കര്‍ണാടകയിലെ ബിജെപി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന 'ചാനല്‍'! പോലീസ് റിപ്പോര്‍ട്ടിലെ ആ ഫോണ്‍ നമ്പറിന് പിന്നാലെ പോകാതെ ഇഡി; കേരളാ പോലീസിന്റേത് എല്ലാം കള്ളക്കഥയോ? കൊടകരയിലെ ഇഡി കുറ്റപത്രത്തില്‍ രാജ്യസഭാ എംപി ലഹര്‍ സിങ് സിരോയ അപ്രത്യക്ഷന്‍; ടവര്‍ ലൊക്കേഷന്‍ കഥ വെറുതെയാകുമ്പോള്‍
തൃശൂര്‍: കൊടകരയിലെത്തിയ മൂന്നരക്കോടി രൂപയുടെ കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിച്ച പൊലീസിന്റെ സംശയം എത്തിയത് കര്‍ണാടകയിലെ ഉന്നത ബിജെപി നേതാവും രാജ്യസഭാംഗവുമായ ലഹര്‍ സിങ് സിരോയയില്‍. എന്നാല്‍, ഇത്തരം വിവരങ്ങളിലേക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയില്ല. കര്‍ണാടകയിലെ ബിജെപി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന 'ചാനല്‍' എന്നു വിശേഷണമുള്ള ഇദ്ദേഹത്തിനു ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഇദ്ദേഹം വഴിയാണു പണമെത്തിയതെന്നു പ്രതികളില്‍ ചിലര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോള്‍ ഇതു സംബന്ധിച്ച ചില സൂചനകള്‍ ലഭിക്കുകയും ചെയ്തു. ഇതെല്ലാം വാര്‍ത്തയായി. പിന്നാലെ ആരോപണങ്ങള്‍ ലഹര്‍ സിങ് സിരോയയില്‍ നിഷേധിക്കുകയും ചെയ്തു. ഇതിനെ ശരിവയ്ക്കും വിധമാണ് കുറ്റപത്രം. ബി.ജെ.പിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലഹര്‍ സിങ്.
കുഴല്‍പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇ.ഡി അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലഹര്‍ സിങ്ങിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഉത്തരേന്ത്യയില്‍ വേരുകളുള്ള ലഹര്‍സിങ് നിയമസഭാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം 2022ല്‍ ആണു രാജ്യസഭാംഗമായത്. കൊടകര കുഴല്‍പ്പണക്കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ലഹര്‍ സിങ് നേരത്തെ പ്രതികരിച്ചിരുന്നു ഏഴു വര്‍ഷത്തോളമായി താന്‍ കേരളത്തില്‍ വന്നിട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച റിപ്പോര്‍ട്ടില്‍ കര്‍ണാടകയിലെ ബി.ജെ.പി. നേതാവായ ലഹര്‍ സിങ്ങിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടായിരുന്നു. ലഹര്‍ സിങ് വഴിയാണ് കുഴല്‍പ്പണം എത്തിയത് എന്നാണ് ലഭിക്കുന്ന സൂചനയെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരള പോലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ലഹര്‍ സിങ് പറഞ്ഞു. സംസ്ഥാന നേതാക്കളുമായി തനിക്ക് മുന്‍പരിചയം ഇല്ല. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നേരിട്ട് അറിയില്ല. വി. മുരളീധരനെ മാത്രമാണ് അറിയുന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ ബന്ധമാണ്. അതിന് അപ്പുറത്തേക്ക് സംസ്ഥാന നേതാക്കളെ തനിക്ക് അറിയില്ല. ഇത്തരമൊരു ഇടപാടിന്റെ ഭാഗമായിട്ടില്ല. തന്റെ അനുവാദം കൂടാതെ വാര്‍ത്തകളില്‍ പേര് ഉപയോഗിക്കുന്ന പക്ഷം അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
കേരളത്തിലേക്ക് അനധികൃതമായി പണം കടത്തിയതില്‍ കര്‍ണാടകയിലെ അന്നത്തെ സിറ്റിങ് എം.എല്‍.സിയായ ലഹര്‍ സിങ്ങിന് പങ്കുണ്ടെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ലഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്ക് കേരളത്തില്‍ ചെലവഴിക്കാനുള്ളതാണ് പണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തു. 2021ല്‍ തൃശൂര്‍ കൊടകരയില്‍ കാറില്‍ നിന്ന് പണം കവര്‍ന്നതോടെയാണ് കുഴല്‍പ്പണവിവാദം തുടങ്ങുന്നത്. 25 ലക്ഷം കവര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് ആ വാഹനം ഓടിച്ചിരുന്ന ഷംജീര്‍ എന്നയാള്‍ പോലിസിനോട് പറഞ്ഞിരുന്നത്. കോഴിക്കോടുനിന്ന് സുനില്‍ നായിക് എന്ന വ്യക്തി ധര്‍മരാജന്‍ എന്നയാള്‍ക്ക് നല്‍കാന്‍ എറണാകുളത്തേക്ക് കൊടുത്തയച്ച പണം ആണിത് എന്നും പറഞ്ഞിരുന്നു. വാഹനം പോലീസ് പരിശോധിച്ചപ്പോള്‍ കൂടുതല്‍ അറകള്‍ കണ്ടെത്തി. സംഭവം കവര്‍ച്ചാക്കേസ് ആയാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, പണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പിന്നീട് പോലീസിന് വ്യക്തമായി. കവര്‍ച്ച ചെയ്യപ്പെട്ടതില്‍ കൂടുതല്‍ പണം വാഹനത്തില്‍ ഉണ്ടായിരുന്നു എന്നും മനസ്സിലായി.
