്‍ സിന്ദൂറിനിടെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചപ്പോഴും ജ്യോതി മല്‍ഹോത്രയും കൂട്ടാളികളും പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടു; ഓപ്പറേഷന് ഒരുനാള്‍ മുമ്പും ജ്യോതി ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഡാനിഷിനെ കണ്ടു; ജ്യോതിയെ പാക്കിസ്ഥാന്‍ ഉപയോഗിച്ചത് ആധുനിക യുദ്ധമുറയുടെ ഭാഗമായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓപ്പറേഷന്‍ സിന്ദൂറിനിടെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചപ്പോഴും ജ്യോതി മല്‍ഹോത്രയും കൂട്ടാളികളും പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടു

Update: 2025-05-19 14:53 GMT

ചണ്ഡിഗഡ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ, വടക്കേന്ത്യയില്‍ ഉടനീളം ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നപ്പോഴും ചാരവൃത്തിക്ക് പിടിയിലായ യൂടൂബര്‍ ജ്യോതി മല്‍ഹോത്രയും കൂട്ടാളികളും പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നെന്ന് സുരക്ഷാ ഏജന്‍സികള്‍. ' മെയ് 6 ന് ഓപ്പറേഷന്‍ സിന്ദൂറിന് ഒരുദിവസം മുമ്പ് ജ്യോതി മല്‍ഹോത്ര അവരുടെ ഹാന്‍ഡ്‌ലര്‍ പാക് ഹൈക്കമ്മീഷനിലെ ഡാനിഷുമായി ഡല്‍ഹിയിലെത്തി സംസാരിച്ചിരുന്നു. പിന്നീട് മറ്റു പാക് ഏജന്റുമാരുമായി തുടര്‍ന്നുള്ള ദിവസങ്ങളിലും ബന്ധപ്പെട്ടു. ജ്യോതിക്കൊപ്പം അറസ്റ്റിലായ മറ്റുള്ളവരും സമാനരീതിയില്‍ രാജ്യത്തെ വഞ്ചിച്ചു', സുരക്ഷാ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

മെയ് 13 ന് ശേഷം പാനിപ്പത്തില്‍ ഗാര്‍ഡായി ജോലി ചെയ്തിരുന്ന യുപി സ്വദേശി നൗമാന്‍ ഇലാഹി, കൈതാള്‍ സ്വദേശി ദേവേന്ദര്‍ സിങ് ധില്ലന്‍, ഹിസാര്‍ സ്വദേശി ജ്യോതി മല്‍ഹോത്ര, നൂഹിലെ രാജക ഗ്രാമത്തിലെ അര്‍മാന്‍ എന്നിവരെയാണ് ചാരവൃത്തി കേസില്‍ ഹരിയാന പൊലീസ് പിടികൂടിയത്. ഇവരെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ഇവര്‍ പാക് ഏജന്റുമാര്‍ക്ക് കൈമാറിയെന്നാണ് ആരോപണം.

' ആധുനിക യുദ്ധമുറകള്‍ പ്രകാരം ശത്രു തങ്ങള്‍ക്ക് അനുകൂലമായി ഒരുഭാഷ്യം ചമയ്ക്കാന്‍ ശ്രമിക്കുകയാണ് പതിവ്. ഇത്തരത്തില്‍ പോസിറ്റീവ് കഥകള്‍ പാക്കിസ്ഥാനെ കുറിച്ച് ചമയ്ക്കാന്‍ ജ്യോതി അവരെ സഹായിച്ചു. അതിനുവേണ്ടിയാണ് ഇന്‍ഫ്‌ലുവന്‍സര്‍മാരെയും യൂടൂബര്‍മാരെയും അവര്‍ പാട്ടിലാക്കുന്നത്', ഹിസാര്‍ എസ്പി ഷഷാങ്ക് സാവന്‍ പറഞ്ഞു. വരുമാനത്തിന് ആനുപാതികമായിരുന്നില്ല ജ്യോതിയുടെ യാത്രാചെലവുകള്‍. അവരുടെ ചില വിദേശയാത്രകള്‍ ആരോ സ്‌പോണ്‍സര്‍ ചെയ്തതായി സംശയമുണ്ട്. ദീര്‍ഘനാളായി അവര്‍ കേന്ദ്ര ഏജന്‍സികളുടെ റഡാറിലായിരുന്നു. ഒഡിഷയില്‍ നിന്നുള്ള മറ്റൊരു യൂടൂബറെയും നിരീക്ഷിച്ചുവന്നിരുന്നു.

