ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞു നിർത്തി; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, കാർ അടിച്ചു തകർത്തു; വണ്ടൂരുകാരൻ വ്യവസായിയെ തട്ടിക്കൊണ്ട് പോയത് മുഖംമൂടി ധരിച്ചെത്തിയവർ; ക്വട്ടേഷൻ സംഘത്തിൽ നിന്നും 73കാരൻ രക്ഷപ്പെട്ടത് ഇങ്ങനെ
പട്ടാമ്പി: തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ 74 വയസ്സുകാരനായ വ്യവസായി സി.പി. മുഹമ്മദലി പരിക്കുകളോടെ രക്ഷപ്പെട്ടു. ഒറ്റപ്പാലം പത്തംകുളത്തെ രഹസ്യസങ്കേതത്തിൽ വെച്ച് ക്വട്ടേഷൻ സംഘം മദ്യപിച്ച് അവശരായ സമയം മുതലെടുത്താണ് വണ്ടൂർ സ്വദേശിയായ മുഹമ്മദലി അതിസാഹസികമായി രക്ഷപ്പെട്ടത്. നിലവിൽ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ കൂറ്റനാട്-ചെറുതുരുത്തി പാതയിലെ ദുബായ് റോഡ് ഭാഗത്ത് വെച്ച് മുഹമ്മദലി സഞ്ചരിച്ച കാർ മുഖംമൂടിയണിഞ്ഞ അക്രമികൾ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന്, കാർ തകർത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടുപാത മുതൽ അക്രമികൾ കാറിനെ പിന്തുടർന്നിരുന്നതായി വിവരമുണ്ട്. 17 കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് പ്രാഥമികമായി അനുമാനിക്കുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്ന് മുഹമ്മദലിയുടെ ബന്ധുക്കൾ വ്യക്തമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. ക്വട്ടേഷൻ സംഘം മുഹമ്മദലിയെ ഒറ്റപ്പാലം പത്തംകുളം ഭാഗത്തെ രഹസ്യസങ്കേതത്തിൽ എത്തിച്ച ശേഷം മദ്യപിച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് മുഹമ്മദലി രക്ഷപ്പെടുകയും, പരിക്കുകളോടെ അദ്ദേഹത്തെ കണ്ടെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.