കലവൂര്‍ സുഭദ്രാ കൊലക്കേസില്‍ പ്രതികള്‍ പിടിയില്‍; മാത്യൂസും ശര്‍മിളയും അറസ്റ്റിലായത് കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന്; ഇരുവരെയും നാട്ടിലേക്ക് കൊണ്ടുവരും
സ്വര്‍ണാഭരണങ്ങള്‍ക്കായി കൊലപാതകമെന്ന് നിഗമനം
ആലപ്പുഴ: കലവൂര്‍ സുഭദ്രാ കൊലക്കേസ് പ്രതികള്‍ കര്‍ണാടകയിലെ മണിപ്പാലില്‍ നിന്ന് പിടിയിലായി. മാത്യൂസ്, ശര്‍മിള എന്നിവരാണ് പിടിയിലായത്. കൊച്ചി സ്വദേശിയായ സുഭദ്ര(73) കൊല്ലപ്പെടുന്നതിനു മുന്‍പ് ക്രൂരമര്‍ദനത്തിന് ഇരയായതായി സൂചന. മൃതദേഹത്തില്‍ നിറയെ ഒടിവുകളും ചതവുകളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇരുവശത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായി ഒടിഞ്ഞ നിലയിലാണ്. കഴുത്തും ഇടതു കയ്യും ഒടിഞ്ഞിട്ടുണ്ട്. ഇതിലേതാണു മരണകാരണമെന്നു വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു. മരണശേഷവും മൃതദേഹത്തില്‍ ഒടിവുകളുണ്ടായോ എന്നും സംശയമുണ്ട്.
ഓഗസ്റ്റ് 4നു കാണാതായ കൊച്ചി കരിത്തല റോഡ് സ്വദേശി ശിവകൃപയില്‍ സുഭദ്രയുടെ (73) മൃതദേഹം കഴിഞ്ഞ ദിവസമാണു കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ക്രാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിഥിന്‍ 35), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശി ശര്‍മിള (38) എന്നിവര്‍ക്കായി അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണ സംഘങ്ങളെ അയച്ചിരുന്നു. സുഭദ്രയുടേതെന്നു സംശയിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ആലപ്പുഴയിലെയും ഉഡുപ്പിയിലെയും സ്ഥാപനങ്ങളില്‍ പണയം വച്ചിരുന്നതായും, ശര്‍മിളയാണു പണയം വച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഭരണങ്ങള്‍ക്കു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നാണു പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നു പ്രതികളെ പിടികൂടിയാലേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
ഇതിനിടെ മൃതദേഹം മറവു ചെയ്ത കുഴിയെടുത്തതിനു പൊലീസ് കസ്റ്റഡിയിലെടുത്ത കാട്ടൂര്‍ കിഴക്കേവെളിയില്‍ വീട്ടില്‍ ഡി.അജയനെ (39) ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാത്യൂസിന്റെ സുഹൃത്ത് കൊലപാതകവുമായി പങ്കുണ്ടെന്നുള്ള സംശയത്തെത്തുടര്‍ന്നു പൊലീസ് നിരീക്ഷണത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ വൈകിട്ട് 4ന് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സിഫ്‌നെറ്റ് മുന്‍ ജീവനക്കാരന്‍ പരേതനായ ഗോപാലകൃഷ്ണനാണു സുഭദ്രയുടെ ഭര്‍ത്താവ്. മക്കള്‍ രാജീവ്, രാധാകൃഷ്ണന്‍, പരേതനായ രാജേഷ്.
സുഭദ്രയുടെ കൊലപാതക കേസില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യമാണ്. കാണാതായ ആഗസ്ത് നാലിന് പകല്‍ മൂന്നിന് എറണാകുളം സൗത്ത് കരിത്തല റോഡിലൂടെ ഇവര്‍ സുഹൃത്ത് ശര്‍മിളയ്ക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തില്‍ സമീപവാസികള്‍ ശര്‍മിളയെയും സുഭദ്രയെയും തിരിച്ചറിഞ്ഞു. ഇതോടെയാണ് അന്വേഷണം ശര്‍മിളയിലേക്കും ഭര്‍ത്താവിലേക്കും തിരിഞ്ഞത്. എറണാകുളം സൗത്ത് കരിത്തല റോഡ് 'ശിവകൃപ' വീട്ടില്‍ 15 വര്‍ഷത്തോളം ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കുശേഷം വിശേഷങ്ങള്‍ നാട്ടുകാരോടും പരിചയക്കാരോടും പങ്കുവയ്ക്കാറുണ്ടായിരുന്നു. അതിനാല്‍ എല്ലാവരും കരുതിയത് തീര്‍ഥാടനത്തിലായിരിക്കുമെന്നാണ്.
ഒരു തീര്‍ഥാടനയാത്രയ്ക്കിടെയാണ് ശര്‍മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് ആ സുഹൃദ്ബന്ധം ദൃഢമായി. ശര്‍മിള ഇടയ്ക്ക് സുഭദ്രയുടെ വീട്ടില്‍ വന്ന് താമസിക്കും. സുഭദ്രയും ആലപ്പുഴയില്‍ ശര്‍മിളയുടെ വീട്ടില്‍ പോയിരുന്നു. നേരത്തേ ശര്‍മിളയും സുഹൃത്തും ചേര്‍ന്ന് കരിത്തല റോഡിനുസമീപം ഹോസ്റ്റല്‍ നടത്തിയിരുന്നു. ഇതിന് സാമ്പത്തികസഹായം നല്‍കിയത് സുഭദ്രയായിരുന്നു. ഇതോടെയാണ് ശര്‍മിളയ്ക്കൊപ്പമാണ് സുഭദ്ര പോയതെന്ന് പൊലീസ് ഉറപ്പിച്ചത്.