അറസ്റ്റിലായ അര്‍മാനാകട്ടെ, ഒരു ഭീകരവാദി വഴിയാണ് പാക് ഏജന്റുമാരുമായി ബന്ധം സ്ഥാപിച്ചത്. പാക് ഇന്റലിജന്‍സിലെ ഓഫീസര്‍മാര്‍ക്ക് ഇന്ത്യന്‍ മൊബൈല്‍ സിംകാര്‍ഡുകളും അര്‍മാന്‍ സംഘടിപ്പിച്ചുകൊടുത്തു. തന്റെ ഐഡി വച്ചാണ് സിമ്മുകള്‍ ഏര്‍പ്പാടാക്കിയത്. ഒരു ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുത്ത ശേഷം ആ വിവരങ്ങള്‍ പാക് ഏജന്‍സികള്‍ക്ക് കൈമാറി.


യൂടുബര്‍മാരെ ചാരന്മാരാക്കുന്ന ആധുനിക യുദ്ധമുറ

മറ്റൊരു രാജ്യത്ത് നിന്നുള്ള തങ്ങള്‍ക്കിണങ്ങുന്ന യുടൂബര്‍മാരെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും തിരഞ്ഞെടുത്ത് പാട്ടിലാക്കി തങ്ങളുടെ ആവശ്യാനുസൃതം ഭാഷ്യം ചമയ്ക്കാന്‍ ഉപയോഗിക്കുന്നതാണ് ആധുനിക യുദ്ധമുറയിലെ ഒരുരീതി. ജ്യോതി മല്‍ഹോത്രയെ 'അസറ്റാക്കി' വളര്‍ത്തിയെടുക്കുകയായിരുന്നു പാക്കിസ്ഥാന്‍ എന്നാണ് ആരോപണം. അതേസമയം, എളുപ്പത്തില്‍ പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും കൊതിക്കുന്നവരും ഈ കെണിയില്‍ പെട്ടുപോകാം.

കോവിഡിന് ശേഷം യുടൂബിലും മറ്റും ഉള്ളടക്ക സൃഷ്ടികളുടെ അതിപ്രസരമാണ്. ഇന്‍ഫ്്‌ളുവന്‍സറാകാന്‍ സ്വ്പനം കണ്ട് ലൈക്കിനും വ്യൂസിനും വേണ്ടിയുള്ള മത്സരത്തിലേക്ക് കൂടുതല്‍ ആളുകള്‍ വന്നുചേരുകയാണ്. പുതിയ കണ്ടന്റ് ഉണ്ടാക്കുക എന്നതാണ് വെല്ലുവിളി. അതു ചെയ്യാന്‍ അവര്‍ക്ക് ബന്ധങ്ങളും വിഭവങ്ങളും വേണം. ഈയൊരുവിടവാണ് പാക് ചാര സംഘടന ചൂഷണം ചെയ്യുന്നത്.




