കെ ജെ ഷൈന്‍ നല്‍കിയ പരാതിയിലെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജറാകാതെ കെ എം ഷാജഹാന്‍; എംഎല്‍എമാരും പരാതിയുമായി എത്തിയതോടെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന നിലപാടില്‍ ഷാജഹാന്‍; മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിക്കില്ല; പരാതിക്കാരിയുടെ പേര് പറയാത്ത വീഡിയോയിലെ തുടരന്വേഷണം പുരോഗമിക്കുന്നു
കെ ജെ ഷൈന്‍ നല്‍കിയ പരാതിയിലെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജറാകാതെ കെ എം ഷാജഹാന്‍
കൊച്ചി:സിപിഎം നേതാക്കള്‍ക്കെതിരായി അധിക്ഷേപ പ്രചരണം നടത്തിയെന്ന കേസില്‍ സ്റ്റേഷനില്‍ ഹാജറാകാതെ കെ എം ഷാജഹാന്‍. പറവൂരിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും ഷാജഹാനും അന്വേഷക സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെ ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, തനിക്കെതിരെ പരാതിയുമായി സിപിഎം എംഎല്‍എമാര്‍ കൂടി രംഗത്തുവന്നതോടെ തന്‍രെ ജീവന് ഭീഷണിയുണ്ടെന്ന നിലപാടിലാണ് ഷാജഹാന്‍. അതുകൊണ്ട് തന്നെ തന്റെ സുരക്ഷയെ മുന്‍നിര്‍ത്തി സ്റ്റേഷനില്‍ നേരിട്ടു ഹാജറാകാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഇതോടെ പോലീസ് നേരിട്ടെത്തി ഷാജഹാനെ സ്‌റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യാന്‍ തയ്യാറായേക്കും. അതേസമയം പരാതിക്കാരിയുടെ പേരു പറയാതെയാണ് ഷാജഹാന്‍ വീഡിയോ ചെയ്തത്. അവരുടെ പേര് ഒരിക്കലും പരാമര്‍ശിക്കുകയും ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ അറസ്റ്റു ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. താന്‍ പരാതിക്കാരിയുടെ പേര് പറഞ്ഞിട്ടില്ലെന്നതാണ് ഷാജഹാന്‍ ആവര്‍ത്തിക്കുന്നതും.
അതേസമയം ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷകസംഘം. വ്യാജവും അധിക്ഷേപകരവുമായ പ്രചാരണം നടത്തിയ നൂറിലധികം പ്രൊഫൈലുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങള്‍ തേടി എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനം മെറ്റയ്ക്ക് കത്ത് നല്‍കിയിരുന്നു.
ഇതിനിടെ ഷാജഹാനെതിരെ പോസ്റ്ററും ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ഷാജഹാന്റെ വീടിനു സമീപമാണ്, ചെറുവയ്ക്കല്‍ ജനകീയ സമിതി എന്ന സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്ന ഷാജഹാന്റെ നാവ് പിഴുതെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാന്‍ സാമൂഹ്യ വിപത്ത് എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് വിവിധ ഭാഗങ്ങളില്‍ ഒട്ടിച്ചിരിക്കുന്നത്.
ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ ഷാജഹാന്റെ ഐഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ വീടിനു മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ.ജെ. ഷൈനിനെതിരെയും വൈപ്പിന്‍ എംഎല്‍എ ഉണ്ണികൃഷ്ണനെതിരെയുമാണ് വലിയ തോതിലുള്ള സൈബര്‍ ആക്രമണം നടന്നത്. ഇതിനെതിരെ പൊലീസിന് നല്‍കിയ പരാതികളില്‍ രണ്ടാം പ്രതിയാണ് ഷാജഹാന്‍.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് ഷാജഹാന്‍. ഷാജഹാന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങള്‍ക്കെതിരെ
അപകീര്‍ത്തികരമായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന് കാണിച്ചാണ് ഷൈനും ഉണ്ണികൃഷ്ണനും പരാതി നല്‍കിയത്. കേസിലെ ഒന്നാം പ്രതിയും പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ഗോപാലകൃഷ്ണന്റെ വീട്ടിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.
കേസില്‍ പ്രതിചേര്‍ത്ത കൊണ്ടോട്ടി അബുവിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. മലപ്പുറത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. കേസില്‍ മൂന്നാം പ്രതിയാണ് യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാള്‍. ഇയാള്‍ വിദേശത്താണെന്നാണ് വിവരം.