'ആണായി പിറന്നോനെ ദൈവം പാതി സാത്താനെ' എന്ന ഗാനം പതിവായി കണ്ടത് സാത്താന്‍ സേവയുടെ സൂചനയോ? ഐ ആം സൂപ്പര്‍ സൈക്കോ എന്ന് സ്വയം വിശേഷിപ്പിച്ച കിളിയൂരുകാരനെ കസ്റ്റഡിയില്‍ വാങ്ങും; അതിവേഗ കുറ്റപത്രത്തിലൂടെ ജാമ്യം കിട്ടുന്നത് ഒഴിവാക്കും; ആ അമ്മയും സഹോദരിയും ഭീതിയില്‍ തന്നെ
തിരുവനന്തപുരം: കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിലെ പ്രതി പ്രജിന്‍ യൂട്യൂബില്‍ ഏറ്റവുമധികം കണ്ടത് മാര്‍ക്കോ സിനിമയിലെ 'ആണായി പിറന്നോനെ ദൈവം പാതി സാത്താനെ' എന്ന ഗാനമെന്ന വിവരത്തിനൊപ്പം ഞെട്ടിക്കുന്ന പലതും പുറത്ത്. വീട്ടില്‍ സാമ്പത്തിക വിഷയത്തില്‍ തര്‍ക്കം നടന്നിരുന്നെന്നും പോലീസ് തിരിച്ചറിയുന്നു. മെഡിക്കല്‍ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ജോസിന്റെ കൊലപാതകത്തിനു മുന്‍പ് സിനിമ ചെയ്യുന്നതിനായി പ്രജിന്‍ കോടികള്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വിഷയങ്ങളില്‍ നിരന്തരം തര്‍ക്കം നടന്നുവെങ്കിലും ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അമ്മ സുഷമ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കുടുംബം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വിശദമായ പരിശോധന അന്വേഷണസംഘം തുടരുകയാണ്. പ്രജിന്റെ ഫോണ്‍ പരിശോധന തുടരുകയാണ്. പ്രജിന്റെ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വിവരങ്ങള്‍ കിട്ടാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. മകന് ജാമ്യം കിട്ടരുതെന്ന അമ്മയുടെ ആവശ്യം പോലീസ് ഗൗരവത്തിലെടുക്കും. അമ്മയേയും സഹാദരിയേയും സഹോദരി ഭര്‍ത്താവിനേയും ഒരു അയല്‍വാസിയേയും കൊല്ലാന്‍ പ്രജിന്‍ പദ്ധതിയിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രജിനെ പുറത്തു വിടരുതെന്ന അമ്മയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ പോലീസ് അതിവേഗ കുറ്റപത്രം നല്‍കും. സത്താന്‍ സേവയിലേക്ക് അന്വേഷണം നീളാനുള്ള സാധ്യത കുറവാണ്. കൊലക്കേസ് അന്വേഷണവും കുറ്റപത്രം നല്‍കലിലേയ്ക്കും പോലീസ് നടപടികള്‍ ചുരുങ്ങും.
വെള്ളറട കിളിയൂര്‍ ചരുവിള ബംഗ്ലാവില്‍ ആര്‍.ജോസ്(70) മകന്റെ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ട്. ആഭിചാരവും ദുര്‍മന്ത്രവാദവും ഉള്‍പ്പെടെ സംശയിക്കുന്ന കേസില്‍ ഇപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങളും നിര്‍ണായകമാകുകയാണ്. അടുത്ത ദിവസം തന്നെ പ്രജിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതിന് ശേഷം കുറ്റപത്രവും നല്‍കും. പ്രജിന് അഞ്ച് ഫോണുകളാണുള്ളത്. ഇതില്‍ ഏതാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്താന്‍ സഹോദരി ഉള്‍പ്പെടെ കുടുംബാംഗങ്ങളെ പൊലീസ് വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കൊച്ചിയില്‍ സിനിമാ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രജിന്‍, സിനിമാ നിര്‍മാണത്തിനായി പിതാവിനോടു പണം ചോദിച്ചിരുന്നു. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പണം കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ജോസിനെ പ്രജിന്‍ മര്‍ദിച്ചിരുന്നെന്നും സൂചനയുണ്ട്. ഇന്‍ക്വസ്റ്റ് വേളയില്‍ ജോസിന്റെ ശരീരത്തില്‍ കണ്ട മര്‍ദനമേറ്റ പാടുകള്‍ക്ക് രണ്ടു മാസത്തോളം പഴക്കമുണ്ടായിരുന്നു. കൊച്ചിയില്‍നിന്നു വന്നതിനു ശേഷം പ്രജിന്‍ പള്ളിയില്‍ പോകുന്ന പതിവും ആരാധനയും നിര്‍ത്തി. വിളിച്ചാലും പോകാറില്ല. ബ്ലാക് മാജിക്കിലേക്ക് തിരിഞ്ഞു എന്നാണ് സൂചന. കൊലയ്ക്ക് ദിവസങ്ങള്‍ക്കു മുന്‍പ് പ്രജിന്‍ ശരീരത്തിലെ രോമങ്ങളും തലമുടിയും വടിച്ചിരുന്നു. മുറിയിലെ മേശപ്പുറത്ത് വിചിത്രരൂപത്തിലുള്ള പ്രതിമകളും ആയുധങ്ങളും മറ്റും സൂക്ഷിച്ചിരുന്നു.
