പാക് ഹൈക്കമീഷനിലെ ഡാനിഷുമായി അടുത്ത ബന്ധം; മൂന്നു ഐഎസ്‌ഐ ഏജന്റുമാരുമായും അടുപ്പം; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവ്; 2,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഹിസാര്‍ പൊലീസ്
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവ്
ഹിസാര്‍: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രക്കെതിരെ 2,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. മെയ് 16ന് അറസ്റ്റിലായ ഇവരുടെ പേരില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 'ട്രാവല്‍ വിത്ത് ജോ'എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന യാത്രാ വ്‌ലോഗറായ മല്‍ഹോത്ര, ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് അറസ്റ്റിലായത്.
'ഓപ്പറേഷന്‍ സിന്ദൂറിന്' പിന്നാലെയാണ് ഇവരെ പിടികൂടിയത്. നേരത്തെ, മല്‍ഹോത്ര പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ (ഇഹ്സാന്‍-ഉര്‍-റഹീം) ഡാനിഷ് എന്ന ഉദ്യോഗസ്ഥനുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഡാനിഷിനെ കേന്ദ്ര സര്‍ക്കാര്‍ അയോഗ്യനായി പ്രഖ്യാപിക്കുകയും സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
ഹിസാര്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍, യൂട്യൂബര്‍ ദീര്‍ഘകാലമായി പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുകയായിരുന്നെന്ന് വ്യക്തമാക്കുന്നു. ഡാനിഷുമായുള്ള ഇവരുടെ ബന്ധവും ഐഎസ്‌ഐ ഏജന്റുമാരായ ഷാക്കിര്‍, ഹസന്‍ അലി, നാസര്‍ ധില്ലന്‍ എന്നിവരുമായുള്ള ബന്ധവും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. 2024 ഏപ്രില്‍ 17ന് മല്‍ഹോത്ര പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും മെയ് 15ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു.25 ദിവസത്തിന് ശേഷം ജൂണ്‍ 10 ന് അവര്‍ ചൈനയിലേക്ക് പോയി. ജൂലൈ വരെ അവിടെ താമസിച്ച ശേഷം നേപ്പാളിലേക്ക് പോയി.
യൂട്യൂബര്‍ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നതിന് ശക്തമായ തെളിവുകള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജ്യോതി മല്‍ഹോത്ര കര്‍ത്താര്‍പുര്‍ ഇടനാഴി വഴിയാണ് പാകിസ്ഥാനിലേക്ക് പോയതെന്നും അവിടെവെച്ച് പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസിനെ കണ്ട് അഭിമുഖം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധം പുലര്‍ത്തിയതായി ഇവരെ സംശയിച്ചിരുന്നു. എന്നാല്‍, സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് ലഭിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ലഭിച്ച തെളിവുകളാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.