വണ്ടിയെടുക്കൂ എന്ന് വനിതാ ഡോക്ടര്‍ ആക്രോശിച്ചു; കുഞ്ഞുമോള്‍ വീണ് കിടക്കുമ്പോള്‍ വാഹനം മുന്നോട്ടെടുക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്ന് നാട്ടുകാര്‍; രണ്ട് പേരും മദ്യലഹരിയില്‍; അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കും
കൊല്ലം: മദ്യലഹരിയില്‍ ഒരു അപകടം വരുത്തിവെച്ച്, ആ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കാതെ അവരെ മരണത്തിലേക്ക് തള്ളിവിട്ടു എന്ന കുറ്റകമായ അനാസ്ഥയാണ് അജ്മല്‍ എന്ന യുവാവും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ചെയ്തത്. കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഇരുവരും കുറ്റക്കാരെന്ന് കരുതേണ്ടി വരും. നിയമലംഘനം നടത്തിയത് മറക്കാന്‍ ശ്രമിച്ചാണ് ഇവര്‍ ഒരു ജീവന്‍ നഷ്ടമാക്കിയത്. സംഭവത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ കുറ്റക്കാര്‍ക്കെതിരെ നാട്ടുകാരുടെ രോഷം ഇരമ്പുകയാണ്.
മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായാണ് വൈദ്യ പരിശോധന ഫലം. ടയറിനടിയില്‍ കുഞ്ഞുമോള്‍ വീണ് കിടക്കുന്നതിനിടെയും വാഹനം മുന്നോട്ടെടുക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്നാണ് സാക്ഷി മൊഴി. ഈ സാഹചര്യത്തില്‍ ഒപ്പമുണ്ടായിരുന്ന യുവഡോക്ടറായ യുവതിയെയും പ്രതി ചേര്‍ക്കും.
വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയില്‍ കിടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മല്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ മതിലിടിച്ച് തകര്‍ത്തു. മുന്നോട്ട് മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയില്‍ വെച്ച് പോസ്റ്റില്‍ ഇടിച്ച് വാഹനം നിന്നതോടെ യുവാവും യുവതിയും പുറത്തേക്കിറങ്ങിയോടി. യുവാവ് മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവിടെവെച്ചാണ് നാട്ടുകാര്‍ യുവതിയെ പിടികൂടിയത്.
വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അജ്മലിനൊപ്പമുണ്ടായിരുന്നത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അപകടം നടന്നതിന് പിന്നാലെ വണ്ടിയിലുണ്ടായ വനിതാ ഡോക്ടറാണ് പെട്ടന്ന് വണ്ടിയെടുക്കൂ എന്ന് പറഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു. ഒരു സുഹൃത്തിന്റെ വീട്ടില്‍ മദ്യപാനം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമികുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നാണ് പ്രതി അജ്മലിന്റെ മൊഴി. അജമലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയില്‍ വച്ചാണ് യുവ ഡോക്ടറെ അജ്മല്‍ പരിചയപ്പെടുന്നതെന്നാണ് വനിതാ ഡോക്ടറുടെ മൊഴി. അപകടം നടന്ന ദിവസം ഇരുവരും കാറില്‍ കറങ്ങി. സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തു. മദ്യപിച്ചു. അതിന് ശേഷമാണ് അപകടമുണ്ടായത്. തന്റെ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറുടെ മൊഴി. കരുനാഗപ്പള്ളിയിലെ വലിയത്ത് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ ഡോക്ടറാണ് ശ്രീക്കുട്ടി.