തുഷാര്‍ വെള്ളാപ്പള്ളിയുടെ 'ട്രാവന്‍കൂര്‍ പാലസ്' വക സ്ഥലം വാങ്ങാന്‍ കൊണ്ടു വന്ന പണം; രണ്ട് ഏജന്‍സികളുടെ കണ്ടെത്തല്‍ രണ്ടു വിധത്തിലാകുന്നത് രണ്ടു കേസുകളേയും ദുര്‍ബ്ബലമാക്കും; 'മോഷണം' അന്വേഷിക്കാന്‍ ഇഡിക്ക് ആകുമോ? വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതല്‍ കെ.സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്ന പോലീസ് മൊഴി ഭീഷണിയുടെ പരിണിത ഫലമോ? കൊടകരയില്‍ അട്ടിമറിയോ?
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് എങ്ങനെ കുറ്റപത്രം നല്‍കിയെന്നത് ആശ്ചര്യകരം. കൊടകരയില്‍ കുഴല്‍പ്പണമില്ലെന്നാണ് ഇഡി കണ്ടെത്തല്‍. അതൊരു വെറും മോഷണ കേസാണെന്നും പറയുന്നു. എന്നിട്ടും പണം മോഷ്ടിച്ചവര്‍ക്കെതിരെ കുറ്റപത്രം നല്‍കി. ഇതാണ് ഇഡി നടപടിയെ സംശയ നിഴലിലാക്കുന്നത്. പോലീസ് കണ്ടെത്തലിന് വിരുദ്ധമാണ് വിശദീകരണമെല്ലാം. കൊടകരയില്‍ പോലീസ് മോഷണക്കേസ് അന്വേഷിച്ചു. അതിന് ശേഷം കിട്ടിയ വിവരങ്ങള്‍ ഇഡിയ്ക്ക് കൈമാറി. കുഴല്‍പ്പണവും പണം വെളുപ്പിക്കലും എല്ലാം ഉള്ളതു കൊണ്ടായിരുന്നു ഇത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്ന് പറഞ്ഞാണ് ഇഡി കുറ്റപത്രം നല്‍കുന്നത്. 2 കുറ്റപത്രങ്ങളിലെയും പല കണ്ടെത്തലുകളും പരസ്പര വിരുദ്ധമാകുന്നത് 2 ഏജന്‍സികളുടെയും പ്രോസിക്യൂഷന്‍ കേസുകളെ ദുര്‍ബലമാക്കും. പൊലീസിന്റെ അന്വേഷണ സംഘവുമായി ഇ.ഡി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല.
കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയെത്തിച്ചതു കോഴിക്കോട് സ്വദേശി ധര്‍മരാജനാണെന്നു പൊലീസും ഇ.ഡിയും കണ്ടെത്തിയെങ്കിലും പ്രതിപ്പട്ടികയില്‍ ഇയാളില്ല. പണം കവര്‍ച്ച ചെയ്യപ്പെട്ട സംഭവം മാത്രമാണു പൊലീസ് അന്വേഷിച്ചത്. മോഷണത്തില്‍ പങ്കില്ലാത്തതു കൊണ്ടാണു പോലീസിന്റെപ്രതിപ്പട്ടികയില്‍ ധര്‍മ്മരാജന്‍ ഉള്‍പ്പെടുത്താതിരുന്നത്. ഇഡി അന്വേഷിക്കുന്നത് ഹവാലപ്പണവുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ ഇതു സംബന്ധിച്ച അന്വേഷണത്തില്‍ ധര്‍മരാജന്‍ പ്രതിയാകുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, കുഴല്‍പണമല്ലെന്ന് ഇ.ഡി നിഗമനത്തിലെത്തിയതോടെ ധര്‍മരാജനെതിരെ കേസെടുക്കാന്‍ സാധ്യതയില്ലാതായി. ഇതോടെ മോഷ്ടാക്കളെ പ്രതികളാക്കി ഇഡി കേസെടുത്തു. അങ്ങനെ മോഷണ കേസ് എടുക്കേണ്ട ഏജന്‍സി അല്ല ഇഡി എന്നാണ് വിലയിരുത്തല്‍. കൊടകരയില്‍ കേസേ ഇല്ലെന്ന് പറഞ്ഞാലുണ്ടാകുന്ന രാഷ്ട്രീയ വിവാദം കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് വിലയിരുത്തല്‍.
