സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ വാഹനത്തിന്റെ നമ്പർ നിർണായകമായി; നടക്കാവിൽ നിന്നും തട്ടികൊണ്ട് പോയ പടിഞ്ഞാറത്തറക്കാരൻ റമീസിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ്; കക്കാടംപൊയിലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നും പിടിയിലായത് എട്ട് പേർ
കോഴിക്കോട്: നടക്കാവ് ജവഹർ നഗറിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ്. കക്കാടംപൊയിലിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ഒരു ഒറ്റപ്പെട്ട വീട്ടിൽ നിന്നാണ് റമീസിനെ പോലീസ് രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റമീസിനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെയും ഇവർക്ക് സഹായം നൽകിയ നാല് പേരെയും ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ജവഹർ നഗറിലെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. യുവാവിനെ മർദിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോയെന്ന വിവരത്തെത്തുടർന്ന്, സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ വാഹനത്തിന്റെ നമ്പർ അടിസ്ഥാനമാക്കിയും റമീസിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവരെ കക്കാടംപൊയിലിൽ നിന്ന് പിടികൂടിയത്.
കാറില്‍ വന്ന ആളെ മറ്റൊരു ഇന്നോവ കാറില്‍ വന്ന നാലംഗ സംഘം കാര്‍ സഹിതം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റമീസിന്റെ സുഹൃത്ത് സിനാൻ ഉൾപ്പെട്ട സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചനയുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.