ഒരാളുടെ ജീവനെടുത്ത് ചീറിപ്പാഞ്ഞ ആ കാറില്‍ മൂന്നാമനും? മുഖ്യപ്രതി അജ്മലിനെതിരേ ചന്ദനക്കടത്ത് അടക്കം അഞ്ച് കേസുകള്‍; യുവതിയുടെ സ്വര്‍ണവും കൈവശപ്പെടുത്തി? കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് റൂറല്‍ എസ്. പി
കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് എസ്. പി
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തില്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരെയും പോലീസ് ചോദ്യംചെയ്യുന്നു. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍, ഒപ്പമുണ്ടായിരുന്ന ഡോ. മായ ശ്രീക്കുട്ടി എന്നിവരെയാണ് കൊല്ലം റൂറല്‍ എസ്.പി. പി.കെ.എം. സാബുവിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നത്.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും അറസ്റ്റിന്റെ വിശദാംശങ്ങളടക്കം വൈകാതെ അറിയിക്കാമെന്നും റൂറല്‍ എസ്.പി. മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലുള്ള അജ്മല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് റൂറല്‍ എസ്.പി. സ്ഥിരീകരിച്ചു. ചന്ദനക്കടത്ത്, വഞ്ചനാക്കേസ് ഉള്‍പ്പെടെയുള്ളവയില്‍ ഇയാള്‍ പ്രതിയാണെന്നും എസ്.പി. പറഞ്ഞു. ഇതോടെ കേസില്‍ വിശദമായി തന്നെ അന്വേഷണം നടക്കും.
അതിനിടെ, അജ്മല്‍ ഓടിച്ചിരുന്ന കാറില്‍ മൂന്നാമതൊരാള്‍കൂടി ഉണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, അപകടം സംഭവിക്കുന്നതിന്റെ രണ്ട് കിലോമീറ്റര്‍ മുന്‍പുവെച്ച് ഇയാള്‍ കാറില്‍നിന്ന് ഇറങ്ങിയെന്നാണ് അജ്മലിന്റെ മൊഴി. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.
കഴിഞ്ഞദിവസം അജ്മലും വനിതാ ഡോക്ടറും മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഓണസദ്യ കഴിക്കാന്‍ പോയതായിരുന്നു. ഇവിടെനിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്. താനും ഡോക്ടറും മദ്യപിച്ചിരുന്നതായി അജ്മല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വൈദ്യപരിശോധനയിലും ഇക്കാര്യം കണ്ടെത്തിയെന്നാണ് സൂചന. അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണ്. ചന്ദനക്കടത്ത്, വഞ്ചന, തട്ടിപ്പുകേസുകളിലും മയക്കുമരുന്ന് കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. തന്റെ സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തിയെന്നു് യുവതി മൊഴി നല്‍കിയെന്നും വിവരമുണ്ട്.
അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി ജോലിയില്‍നിന്നു പുറത്താക്കിയിട്ടുണട്്. ശ്രീക്കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കും. പ്രേരണാക്കുറ്റമാണ് ചുമത്തുക. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു വീഴ്ത്തിയിട്ടും കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണ്. അപകടത്തിന്റെ വ്യാപ്തി മനസ്സിലായിട്ടും പ്രാഥമിക ശുശ്രൂഷ പോലും നല്‍കിയില്ലെന്നതും ശ്രീക്കുട്ടിക്കെതിരെ കേസെടുക്കാന്‍ കാരണമാണ്. മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമായ ബിഎന്‍എസ് 105 വകുപ്പ് ചുമത്തിയാണ് അജ്മലിനെ കസ്റ്റഡിയിലെടുത്തത്.
മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വളവു തിരിഞ്ഞു വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട്, റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. മുന്നോട്ടു പോയ കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിയില്‍ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മലും ശ്രീക്കുട്ടിയും പുറത്തിറങ്ങിയോടി. അജ്മല്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്തുനിന്നാണ് പിടികൂടിയത്.