തുടര്‍ന്ന് പരാതിക്കാരന്‍ കൂടിയായ ധര്‍മരാജനെ ചോദ്യം ചെയ്തപ്പോള്‍ വാഹനത്തില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നു എന്ന് അദ്ദേഹം മൊഴി നല്‍കി. ബിസിനസ് ആവശ്യത്തിനുള്ള പണം എന്നായിരുന്നു ധര്‍മരാജന്റെ മൊഴി. എന്നാല്‍, ഇത് ആദ്യത്തെ കവര്‍ച്ചയല്ലെന്നും മുന്‍പ് ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന പണവും കൊള്ളയടിക്കപ്പെട്ടതായി ധര്‍മരാജന്‍ മൊഴി നല്‍കി. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് കൊണ്ടുവന്നതാണെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയതായും പോലിസ് ഇഡിയെ അറിയിച്ചിരുന്നു. പോലീസിലെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വി കെ രാജു 2021 ആഗസ്റ്റ് എട്ടിനാണ് ഇഡിയുടെ കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്തയച്ചത്. 25 ലക്ഷം കൊള്ളയടിക്കപ്പെട്ടു എന്ന് പരാതിയില്‍ സംസ്ഥാന പോലീസ് ആരംഭിച്ച അന്വേഷണത്തില്‍ കാറില്‍ ഏകദേശം മൂന്നരക്കോടി രൂപയുണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു കോടി രൂപ പോലീസ് വീണ്ടെടുത്തു. രണ്ടുകോടി കണ്ടെത്താനുണ്ടെന്നും ഇഡിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. 2021 മാര്‍ച്ചില്‍ സേലത്തിന് സമീപത്തെ കൊങ്ങനാപുരത്ത് നടന്ന കവര്‍ച്ചയില്‍ 4.04 കോടി രൂപ നഷ്ടമായെന്ന് ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കിയെന്നും ഇഡിക്ക് അയച്ച കത്തിലുണ്ട്.
2021ല്‍ 41 കോടി രൂപയാണ് ധര്‍മരാജന്‍ കേരളത്തിലെത്തിച്ചതെന്ന് റിപോര്‍ട്ട് പറയുന്നു. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പണമെത്തിച്ചത് എന്നാണ് ധര്‍മരാജന്‍ പൊലീസിനോട് പറഞ്ഞത്. പണം പലയിടങ്ങളില്‍നിന്ന് പല വ്യക്തികള്‍ക്ക് കൈമാറിയെന്നും ധര്‍മരാജന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവില്‍നിന്നും കര്‍ണാകയിലെ മറ്റു പല ഭാഗങ്ങളില്‍നിന്നും സേലത്തുനിന്നും പണം കൊണ്ടുവന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് ഒന്ന്, മാര്‍ച്ച് അഞ്ച്, മാര്‍ച്ച് എട്ട്, മാര്‍ച്ച് 12 തീയതികളിലായി പല ഘട്ടത്തിലും പണം കൊണ്ടുവന്നിട്ടുണ്ടെന്നും പൊലീസ് റിപോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതൊന്നും ഇഡി മുഖവിലയ്ക്ക് പോലുമെടുത്തില്ല.