ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെ എം ഷാജഹാന് സുരക്ഷയൊരുക്കി പോലീസ്; റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളം റൂറല്‍ സൈബര്‍ സ്‌റ്റേഷനില്‍ എത്തിച്ചത് പോലീസ് അകമ്പടിയില്‍; ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു; അറിയേണ്ടത് അറസ്റ്റിലേക്ക് കടക്കുമോയെന്ന്

ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെ എം ഷാജഹാന് സുരക്ഷയൊരുക്കി പോലീസ്

Update: 2025-09-24 08:36 GMT

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രണ്ടാം പ്രതിയായ കെ എം ഷാജഹാന്‍ ചോദ്യം ചെയ്യലിനായി സ്‌റ്റേഷില്‍ ഹാജറായി. ആലുവയിലുള്ള എറണാകുളം റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം ഹാജറായത്. നേരത്തെ നോട്ടീസ് നല്‍കി വിളിപ്പിച്ചെങ്കിലും ഷാജഹാന്‍ ഹാജറായിരുന്നില്ല. കുടൂതല്‍ എംഎല്‍എമാര്‍ പരാതിയുമായി രംഗത്തുവന്ന പശ്ചാത്തലത്തില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെ ഷാജഹാന് സുരക്ഷ പോലീസ് ഒരുക്കി നല്‍കി.

ഇന്ന് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ഷാജഹാന് പോലീസ് സുരക്ഷ ഒരുക്കി. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ആലുവയിലേക്ക് പോലീസ് അകമ്പടിയിലാണ് അദ്ദേഹം സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. താന്‍ കെ ജെ ഷൈനിയുടെ പേര് പറഞ്ഞിരുന്നില്ലെന്നും അവരെ അവഹേളിച്ചില്ലെന്നുമാണ് ഷാജഹാന്റെ വാദം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അറസ്റ്റു രേഖപ്പെടുത്തുമോ എന്നാണ് അറിയേണ്ടത്.

കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘം നീങ്ങുന്നത്. രാഷ്ടരീയ സമ്മര്‍ദ്ദവും ഉദ്യോഗസ്ഥര്‍ക്ക് മേലുണ്ട്. എന്നാല്‍, ഷാജഹാന്‍ വനിതാ സിപിഎം നേതാവിനെ അപമാനിച്ചു എന്നതിന് തെളിവുകള്‍ കുറവാണ്. കേസില്‍ ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പോലീസ് ഒരുങങുന്നത്.

മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിനോട് ഇന്ന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. വിദേശത്തുള്ള യാസര്‍ ഹാജരാകുന്നില്ലെങ്കില്‍ അന്വേഷണ സംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും. അതേസമയം, അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം തേടി മെറ്റയ്ക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇന്ന് റിപ്പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, ഷാജഹാന്റെയും ഗോപാലകൃഷ്ണന്റെയും പിടിച്ചെടുത്ത ഫോണുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധന ഫലം ഇനിയും ലഭിച്ചിട്ടില്ല. മെറ്റയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍ മെറ്റയുടെ മറുപടിയും വൈകുമെന്നാണ് സൂചന. അറസ്റ്റും കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്നതടക്കമുള്ള നടപടികളും ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഉണ്ടാകുക.

സൈബര്‍ അധിക്ഷേപത്തില്‍ സിപിഎം എംഎല്‍എമാര്‍ നല്‍കിയ പരാതിയിലും പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നു. എംഎല്‍എമാരായ പി വി ശ്രീനിജന്‍, ആന്റണി ജോണ്‍, കെ ജെ മാക്‌സി എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. അതിനിടെ, തനിക്കും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയില്‍ ഇന്നലെ മൊഴിയെടുത്തിരുന്നു. എന്നാല്‍ കേസ് എടുക്കുന്ന നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.

Tags:    

Similar News