രാധാകൃഷ്ണന്റെ നെഞ്ച് ലാക്കാക്കി സന്തോഷ് നിറയൊഴിച്ച നാടന്‍ തോക്ക് കണ്ടെത്തി; തോക്ക് ഒളിപ്പിച്ച സ്ഥലം പൊലീസിന് കാട്ടി കൊടുത്തത് പ്രതി തന്നെ; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവ്
രാധാകൃഷ്ണന്റെ നെഞ്ച് ലാക്കാക്കി സന്തോഷ് നിറയൊഴിച്ച നാടന്‍ തോക്ക് കണ്ടെത്തി
കണ്ണൂര്‍: പരിയാരം മാതമംഗലത്തിനടുത്തെ കൈതപ്രത്ത് 49 വയസുകാരനായ ബി.ജെ.പി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനെ കൊല്ലാന്‍ പ്രതി സന്തോഷ് ഉപയോഗിച്ച തോക്ക് കണ്ടെത്തി. രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും വാടകയ്ക്ക് താമസിച്ച വീട്ടില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. വീടിന് സമീപത്തെ വിറകുപുരയില്‍ നിന്നായിരുന്നു തോക്ക് ലഭിച്ചത്. കേസിലെ നിര്‍ണായക തെളിവാണ് കണ്ടെത്തിയ തോക്ക്. ഫോറന്‍സിക്കും അന്വേഷണ ഉദ്യോഗസ്ഥരും രാവിലെ മുതല്‍ തന്നെ തോക്ക് കണ്ടെത്താനായുള്ള ശ്രമത്തിലായിരുന്നു.
കൊലയ്ക്ക് ശേഷം തോക്ക് ഒളിപ്പിച്ചുവെച്ച സ്ഥലം സന്തോഷ് തന്നെയാണ് അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയുമായി പൊലീസ് കൊലപാതകം നടന്ന രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ എത്തിച്ചിരുന്നു.
രാധാകൃഷ്ണന്റെ മരണത്തിന് കാരണം നെഞ്ചില്‍ വെടിയേറ്റതെന്നും വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നല്‍കി.
തോക്കും കത്തിയുമായാണ് പ്രതി സന്തോഷ് കൈതപ്രത്ത് എത്തിയത്. വെടിവെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആക്രമിക്കാനാണ് കത്തി കയ്യില്‍ കരുതിയത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നുവെന്നും സന്തോഷ് മൊഴി നല്‍കി. വീട്ടിലേക്ക് കയറി നിമിഷങ്ങള്‍ക്കുളളില്‍ വെടിയുതിര്‍ത്തു. ഇന്നലെ രാവിലെ രാധാകൃഷ്ണന്റെ ഫോണില്‍ വിളിച്ച് സന്തോഷ് ഭീഷണി മുഴക്കി. സന്തോഷ് ഭീഷണിപ്പെടുത്തിയ വിവരം രാധാകൃഷ്ണന്‍ മകനെ അറിയിച്ചിരുന്നു. ഭാര്യയുമായുളള സൗഹൃദം വിലക്കിയത് പ്രകോപനമായെന്ന് ചോദ്യം ചെയ്യലില്‍ സന്തോഷ് പൊലീസിന് മൊഴി നല്‍കി.
അരുകൊലയ്ക്ക് കാരണം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സൗഹൃദമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പിന്റെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്നാണ്. വെടിയേറ്റ് മരിച്ച കെ. കെ.രാധാകൃഷ്ണന്റെ ഭാര്യയും കേസിലെ പ്രതി എന്‍.കെ.സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു.
ആറ് മാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച ഇരുവരും വീണ്ടും അടുത്തു. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരില്‍ വിനോദയാത്ര പോയപ്പോള്‍ ഇരുവരും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റവും നടക്കുകയും സന്തോഷിനെതിരെ രാധാകൃഷ്ണന്‍ ഒരുമാസം മുമ്പ് പരിയാരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലിസ് സന്തോഷിനെ ഉള്‍പ്പെടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തിയാണ് രമ്യതയില്‍ കാര്യങ്ങള്‍ എത്തിച്ച് പറഞ്ഞുവിട്ടത്.
എന്നാല്‍ പിന്നെയും യുവതിയും, സന്തോഷും പരസ്പരം ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തത് കുടുംബബന്ധത്തില്‍ വീണ്ടും വിള്ളലുകള്‍ വീഴ്ത്തി. കഴിഞ്ഞ ദിവസം രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച സന്തോഷ് എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നും ഭീഷണിസ്വരത്തില്‍ സംസാരിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ഇതിനു ശേഷം തോക്കുചൂണ്ടി നില്‍ക്കുന്ന തന്റെ ചിത്രവും ഭീഷണിപ്പെടുത്തുന്ന അടികുറിപ്പോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യയുമായുള്ള പൂര്‍വ്വകാല സൗഹൃദമാണെന്ന് പൊലിസിന്റെ എഫ്.ഐ. ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാധാകൃഷ്ണന്റെ എതിര്‍പ്പുകാരണമാണ് ഇവരുടെ ബന്ധം തകര്‍ന്നത്. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്.
കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ മൂലം രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മരിച്ച രാധാകൃഷ്ണന്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം.