കുഴല്‍പ്പണം കവര്‍ച്ച മാത്രമാണ് ഇതുവരെ അന്വേഷിച്ചത്; പണം കവര്‍ന്നവരെ മാത്രം പ്രതിചേര്‍ത്തു; കള്ളപ്പണം കടത്തിയ ബിജെപി അനുഭാവി ധര്‍മരാജനെ പോലും പ്രതി ചേര്‍ത്തില്ല; ആ കാറിന്റെ രജിസ്‌ട്രേഷന്‍ മാറ്റം അന്വേഷിച്ചാല്‍ എല്ലാവരും കുടുങ്ങും; മുഹമ്മദ് സമ്പ്രി പിച്ചാനറി സത്യം പറയുമോ? സുരേന്ദ്രന് ഇനി എന്തു സംഭവിക്കും ?

Update: 2024-11-30 00:57 GMT

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി അനുമതി നല്‍കുമ്പോള്‍ അന്വേഷണം ഏത് രീതിയില്‍ മുമ്പോട്ടു പോകുമെന്ന ആകാംഷ ശക്തം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. വി.കെ. രാജു പബ്ലിക് പ്രോസിക്യൂട്ടര്‍ എം.കെ. ഉണ്ണികൃഷ്ണന്‍വഴി നല്‍കിയ തുടരന്വേഷണ ഹര്‍ജി ജഡ്ജി എന്‍.വി. വിനോദ് അംഗീകരിച്ചു. രണ്ടുഘട്ടമായി കുറ്റപത്രം നല്‍കിയ കേസില്‍ തുടരന്വേഷണം നടത്തി പുതിയ കുറ്റപത്രം നല്‍കും. കേസന്വേഷിച്ച പ്രത്യേക അന്വേഷണസംഘമാണ് വീണ്ടും അന്വേഷിക്കുക. കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും തുറന്നതിനാല്‍ ഇനി 90 ദിവസത്തിനകം അന്തിമകുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണം. അതിവേഗ നടപടികള്‍ ഇതിന് അനിവാര്യമായി വരും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കം പ്രതിക്കൂട്ടില്‍ ഉള്ള കേസാണ് ഇത്. ബി.ജെ.പി.യുടെ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് ഒക്ടോബര്‍ 31-ന് നടത്തിയ വെളിപ്പെടുത്തലോടെയാണ് കുഴല്‍പ്പണക്കേസ് വീണ്ടും ചര്‍ച്ചയായത്. തിരൂര്‍ സതീഷില്‍നിന്ന് അന്വേഷണസംഘം ശനിയാഴ്ച മൊഴിയെടുക്കും. മുമ്പ് അന്വേഷണത്തില്‍ വിട്ടു പോയ പലതുമുണ്ട്. ഇതിലേക്ക് അന്വേഷണമെത്തിയാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങും.

2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ നാലു നാല്‍പതിന് കൊടകര മേല്‍പ്പാലത്തിന് 500 മീറ്റര്‍ തെക്ക് മാറി ദേശീയ പാത 544 വച്ചായിരുന്നു ആക്രമണം. രണ്ട് സ്വിഫ്റ്റ് കാറില്‍ അടക്കം മൂന്ന് കാറിലായി വന്ന് ആവലാതിക്കാരനും സുഹൃത്തും സഞ്ചരിച്ചിരുന്ന കെഎല്‍ 56 ജി 6789-ാം നമ്പര്‍ എര്‍ട്ടിഗാ കാറിന് മുമ്പിലും ഇടതു വശത്തും ഇടിച്ച് ബ്ലോക്ക് ചെയ്ത് ആവലാതിക്കാരനേയും സുഹൃത്തിനേയും കാറില്‍ വച്ചും പുറത്തു വലിച്ചിറക്കിയും ദേഹോപദ്രവും ഏല്‍പ്പിച്ചു. അതിന് ശേഷം കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപയും കാറും മോശം വിചാരത്തോടെ കൂട്ടായ്മ കവര്‍ച്ച ചെയ്തു- കൊടകരയിലെ കള്ളപ്പണ കവര്‍ച്ചയിലെ പോലീസ് ഇട്ട ആദ്യ എഫ് ഐ ആര്‍ ഇങ്ങനെയായിരുന്നു. 2021 ഏപ്രില്‍ മൂന്നിനായിരുന്നു ഈ സംഭവം. ഈ അപകടമാണ് പിന്നീട് കൊടകരക്കേസെന്ന നിലയില്‍ കുപ്രസിദ്ധമായത്. ഇതിലാണ് പുതിയ വെളിപ്പെടുത്തല്‍ ഇപ്പോഴുണ്ടാകുന്നത്. കൊടകര കേസിലെ പല ദുരൂഹതകളും പോലീസ് അന്വേഷിച്ചിരുന്നില്ല. അപകടത്തില്‍ പെട്ട കാറിന്റെ വില്‍പ്പനയിലേക്ക് അടക്കം അന്വേഷണം നീണ്ടിരുന്നുവെങ്കില്‍ വസ്തുതകള്‍ പൂര്‍ണ്ണമായും പുറത്തു വരുമായിരുന്നു.

ആക്രമണത്തില്‍ ഈ എര്‍ട്ടിഗാ കാറിന് സാരമായ കേടുപാടുകള്‍ നല്‍കിയെന്നാണ് ഉടമ കൊടകര പൊലീസിന് നല്‍കിയ പരാതി. മൂന്നിന് നടന്ന ആക്രമണത്തില്‍ പരാതി നല്‍കിയത് ഏഴിനും. അതിന് ശേഷം കെഎല്‍ 56 ജി 6789-ാം നമ്പര്‍ എര്‍ട്ടിഗാ കാറിന്റെ ഉടമ മാറിയെന്നതാണ് കൗതുകകരമായ വസ്തുത. അക്രണത്തില്‍ തകര്‍ന്ന കാറിന്റെ രജിസ്‌ട്രേഷന്‍ രേഖകളില്‍ മാറ്റം സംഭവിച്ചത് മറുനാടന്‍ നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. അന്ന് തന്നെ ഇത് വിശദ വാര്‍ത്തയുമായി. എന്നാല്‍ ഈ വസ്തുകളൊന്നും ആരും പരിശോധിച്ചില്ല. ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തി പുതിയ വെളിപ്പെടുത്തല്‍ കേസിന്റെ പുനരന്വേഷണ സാധ്യതയാണ് ചര്‍ച്ചയാക്കുന്നത്. ഈ സമയം കാറിന്റെ രേഖാ മാറ്റം പരിശോധിച്ചാല്‍ പോലീസിന് നിര്‍ണ്ണായക തെളിവ് കിട്ടും. അതിലേക്കൊന്നും അന്വേഷണം നീളാത്തത് ഡീലിന്റെ ഭാഗമാണോ എന്ന സംശയം ശക്തമാണ്.

2012ല്‍ വാങ്ങിയ കാറിന്റെ ഓണര്‍ഷിപ്പ് ആക്രമണം നടക്കുമ്പോഴും കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് സമ്പ്രി പിച്ചാനറിയുടേതാണ്. ഏഴിന് പരാതി നല്‍കിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഈ കാര്‍ വിറ്റതായി രേഖയുണ്ടാക്കി. ഇതു പ്രകാരം കൊടകര പൊലീസില്‍ പരാതി നല്‍കിയ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഷംജീര്‍ ഷംസുദ്ദീനാണ് കാര്‍ വാങ്ങിയത്. ഏപ്രില്‍ ഒന്‍പതിന് വിറ്റ രേഖ ഉപയോഗിച്ച് 18ന് കാറിന്റെ രജിസ്‌ട്രേഷന്‍ രേഖകളിലും ഷംജീര്‍ ഷംസൂദ്ദീന്റെ പേര് വരികയും ചെയ്തു. അതായത് അക്രമത്തില്‍ തകര്‍ന്ന ശേഷമാണ് കാര്‍ ഔദ്യോഗികമായി വിറ്റിരിക്കുന്നത്. മുഹമ്മദ് സമ്പ്രി പിച്ചാനറിയുടെ പേര് കേസുകളില്‍ ഒന്നും വരാതിരിക്കാനാണ് തകര്‍ന്ന കാറിന്റെ ആര്‍സി രേഖകളില്‍ മാറ്റം വരുത്തിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. നാല് ദിവസം വൈകിയാണ് കേസ് നല്‍കിയതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണ്. ഷംജീര്‍ ഷംസുദ്ദീനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും കാറിലുണ്ടായിരുന്നു എന്ന് പറയുന്നു. ഇത് കോഴിക്കോടുകാരനായ ധര്‍മ്മരാജന്‍ എന്നും വ്യക്തമാണ്. ധര്‍മ്മരാജന്റെ പേര് കേസ് രേഖകളില്‍ വരാതിരിക്കാനാണ് ഷംജീറിനെ കൊണ്ട് പരാതി നല്‍കിയതെന്ന് വേണം അനുമാനിക്കാന്‍. ആര്‍ സി രേഖകളിലെ മാറ്റത്തിലൂടെ പിച്ചാനറിയും കേസില്‍ നിന്ന് രക്ഷപ്പെട്ടു.. ഇത്തരത്തില്‍ കാര്‍ വില്‍ക്കാനുണ്ടായ സംഭവം പൊലീസ് അന്വേഷിച്ചില്ല. ഈ വിഷയത്തിലേക്ക് അന്വേഷണം നീണ്ടാല്‍ കേസിന്റെ ഗതി തന്നെ മറ്റൊരു വിധത്തിലേക്ക് മാറും. വലിയ ഗൂഢാലോചന കവര്‍ച്ചയിലും പരാതി നല്‍കലിലും ഉണ്ടായെന്നും തെളിയും.

