കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; സിപിഎം നേതാക്കള്‍ക്ക് സംരക്ഷണം; ആരോപണ വിധേയര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം; യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ നടത്തുന്ന നാടകമെന്ന് കോണ്‍ഗ്രസ്

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2024-12-24 10:05 GMT

ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയില്‍ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അതേസമയം സിപിഎം നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്.

സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറല്‍ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല.

സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു. സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈല്‍ ഫോണും മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതല്‍ വപ്പുകുകള്‍ ചുമത്താനാണ് പൊലീസ് തീരുമാനിച്ചത്. വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു പറഞ്ഞു. സാബുവിന്റെ കുടുംബത്തെ സന്ദശിച്ച ശേഷമായിരുന്നു പ്രതികരണം. അന്വേഷണം കൃത്യമായി മുന്നോട്ട് പോയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നോബിള്‍ മാത്യു പറഞ്ഞു.

കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്‍പില്‍ കഴിഞ്ഞ 20നാണു പള്ളിക്കവല മുളങ്ങാശേരില്‍ സാബു ജീവനൊടുക്കിയത്. പ്രത്യേക അന്വേഷണസംഘം ഇന്നലെ സാബുവിന്റെ രണ്ടു മക്കളുടെയും മൊഴിയെടുത്തിരുന്നു. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തില്‍ 2 എസ്എച്ച്ഒമാര്‍ ഉള്‍പ്പെടെ ഒന്‍പതംഗ സംഘമാണു കേസന്വേഷിക്കുന്നത്.

നേരത്തെ സാബുവിനെ മുന്‍ കട്ടപ്പന ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ഫോണ്‍വിളി പുറത്തുവന്നതോടെ സി.പി.എം. പ്രതിരോധത്തിലായിരുന്നു. മുന്‍ പ്രസിഡന്റും ഇപ്പോള്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ വി.ആര്‍. സജിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഭാര്യയുടെ ചികിത്സക്കായി നിക്ഷേപത്തുക ആവശ്യപ്പെട്ട് സൊസൈറ്റിയിലെത്തിയ തന്നെ ജീവനക്കാരന്‍ പിടിച്ചു തള്ളിയെന്ന് സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. എന്നിട്ട് ജീവനക്കാരനെ താന്‍ മര്‍ദിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും മുന്‍ ഏരിയാ സെക്രട്ടറിയോട് സാബു പരാതിയായി പറയുന്നു.

'ഈ മാസത്തില്‍ തരേണ്ട പകുതി പൈസ നല്‍കിയിട്ട് നിങ്ങളയാളെ ഉപദ്രവിക്കേണ്ട കാര്യമെന്താ? നിങ്ങള്‍ വിഷയം ഒന്നും മാറ്റണ്ടാ. നമ്മള്‍ ഇതറിഞ്ഞിട്ട് മിണ്ടാതിരിക്കുന്നതാ. നിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുവാ. നിങ്ങള്‍ക്ക് പണി അറിയില്ലാഞ്ഞിട്ടാ. പണി മനസ്സിലാക്കിത്തരാം. ഞങ്ങള്‍ ഭൂമിയോളം ക്ഷമിച്ചാണ് നില്‍ക്കുന്നത്'- എന്നായിരുന്നു സജിയുടെ മറുപടി.

തനിക്കിങ്ങനത്തെ പണി അറിയില്ലെന്നും തന്നെ വേണമെങ്കില്‍ കൊന്നോ എന്നും സാബു വിഷമത്തോടെ പറയുന്നതും റെക്കോര്‍ഡില്‍ കേള്‍ക്കാം. താന്‍ ആരേയും നുള്ളി നോവിച്ചിട്ടില്ല. മര്‍ദിച്ചെന്ന ആരോപണം വ്യാജമാണ്. പണം ചോദിച്ചപ്പോള്‍ മോശമായ പദപ്രയോഗത്തോടെ പിടിച്ചുതള്ളി. ക്യാമറ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും സാബു പറയുന്നുണ്ട്. താനത് വിശ്വസിക്കുന്നില്ലെന്നായിരുന്നു സി.പി.എം. നേതാവിന്റെ നിലപാട്.

സൈസൈറ്റി പ്രതിസന്ധിയിലാണെന്നും സാബുവിന് നല്‍കാനുള്ള പണം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അത് ഉടന്‍ നല്‍കുമെന്നും സംഭാഷണത്തിനിടെ സജി പറയുന്നുണ്ട്. അതേസമയം സാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് സി.പി.എം. ഇടുക്കി ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസ് ആവര്‍ത്തിച്ചിരുന്നു. ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞകാര്യങ്ങളില്‍ പോലീസ് കൃത്യമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം. വി.ആര്‍.സജിയും സാബുവും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ്. പണം ഉറപ്പായും നല്‍കുമെന്നാണ് സംഭാഷണത്തില്‍ സജി പറയുന്നത്. ജാഗ്രതക്കുറവ് ഉണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും സി.വി. വര്‍ഗീസ് പറഞ്ഞു.

Tags:    

Similar News