നിരവധി മലയാളി തീര്‍ത്ഥാടകര്‍ എത്തുന്ന കേദര്‍നാഥിലെ വിശ്രമകേന്ദ്രം; മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്‍ മലയാളിയെന്ന് തിരിച്ചറിഞ്ഞത് ആധാര്‍കാഡ് പരിശോധിച്ചതോടെ; പ്രേംകുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത് ഉത്തരാഖണ്ഡ് പോലീസ്; സൈക്കോ കില്ലറുടെ മരണം കേരളാ പോലീസിനെ അറിയിച്ച് ബന്ധുക്കളും; ഡല്‍ഹിയിലുള്ള പോലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു

ഡല്‍ഹിയിലുള്ള പോലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു

Update: 2025-06-12 07:54 GMT

തൃശൂര്‍: നിരവധി മലയാളികള്‍ തീര്‍ത്ഥാടനത്തിനായി പോകുന്ന കേദര്‍നാഥിലാണ് ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടകൊലപാതക കേസിലെ പ്രതി ഒളിവില്‍ താമസിച്ചത്. ഇവിടെ വിശ്രമ കേന്ദ്രത്തില്‍ വെച്ചാണ് പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ടൂറിസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരമാണ് കേദാര്‍നാഥ് പോലീസിന് ലഭിച്ചത്. പോലീസ് അന്വേഷണം നടത്തി ബാഗും പേഴ്‌സും അടക്കമുള്ളവ പരിശോധിച്ചപ്പോഴാണ് മലയാളിയാണ് എന്ന് ബോധ്യമായത്. ആധാര്‍കാര്‍ഡിലെ വിവരങ്ങളില്‍ നിന്നും അഡ്രസും ലഭിച്ചു. ഇതോടെ പോലീസ് പ്രേംകുമാറിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ഹൃദയാഘാതം മൂലം മരിച്ചു എന്നായിരുന്നു ഉത്തരാഖണ്ഡ് പോലീസ് ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കള്‍ ഉടനെ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രേംകുമാറിനെ കണ്ടെത്താനായി ഡല്‍ഹിയിലാണ് ഒരു പോലീസ് സംഘമുള്ളത്. ഇതോടെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഈ സംഘത്തോട് ഉത്തരാഖണ്ഡിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജീവനൊടുക്കിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കടുത്ത പ്രേമഹരോഗിയാണ് പ്രേംകുമാറെന്നാണ് വിവരം.

പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ഉത്തരാഖണ്ഡ് പൊലീസ് സംസ്ഥാനത്തെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരള പൊലീസ് അവിടെ ചെന്ന് മൃതദേഹം കണ്ട് മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളു.

പടിയൂരിലെ ഇരട്ടക്കൊലയ്ക്കു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിനു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്ന തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് പ്രതി കേദാര്‍നാഥില്‍ മരിച്ചെന്ന വിവരം ലഭിക്കുന്നത്. ഇതെത്തുടര്‍ന്ന് ഇവര്‍ കേദാര്‍നാഥിലേക്ക് തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും അഞ്ഞൂറു കിലോമീറ്ററിലധികം ദൂരമാണ് ഉത്തരാഖണ്ഡിലേക്കുള്ളത്. അവിടെ നിന്നും കേദാര്‍നാഥിലേക്ക് എത്താന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന കേരള പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് സമയമെടുത്തേക്കും.

പ്രേംകുമാറിന്റേത് ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന കാര്യത്തിലും വ്യക്തതയില്ല ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് പ്രേംകുമാറിന്റെ ഭാര്യ കൈതവളപ്പില്‍ രേഖ (43), ഭാര്യാമാതാവ് മണി (74 ) എന്നിവരെ പടിയൂരിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഉദയംപേരൂര്‍ സ്വദേശിനിയായ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രേഖയുമായി അടുപ്പത്തിലാകുന്നത്.

Tags:    

Similar News