കര്‍ണ്ണാടകത്തില്‍ നിന്നാണ് കള്ളപ്പണം എത്തിയതെന്നും ഇത് കോഴിക്കോട് വച്ച് ഭാഗിച്ച് കിട്ടിയ തുകയുമായി കാര്‍ പത്തനംതിട്ടയിലേക്കാണ് പോയതെന്നുമായിരുന്നു വാര്‍ത്ത. ഇതിനിടെ തൃശൂരില്‍ ഈ രഹസ്യം ലീക്കായി. അതേ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ ഗൂഢാലോചന നടത്തി പണം തട്ടിയെന്ന തരത്തിലായിരുന്നു ആക്ഷേപം. ദേശീയ പാര്‍ട്ടിക്ക് വേണ്ടി എത്തിയതാണ് പണമെന്ന തരത്തില്‍ മനോരമയാണ് ഈ വാര്‍ത്ത 2021ല്‍ നല്‍കിയത്. ദേദശീയ പാര്‍ട്ടി വന്‍തുക കോഴിക്കോട് എത്തിച്ച ശേഷം വിവിധ ജില്ലകളിലേക്കു കൈമാറുന്നതിനിടയിലാണ് കൊടകരയില്‍ അപകട നാടകം നടത്തി കവര്‍ന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. ധര്‍മ്മരാജന്‍ എന്ന വ്യക്തിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയതെന്നും മനോരമ വാര്‍ത്ത നല്‍കി. ഇതോടെയാണ് വിവാദം ആളിക്കത്തിച്ചത്. ഭൂമി ഇടപാടിനു കൊണ്ടുപോയ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയാണു കൊടകര പൊലീസില്‍ ലഭിച്ചത്. എന്നാല്‍ പരാതിയില്‍ പറയുന്നതിനേക്കാള്‍ പണം കാറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതിലേക്ക് അന്വേഷണം നീളാതെ മോഷണത്തില്‍ കുറ്റപത്രം നല്‍കി. ഇതിനാണ് തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലോടെ പുതിയ മാനം നല്‍കുന്നത്. പോലീസ് പിടിച്ചെടുത്ത ഒന്നര കോടിയും തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് ധര്‍മ്മരാജന്‍ കോടതിയെ സമീപിച്ചിരുന്നു. മൂന്നര കോടി കാറിലുണ്ടായിരുന്നുവെന്ന് ഈ ഹര്‍ജിയില്‍ ധര്‍മ്മരാജന്‍ സമ്മതിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇനിയുള്ള അന്വേഷണത്തിന് പലതലങ്ങളുണ്ട്.

കുഴല്‍പ്പണക്കടത്തു സംബന്ധിച്ച് സതീഷ് നല്‍കിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സതീശന്റെ മൊഴിയെടുക്കുന്നത്. ശനിയാഴ്ച രാവിലെ 11-ന് മൊഴിയെടുക്കുന്നതിനായി പോലീസ് ക്ലബ്ബിലെത്താന്‍ അന്വേഷണസംഘം സതീഷിനോട് നിര്‍ദേശിച്ചു. കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി രൂപ ആറു ചാക്കുകളിലാക്കി ബി.ജെ.പി.യുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. കേസന്വേഷണ സമയത്ത് ഇക്കാര്യം മറച്ചുവെച്ച് വ്യാജമൊഴി നല്‍കിയത് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദം കാരണമായിരുന്നെന്നും വെളിപ്പെടുത്തി. കേസില്‍ 14-ാം സാക്ഷിയാണ് തിരൂര്‍ സതീഷ്. ബിജെപി നേതൃത്വത്തിന് എതിരെയാണ് സതീശന്‍ മൊഴി നല്‍കിയിട്ടുള്ളത്.

നേരത്തെ സംഭവത്തില്‍ കുഴല്‍പ്പണം കവര്‍ന്ന കാര്യം മാത്രമാണ് അന്വേഷിച്ചത്. പണം കവര്‍ന്ന സംഘാംഗങ്ങളെ മാത്രമാണ് പ്രതിചേര്‍ത്തത്. പണം കേരളത്തിലേക്ക് കടത്തിയ ബി.ജെ.പി. അനുഭാവിയും വ്യാപാരിയുമായ ധര്‍മരാജനെപ്പോലും പ്രതിചേര്‍ത്തില്ല. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായ കെ. സുേരന്ദ്രന്‍, തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ സെക്രട്ടറി ഗോപാലകൃഷ്ണന്‍ കര്‍ത്ത തുടങ്ങി 150-ലേറെ സാക്ഷികളുണ്ട്. ഇതില്‍ കെ സുരേന്ദ്രനിലേക്കും അന്വേഷണം നീളും. സുരേന്ദ്രന്‍ കേസില്‍ പ്രതിയാകുമോ എന്നതാണ് നിര്‍ണ്ണായകം. ധര്‍മ്മരാജന്റെ ഇനിയുള്ള മൊഴി ഇതില്‍ വഴിത്തിരിവായി മാറാന്‍ സാധ്യത ഏറെയാണ്.

Tags:    

Similar News