ഇന്‍സ്റ്റാഗ്രാം വഴി അടുത്തു; തന്നോടൊപ്പം വരാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടു; മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വരില്ലെന്ന് ആതിര; പക മൂത്ത കെലാപാതകം; പ്രതി ജോണ്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചിറയിന്‍കീഴില്‍ എത്തിച്ച് തെളിവെടുത്തു
കഴക്കൂട്ടം: കഠിനംകുളം കൊലപാതകത്തില്‍ പ്രതിയായ ജോണ്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കോട്ടയത്ത് നിന്നും കിനംകുളത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സംഭവ നടന്ന സ്ഥലങ്ങളില്‍ എല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 21നാ് ആതിരയെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ കോട്ടയത്ത് നിന്നും പിടികൂടുകയായിരുന്നു. ജോണ്സന് വിഷം കഴിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോണ്‍സനും ആതിരയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുകയും റീല്‍സുകള്‍ പോസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് കൂടുതലടുത്തത്. ജോണ്സന് പലപ്രാവശ്യം കഠിനംകുളത്ത് എത്തിയിരുന്നു. ആതിരയെ കൂട്ടിക്കൊണ്ടുപോകാനായി വീട് വാടകയ്ക്ക് എടുക്കുകയും അതിനായി അഡ്വാന്‍സ് തുക നല്‍കിയിരുന്നതായും ജോണ്സന് പൊലീസിനോട് പറഞ്ഞു.
കൊലപാതകം നടക്കുന്നതിനും മൂന്ന് ദിവസം മുമ്പുതന്നെ ജോണ്സന് പെരുമാതുറയില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. തന്നോടൊപ്പം വരണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടുവെങ്കിലും മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ജോണ്‍സനോടൊപ്പം പോകാന്‍ ആതിര കൂട്ടാക്കിയില്ല. ഇതോടെ പക മൂത്ത ജോണ്സന് ചിറയിന്‍കീഴിലെ ഒരു കടയില്‍ നിന്ന് കത്തി വാങ്ങി കൊല നടത്താന്‍ ഉറപ്പിച്ച് ആതിരയുടെ വീട്ടില്‍ എത്തുകയായിരുന്നുവെന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മജ്ഞുലാല്‍ പറഞ്ഞു.