ജ്യോതി മല്‍ഹോത്രയ്ക്ക് സൈനിക, പ്രതിരോധ ഓപ്പറേഷനുകളുടെ വിവരങ്ങളുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നില്ല. പക്ഷേ അവര്‍ പാക് ഉദ്യോഗസ്ഥരുമായി ബന്ധത്തിലായിരുന്നു. ' അവര്‍ ജ്യോതിയെ ഒരു ചാരവനിതയായി വളര്‍ത്തിയെടുക്കുകയായിരുന്നു. അവര്‍ മറ്റു യൂടൂബ് ഇന്‍ഫ്‌ലുവന്‍സര്‍മാരുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ പബ്ലിക് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍മാരുമായും ബന്ധപ്പെട്ടിരുന്നു' ഹിസാര്‍ പൊലീസ് സൂപ്രണ്ട് ഷഷാങ്ക് കുമാര്‍ സാവന്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ. .

ജ്യോതി നയിച്ചിരുന്നത് ആഡംബര ജീവിതം

വരുമാനത്തിന് അനുസൃതമല്ലാത്ത ആഡംബര ജീവിതശൈലിയാണ് ജ്യോതിയുടെതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സീറ്റുകളിലാണ് ജ്യോതി യാത്ര ചെയ്തിരുന്നത്. ആഡംബര ഹോട്ടലുകളിലെ താമസം, ഫൈവ് സ്റ്റാര്‍ നിലവാരമുള്ള റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം തുടങ്ങി വരവില്‍ കവിഞ്ഞ ചെലവ് ജ്യോതിക്ക് ഉണ്ടായിരുന്നുവെന്ന് ഹരിയാന പൊലീസ് പറയുന്നു. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി മല്‍ഹോത്ര പതിവായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കിട്ടിരുന്നുവെന്നും പോലീസ് പറയുന്നു.




ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിനും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനും യഥാക്രമം 3.77 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരും 1.33 ലക്ഷം ഫോളോവേഴ്‌സും ഉണ്ട്. പെട്ടെന്നുള്ള ജ്യോതിയുടെ സാമ്പത്തിക വളര്‍ച്ച തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. യുട്യൂബ് വരുമാനം കൊണ്ട് മാത്രം ഇത്രയും യാത്രകള്‍ നടത്താന്‍ സാധിക്കുമോയെന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ചൈന, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലേക്കാണ് ജ്യോതി യാത്ര ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരവും ജ്യോതി മല്‍ഹോത്രയ്ക്കു നേരിട്ട് ലഭ്യമായിരുന്നില്ല, പക്ഷേ അവര്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു. വ്ലോഗര്‍, ഇന്‍ഫ്ലൂവന്‍സര്‍ എന്നീ നിലകളില്‍ ജ്യോതിയെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തിയെന്നാണ് ഹരിയാന പൊലീസിന്റെ നിഗമനം.

യാത്രാവിവരണവും അനുഭവകഥകളുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ജ്യോതി ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ചാരവൃത്തിയിലേക്ക് മാറിയതെന്ന ചോദ്യമാണ് ഉയരുന്നത്. 'ലൈക്കുകള്‍' വാരിക്കൂട്ടിയിരുന്ന വ്ലോഗര്‍ ഇന്ന് എത്തിനില്‍ക്കുന്നത് പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തി എന്ന ഗുരുതര ആരോപണങ്ങള്‍ക്കു മുന്നിലാണ്. ജ്യോതിയുടെ സാമ്പത്തിക ഇടപാടുകള്‍, യാത്രാ വിശദാംശങ്ങള്‍ എന്നിവയെല്ലാം ഹരിയാന പൊലീസും കേന്ദ്ര ഏജന്‍സികളും പരിശോധിക്കുകയാണ്.