കേരള പൊലീസിന്റെ നിഗമനങ്ങളും കുറ്റപത്രവും തള്ളി കൊടകര കുഴല്‍പണക്കവര്‍ച്ച കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപിക്കായി കൊണ്ടുവന്ന പണം എന്ന പൊലീസിന്റെ കണ്ടെത്തല്‍ തള്ളി, രാഷ്ട്രീയ ബന്ധത്തിലേക്കു കടക്കാതെ ബിജെപിയുടെ പേരില്ലാതെയുള്ളതാണ് ഇ.ഡി കുറ്റപത്രം. കുറ്റപത്രത്തിനൊപ്പം 23 പ്രതികളുടെ പട്ടികയും കലൂരിലെ പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം) പ്രത്യേക കോടതിയില്‍ ഇ.ഡി സമര്‍പ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതൃത്വത്തിന്റെ അറിവോടെ കര്‍ണാടകയില്‍നിന്ന് ഹവാല ഇടപാടുകാര്‍ വഴി കൊണ്ടുവന്ന പണത്തില്‍ 3.5 കോടി രൂപ കൊടകരയില്‍ വച്ച് വ്യാജ വാഹനാപകടം സൃഷ്ടിച്ച് കവര്‍ന്നതായാണ് പൊലീസ് കേസ്. കോഴിക്കോട് സ്വദേശി ധര്‍മരാജന്റെ നേതൃത്വത്തില്‍ പണം കൊണ്ടുവന്നതായാണ് പറയുന്നത്. എന്നാല്‍ ട്രാവന്‍കൂര്‍ പാലസ് ഹോട്ടല്‍ വക ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാന്‍ ധര്‍മരാജന്‍ ഡ്രൈവര്‍ ഷാംജീര്‍ വശം കാറില്‍ കൊടുത്തുവിട്ട 3.56 കോടിരൂപ പ്രതികള്‍ കൊള്ളയടിച്ചെന്നാണ് ഇ.ഡി കുറ്റപത്രം. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജന്‍ ഹാജരാക്കിയെന്നും കൊള്ള മുതലില്‍ പൊലീസ് വീണ്ടെടുത്ത 1.88 കോടി രൂപയ്ക്കു പുറമേ പ്രതികളുടെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുവകകളും ഇ.ഡി കണ്ടുകെട്ടിയതായും കുറ്റപത്രം പറയുന്നു.
ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് 'ട്രാവന്‍കൂര്‍ പാലസ്'. ധര്‍മരാജനുമായി എന്തെങ്കിലും ബിസിനസ് ചര്‍ച്ചകള്‍ നടത്തിയതായി തുഷാര്‍ വെള്ളാപ്പള്ളി സ്ഥിരീകരിച്ചുവെന്ന് ഇ.ഡി വിശദീകരിച്ചിട്ടുമില്ല.
പരാതിക്കാരനായ ധര്‍മരാജന്‍ പൊലീസിനു നല്‍കിയ മൊഴി ഇങ്ങനെയായിരുന്നു:
'വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതല്‍ കെ.സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. അമിത് ഷാ തിരുവനന്തപുരത്തു പ്രചാരണത്തിനു വന്നപ്പോള്‍ പോയിരുന്നു. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പുപരിപാടിയുമായി ബന്ധപ്പെട്ട് 3 തവണ കോന്നിയിലും പോയി. 3 തവണയായി 12 കോടി രൂപ കൊണ്ടുവന്നു. കൊടകരയില്‍ പണം നഷ്ടപ്പെട്ടതിനു പിന്നാലെ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചു. പണം നഷ്ടമായ വിവരമറിയിക്കാന്‍ വിളിച്ചപ്പോള്‍ ആദ്യം ഫോണ്‍ എടുത്തില്ല. പിന്നീടു തിരിച്ചുവിളിച്ചു. തൃശൂരിലെ ബിജെപി ഓഫിസിലേക്ക് 6.5 കോടി രൂപ കൊണ്ടുവന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ഗിരീഷാണു ബെംഗളൂരുവില്‍ കാണേണ്ടയാളുടെ വിവരങ്ങള്‍ തന്നത്. ശ്രീനിവാസനെന്ന ആളില്‍നിന്നാണു പണം സ്വീകരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പു സമയത്തും ബെംഗളൂരുവില്‍നിന്നു 3 തവണയായി 12 കോടി രൂപ എത്തിച്ചു. പാഴ്‌സല്‍ വാഹനത്തിലാണു തൃശൂരിലെ ഓഫിസിലേക്കു പണം കൊണ്ടുവന്നത്. ആ സമയത്ത് ഓഫിസില്‍ അന്നത്തെ ജില്ലാ ട്രഷറര്‍ സുജയ് സേനനും പ്രശാന്തും ഉണ്ടായിരുന്നു. സുജയ് സേനന്‍ പറഞ്ഞതു പ്രകാരം ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ് തൃശൂരിലെ ലോഡ്ജില്‍ മുറി ബുക്ക് ചെയ്തു. തുടര്‍ന്നു 3 ചാക്കുകളില്‍ പണം ബിജെപി ഓഫിസിലേക്ക് എത്തിച്ചു.' ഈ മൊഴികള്‍ വസ്തുതാവിരുദ്ധമാണെന്നും പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നുമാണു ധര്‍മരാജന്‍ ഇപ്പോള്‍ ഇ.ഡി ഉദ്യോഗസ്ഥരോടു പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഇ.ഡി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.