'എഡിഎമ്മിനെതിരെ പരാതി എഴുതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു; തെളിവില്ലെന്നായിരുന്നു പി പി ദിവ്യയുടെ മറുപടി; കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിക്കരുതെന്ന് പറഞ്ഞു'; കണ്ണൂര്‍ കളക്ടറുടെ മൊഴി പുറത്ത്
വിധി പകര്‍പ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്
തലശ്ശേരി: എഡിഎം കെ.നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരെ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ നല്‍കിയ മൊഴി പുറത്ത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കളക്ടറോട് പെട്രോള്‍ പമ്പിന്റെ വിഷയം സംസാരിച്ചിരുന്നു. പരാതി എഴുതി നല്‍കാന്‍ പി പി ദിവ്യയോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെളിവില്ലെന്നായിരുന്നു പിപി ദിവ്യയുടെ മറുപടി. വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കളക്ടര്‍ ഉപദേശിച്ചു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കളക്ടറുടെ മൊഴിയിലുണ്ട്. വിധി പകര്‍പ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്.
എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തില്‍ പങ്കെടുത്തത് കലക്ടറുടെ ക്ഷണപ്രകാരമെന്ന ദിവ്യയുടെ വാദത്തിനെതിരാണ് കലക്ടറുടെ മൊഴി. ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണെന്നും അവര്‍ ക്ഷണിച്ചിട്ടാണ് താനും പങ്കെടുത്തതെന്നും കലക്ടറുടെ മൊഴിയിലുണ്ട്.
ക്ഷണിക്കേണ്ടത് താന്‍ അല്ലെങ്കിലും അന്നു രാവിലെ മറ്റൊരു പരിപാടിയില്‍ ദിവ്യയ്‌ക്കൊപ്പം പങ്കെടുത്തപ്പോള്‍ വൈകിട്ട് എഡിഎമ്മിന്റെ യാത്രയയപ്പുയോഗം നടക്കുന്ന കാര്യം പറഞ്ഞിരുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നത് എഡിഎം വൈകിപ്പിച്ചെന്നും കൈക്കൂലി വാങ്ങിയെന്നും അപ്പോള്‍ ദിവ്യ പറഞ്ഞു. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്നും പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കണമെന്നുമാണു മറുപടി പറഞ്ഞത്.
യാത്രയയപ്പുയോഗം തുടങ്ങിയോ എന്നു ചോദിച്ച് വൈകിട്ട് 3.30ന് ദിവ്യ വീണ്ടും വിളിച്ചു. രാവിലത്തെ ആരോപണം ഉന്നയിക്കേണ്ട വേദിയല്ല യാത്രയയപ്പുയോഗമെന്ന് അപ്പോഴും ദിവ്യയോടു പറഞ്ഞിരുന്നുവെന്നും കലക്ടറുടെ മൊഴിയില്‍ പറയുന്നു.
യോഗത്തില്‍ തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടര്‍ കെ.വി.ശ്രുതിയാണെന്നാണു ദിവ്യയുടെ മറ്റൊരു വാദം. എന്നാല്‍, വേദിയിലേക്കു കടന്നുവന്ന ദിവ്യ, മൈക്രോഫോണ്‍ സ്വയം ഓണ്‍ ചെയ്ത് സംസാരിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നാണു ശ്രുതിയുടെ മൊഴി. യോഗത്തിലേക്കു ക്യാമറമാനെ അയയ്ക്കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ദിവ്യ വിളിച്ചിരുന്നതായി കണ്ണൂര്‍ വിഷന്‍ ചാനല്‍ ബ്യൂറോ ചീഫ് മനോജ് മയ്യിലിന്റെ മൊഴിയില്‍ പറയുന്നു. ദിവ്യ ആവശ്യപ്പെട്ടതു പ്രകാരം ക്യാമറ യൂണിറ്റ് അയച്ചു.
പരിപാടി കഴിഞ്ഞശേഷം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു വീണ്ടും വിളിച്ചു. വാര്‍ത്ത നല്‍കും മുന്‍പേ ദൃശ്യങ്ങള്‍ ദിവ്യയ്ക്ക് അയച്ചുകൊടുത്തതെന്നും മനോജിന്റെ മൊഴിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ദിവ്യതന്നെയാണു മറ്റു ചാനലുകള്‍ക്കും വിവിധ ഗ്രൂപ്പുകളിലും ഫോര്‍വേഡ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. റവന്യു ഉദ്യോഗസ്ഥരുടെ വിവിധ ഗ്രൂപ്പുകളിലൂടെ നിമിഷങ്ങള്‍ക്കകം ഇതു പ്രചരിച്ചതോടെ നവീന്‍ബാബു മാനസിക സംഘര്‍ഷത്തിലായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.
അതേ സമയം പി പി ദിവ്യ ഉയര്‍ത്തിയ എല്ലാ വാദങ്ങളെയും തള്ളിയായിരുന്നു പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടെ വിധിന്യായം പുറത്തുവരുന്നത്. വിധിയില്‍ ആത്മഹത്യ പ്രേരണക്കുറ്റം പി പി ദിവ്യക്കെതിരെ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് പി പി ദിവ്യ അര്‍ഹയല്ലെന്നും ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ ഇവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന കേസാണെന്ന് വ്യക്തമാക്കാന്‍ പി പി ദിവ്യയുടെ അഭിഭാഷകന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പി പി ദിവ്യ കളക്ടറേറ്റില്‍ വെച്ച് നടത്തിയ പെരുമാറ്റം അപക്വമായിരുന്നുവെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും വിധിയില്‍ പറയുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ ആവശ്യമായ കേസാണിത്. ദിവ്യ ചെയ്തതെല്ലാം കൃത്യമായ ആസൂത്രണത്തോടെയാണ്. ഒരാളെ വ്യക്തിഹത്യ നടത്തുകയായിരുന്നു പി പി ദിവ്യ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. സുതാര്യമായ നിലപാടുള്ളയാളായിരുന്നു നവീന്‍ ബാബു. ബഹുമാനിക്കുന്ന, ഔന്നത്യമുള്ള വ്യക്തിത്വമായിരുന്നു നവീന്‍ ബാബുവെന്നും കോടതി വിധിയിലുണ്ട്.