പ്രജിന്റെ വിദ്യാഭ്യാസത്തിനായി വലിയ സാമ്പത്തികബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. സ്ഥലം വിറ്റാണ് പ്രജിനെ ചൈനയില്‍ മെഡിക്കല്‍ പഠനത്തിനായി അയച്ചിരുന്നത്. എന്നാല്‍ പഠനത്തിനുശേഷം മടങ്ങിവന്ന പ്രജിന്‍ മാതാപിതാക്കളോട് എപ്പോഴും ദേഷ്യത്തിലായിരുന്നു. പിന്നീടാണ് സിനിമാ പഠിക്കാനായി കൊച്ചിയിലെ സ്ഥാപനത്തില്‍ ചേര്‍ന്നത്. പൊലീസ് ഈ സ്ഥാപനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ ജോസും കുടുംബവും താമസിക്കുന്ന വീടും പറമ്പും പണയത്തിലാണെന്നും സൂചനകളുണ്ട്. പ്രജിന്‍ സിനിമാ നിര്‍മാണത്തിനായി കൂടുതല്‍ പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തത് ഇതു കൊണ്ടാണെന്ന സൂചനകളുണ്ട്. സിനിമാ പഠനം കഴിഞ്ഞു തിരിച്ചെത്തിയ പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായെന്ന് അമ്മ സുഷമാകുമാരി പറയുന്നു. വീടിന്റെ ഒന്നാംനിലയിലെ പ്രജിന്റെ മുറിയിലേക്ക് മാതാപിതാക്കള്‍ പോകാന്‍ ശ്രമിച്ചാല്‍ പ്രജിന്‍ എതിര്‍ക്കുമായിരുന്നു. പൂട്ടിയിരിക്കുന്ന മുറിയില്‍നിന്ന് ഒരു പ്രത്യേക ഈണത്തിലെ ശബ്ദം എപ്പോഴും മുഴങ്ങി. വിവരം പൊലീസില്‍ അറിയിച്ചിരുന്നു. ഒരുവട്ടം പൊലീസെത്തി താക്കീതും നല്‍കി. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രജിന്‍ പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചു. കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
പ്രജിന്‍ ജോസിന്റെ പെരുമാറ്റത്തിലും ജീവിതത്തിലും അടിമുടി നിഗൂഢതയുണ്ടെന്ന് ബന്ധുക്കളും പറയുന്നു. പ്രജിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. പ്രജിനെ ഭയന്നാണ് മാതാപിതാക്കള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും എന്തെങ്കിലും ചോദിച്ചാല്‍ ഇവരെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ജോസിന്റെ ശരീരത്തില്‍ ആകെ 28 തവണ വെട്ടേറ്റെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ മൂന്നുമുറിവുകളാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി വീടുവിട്ടിറങ്ങിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാണ് തിരികെ എത്താറുണ്ടായിരുന്നത്. വീട്ടിലെ മുകള്‍നിലയില്‍നിന്ന് പുറത്തേക്കിറങ്ങാനായി പ്രത്യേക കോണിയും ഇയാള്‍ സൂക്ഷിച്ചിരുന്നു. മാതാപിതാക്കള്‍ എന്തെങ്കിലും ചോദിച്ചാല്‍ അവരുടെ മുഖത്തേക്ക് തുപ്പുന്നതും പ്രജിന്റെ രീതിയായിരുന്നു. വീട്ടില്‍ പ്രാര്‍ഥനാസമയത്ത് പ്രജിന്‍ മുകള്‍നിലയിലെ മുറിയില്‍ ഉച്ചത്തില്‍ പാട്ടുവെയ്ക്കും. സാത്താന്‍സേവയുമായി ബന്ധപ്പെട്ട ചില പാട്ടുകളാണ് മുറിയില്‍ വെയ്ക്കാറുള്ളതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഈ സമയത്ത് ഇയാള്‍ കറുത്തവസ്ത്രം ധരിക്കുന്നതും പതിവായിരുന്നു. ജോസിന്റെ കൊലപാതകത്തിന് ശേഷമാണ് മുറിക്കുള്ളിലെ വിചിത്രമായ പല കുറിപ്പുകളും പുസ്തകങ്ങളും പ്രതിമകളുമെല്ലാം വീട്ടുകാര്‍ കാണുന്നത്.
ജോസ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പും പ്രജിന്‍ വധഭീഷണി മുഴക്കിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകം നടന്നതിന്റെ ഒരാഴ്ച മുമ്പ് ഇവരുടെ ബന്ധുവീട്ടില്‍ കല്യാണമുണ്ടായിരുന്നു. വിവാഹചടങ്ങിനിടെ പ്രജിന്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ചിലര്‍ അയാളെ കളിയാക്കി. ഇതേത്തുടര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും കാറില്‍കയറ്റി പ്രജിന്‍ തിരികെപോന്നു. അമിതവേഗത്തിലാണ് ഇയാള്‍ കാറോടിച്ചിരുന്നത്. സഹോദരി ഇത് ചോദ്യംചെയ്തതോടെ 'അച്ഛനും അമ്മയ്ക്കും ഒപ്പം നിന്നെയും സ്വര്‍ഗത്തിലെത്തിക്കും' എന്നായിരുന്നു ഇയാളുടെ ഭീഷണി.