പിക്കപ് വാനില്‍ കൊണ്ടു വന്ന പണം സജയസേനനും ധര്‍മരാജനും ചേര്‍ന്ന് ചുമന്ന് മുകളിലേക്ക് കയറ്റി; 20 ദിവസം മുമ്പ് ധര്‍മ്മരാജനും സുരേന്ദ്രനും അനീഷും ഒരുമിച്ച് ഓഫീസിലെത്തി; പാര്‍ട്ടിയില്‍ നിന്നും തിരൂര്‍ സതീശിനെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയെന്നത് പച്ചക്കള്ളമോ? 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ അക്കൗണ്ടിലിട്ടത് നിര്‍ണ്ണായകം; കൊടകരയില്‍ തെളിവ് ചികഞ്ഞ് പോലീസ്

Update: 2024-11-02 02:01 GMT

തൃശൂര്‍: ബിജെപി ഓഫീസില്‍ എത്തിച്ച കുഴല്‍പ്പണം കൊണ്ടുവന്നത് പിക്കപ് വാനിലെന്ന് ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശ്. ഇത് വിവിധ മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്തതായും സതീശ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജില്ലാ ട്രഷറര്‍ സുജയസേനനും ധര്‍മരാജനും കൂടെയുള്ളവരും ചേര്‍ന്നാണ് പണചാക്കുകള്‍ ചുമന്ന് മുകളിലേക്ക് കയറ്റിയതെന്നാണ് വെളിപ്പെടുത്തല്‍. ബിജെപിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് സതീശനെ പുറത്താക്കിയിരുന്നതാണ് എന്നാണ് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ അവകാശപ്പെട്ടത്. കുഴല്‍പ്പണക്കേസില്‍ അയാള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. നേരില്‍ കണ്ട കാര്യങ്ങള്‍ ശക്തമായ തെളിവായും മാറുമെന്നാണ് പോലീസ് വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാള്‍ മുന്‍പ്, 2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40ന് ആണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. കര്‍ണാടകയില്‍ നിന്നു കടത്തിയ പണം ആലപ്പുഴ ബിജെപി ജില്ലാ ട്രഷറര്‍ക്കു നല്‍കാന്‍ കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ കാണിച്ചിരുന്നു. 23 പേരെ അറസ്റ്റ് ചെയ്തു. ഈ കേസിലാണ് തിരൂര്‍ സതീശിന്റെ പുതിയ മൊഴി. ഇത് ബിജെപി നേതൃത്വത്തിന് തീര്‍ത്തും വെല്ലുവളിയായി മാറും.

പിക്കപ്പ് വാനില്‍ കൊണ്ടു വന്ന പണം പിന്നീട് മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്തുവെന്ന് സതീശ് പറയുന്നു. ഈ പണം കെട്ടുകളിലാക്കി മേശപ്പുറത്ത് വയ്ക്കുന്നത് കണ്ടു. താന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല. ഇപ്പോഴും ബിജെപി അംഗത്വമുണ്ട്. തന്നെ ആരും പുറത്താക്കിയിട്ടില്ല. 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ ബിജെപി അക്കൗണ്ടിലേക്ക് അയച്ചതിന് രേഖകളുണ്ട്. ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറാണ് പൊലീസിനെ നല്‍കേണ്ട മൊഴി പഠിപ്പിച്ചു തന്നതെന്നും സതീശന്‍ പറയുന്നു. ഇങ്ങനെ കൊണ്ടു വന്ന പണമാണ് പിന്നീട് കാറില്‍ കൊണ്ടു പോയത്. ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ പണം കവര്‍ച്ച ചെയ്തതും കേസായി മാറിയതും.

കൊടകര കുഴല്‍പ്പണക്കേസുമായി ബിജെപിയെ ബന്ധപ്പെടുത്താനുതകുന്ന തെളിവുകള്‍ ഒന്നുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെടുമ്പോഴും തൃശ്ശൂരിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ചാക്കുകെട്ടുകളില്‍ എത്തിച്ചത് പണം തന്നെയെന്ന് സതീശന്‍ പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ടവരുടെ സാന്നിധ്യം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ സതീശന് കൈമാറാനാകുമെന്നാണ് പോലീസ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അന്വേഷണം മുമ്പോട്ട് പോകുന്നത്. ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് എന്നാണ് പറഞ്ഞു നില്‍ക്കാന്‍ വേണ്ടി അവതരിപ്പിച്ച വാദമെന്ന് പോലീസ് പറയുന്നു.

സംഭവ സമയത്ത് താന്‍ ഉണ്ടായിരുന്നു എന്ന് സതീശ് വ്യക്തമാക്കി. അക്കാലത്ത് ബിജെപിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ബാങ്കില്‍ പണം നിക്ഷേപിച്ചതിന്റെ റസീപ്റ്റ് ഉള്‍പ്പെടെ സതീശ് തെളിവായി നിരത്തിയിട്ടുണ്ടെന്നാണ് സൂചന. താന്‍ ഒന്നരവര്‍ഷം മുമ്പും ജില്ലാ ഓഫീസില്‍ ഉണ്ടായിരുന്നു എന്നകാര്യം കൃത്യമായി പോലീസിനെ സതീശന് ബോധ്യപ്പെടുത്താനായി. സംഭവങ്ങള്‍ നടക്കുന്ന സമയത്ത് തൃശ്ശൂര്‍ ബിജെപി ജില്ലാ ഓഫീസിന്റെ ചുമതലയിലായിരുന്നു തിരൂര്‍ സതീശ്. അന്ന് നേരില്‍ കണ്ട കാര്യങ്ങളാണ് പറയുന്നതെന്നും പോലീസ് നിഗമനത്തില്‍ എത്തിയിട്ടുണ്ട്.

പണം നല്‍കുന്നതിന് 20 ദിവസം മുമ്പ് ധര്‍മ്മരാജന്‍ പഴയ നടക്കാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാറും ഈ സമയം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നു എന്നും സതീശ് കൃത്യമായി പറയുന്നു. പരസ്പരം അറിഞ്ഞ് നടത്തിയ ഇടപാടാണ്. മെറ്റീരിയല്‍ കൊണ്ടു വരുന്ന വ്യക്തി എന്ന് പറഞ്ഞാണ് ധര്‍മ്മരാജനെ അന്ന് പരിചയപ്പെടുത്തിയിരുന്നതെന്നും സതീശന്‍ മൊഴി നല്‍കുന്നു. സാമ്പത്തിക ക്രമക്കേടിനു തന്നെ പിരിച്ചു വിട്ടുവെന്ന ബിജെപി നേതാക്കളുടെ വാദം നിലനില്‍ക്കില്ല. പിരിച്ചുവിട്ടു എന്നു പറയുന്ന തീയതിക്കു ശേഷവും ബിജെപി ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിക്കാന്‍ തന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന സതീശന്റെ വാദം നിര്‍ണ്ണായകമാണ്.

Tags:    

Similar News