പാക്കിസ്ഥാനില്‍ വിഐപി പരിഗണന

പാക്കിസ്ഥാനില്‍ വിഐപി പരിഗണനയാണ് ജ്യോതിക്കു ലഭിച്ചിരുന്നത്. ചൈനയിലും സന്ദര്‍ശനം നടത്തി. ചൈനയിലെ യാത്രയ്ക്കിടെ ജ്യോതി ആഡംബര കാറുകളില്‍ സഞ്ചരിക്കുകയും വിലകൂടിയ ആഭരണശാലകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജ്യോതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ന്യൂഡല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷിനെ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജ്യോതിയും അറസ്റ്റിലായത്. ജ്യോതിയുടെ ലാപ്‌ടോപ്പിന്റെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് വൈകാതെ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ജ്യോതി കശ്മീരിലും പാക്കിസ്ഥാനിലും സന്ദര്‍ശനം നടത്തിയതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും വളരെ പ്രശസ്തയായ ജ്യോതി മല്‍ഹോത്ര നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാനെ വളരെയധികം സ്നേഹിച്ചിരുന്നു എന്ന് അവരുടെ ട്രാവല്‍ വീഡയോകളില്‍ നിന്നും വ്ലോഗുകളില്‍ നിന്നും വ്യക്തമാകും. കൂടാതെ രാജ്യത്തും വിദേശത്തും പലപ്പോഴും ആഡംബര ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തിരുന്നു. അത് ഒരു യാത്രിക എന്ന നിലയില്‍ അവരുടെ ജീവിതശൈലി എങ്ങനെയായിരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കും.

ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിലെ വീഡിയോകള്‍ പാകിസ്ഥാന്‍, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിലൂടെ അവര്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുന്നു. ഈ വീഡിയോകളില്‍, അവര്‍ പാകിസ്ഥാനെ പ്രശംസിക്കുന്നതിനൊപ്പം, അവിടത്തെ ട്രെയിനുകളുടെയും ബസുകളുടെയും ആഡംബരത്തെക്കുറിച്ചും സംസാരിക്കുന്നു. ജ്യോതി മല്‍ഹോത്രയുടെ 'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍, ലാഹോറിലും പാകിസ്ഥാനിലെ മറ്റ് നഗരങ്ങളിലും ആഡംബര ബസുകളിലും ട്രെയിനുകളിലും അവര്‍ എങ്ങനെ സഞ്ചരിക്കുന്നുവെന്നും വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതും കാണാം.

പാകിസ്ഥാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ അവരുടെ യൂട്യൂബ് ചാനല്‍ അക്കൗണ്ടില്‍ കാണാം - 'പാകിസ്ഥാനിലെ ഇന്ത്യന്‍ പെണ്‍കുട്ടി', 'ലാഹോറില്‍ പര്യവേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ പെണ്‍കുട്ടി', 'കറ്റാസ് രാജ് ക്ഷേത്രത്തിലെ ഇന്ത്യന്‍ പെണ്‍കുട്ടി', 'പാകിസ്ഥാനില്‍ ആഡംബര ബസില്‍ ഇന്ത്യന്‍ പെണ്‍കുട്ടി യാത്ര ചെയ്യുന്നു' തുടങ്ങിയ തലക്കെട്ടുകളില്‍ നിരവധി വീഡിയോകള്‍ യൂട്യൂബില്‍ ഉണ്ട്.




ബാങ്കോക്ക്, ബാലി തുടങ്ങിയ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വേളയില്‍ തായ്‌ലന്‍ഡിലും ഇന്തോനേഷ്യയിലും ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തതിനെക്കുറിച്ച് ജ്യോതി മല്‍ഹോത്ര സംസാരിക്കുന്നത് കാണാം. വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക ക്രമീകരണങ്ങളുള്ള നിരവധി ബസുകള്‍ ഈ രാജ്യങ്ങളില്‍ ഉണ്ട്. ഈ ബസുകളിലാണ് അവരുടെ മിക്ക യാത്രകളും. സുഖപ്രദമായ സീറ്റുകളും ടോയ്‌ലറ്റും സൗകര്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് നിരവധി സവിശേഷതകളും ഈ ബസുകളില്‍ ഉണ്ട്. ആഡംബരത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനാല്‍ ഈ ബസുകളുടെയും ട്രെയിനുകളുടെയും ടിക്കറ്റുകള്‍ വളരെ ചെലവേറിയതാണ്.

Tags:    

Similar News