മകളുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞെത്തിയ ജോര്‍ജ് നന്നായി മിനുങ്ങി; ഭാര്യ മകളുടെ വീട്ടില്‍ തങ്ങിയതും സൗകര്യമായി; മദ്യം തലയ്ക്ക് പിടിച്ചതോടെ എറണാകുളം സൗത്തില്‍ നിന്ന് ലൈംഗിക തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി; വര്‍ഷങ്ങളായി കോന്തുരുത്തിയില്‍ താമസിക്കുന്ന ജോര്‍ജിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് നാട്ടുകാര്‍; പണി നല്‍കിയത് മദ്യം തന്നെ!

ജോര്‍ജിന് പണി കിട്ടിയത് അമിതമദ്യപാനം മൂലം

Update: 2025-11-22 10:31 GMT

കൊച്ചി: കോന്തുരുത്തിയില്‍ ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ജോര്‍ജിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നാണ് സൂചന. എന്നാല്‍, മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പതിവുണ്ടായിരുന്നു. മദ്യം തന്നെയാണ് ജോര്‍ജിനെ കുഴിയില്‍ ചാടിച്ചത്.

ലൈംഗിക തൊഴിലാളിയെ കൂട്ടിയത് വീട്ടില്‍ ആരുമില്ലാത്തപ്പോള്‍

ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന ജോര്‍ജിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ യുകെയിലാണ്, മകള്‍ പാലായിലാണ് താമസിക്കുന്നത്. സംഭവസമയത്ത് ജോര്‍ജ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ മകളെ കല്യാണം കഴിപ്പിച്ചയച്ച വീട്ടില്‍ പോയിരുന്നു.

ഭാര്യയെ മകളുടെ വീട്ടിലാക്കിയത് ജോര്‍ജായിരുന്നു. കഴിഞ്ഞദിവസം മകളുടെ വീട്ടില്‍ പിറന്നാളാഘോഷം കഴിഞ്ഞ് ജോര്‍ജ് മാത്രമാണ് കോന്തുരുത്തിയിലെ വീട്ടിലേക്ക് തിരികെ വന്നത്.

വീട്ടില്‍ ആരുമില്ലാതെ വന്ന അവസരം മുതലാക്കി എറണാകുളം സൗത്തില്‍ നിന്ന് ലൈംഗികത്തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍, ഇതിനുശേഷം സ്ത്രീയുമായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കമ്പിപ്പാര കൊണ്ട് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ജോര്‍ജിന്റെ മൊഴി.

മൃതദേഹം കണ്ടെത്തിയ സംഭവം

ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം ചാക്കിലാക്കി ഓടയില്‍ മറവുചെയ്യാനായിരുന്നു ജോര്‍ജിന്റെ ശ്രമം. ചാക്കുകള്‍ സംഘടിപ്പിച്ച്, മൃതദേഹം കെട്ടി വഴിയിലെത്തിച്ചെങ്കിലും, മദ്യലഹരിയിലായിരുന്ന പ്രതി ഉറങ്ങിപ്പോയി. ഈ സമയത്താണ് ഹരിത കര്‍മ്മസേനാംഗങ്ങളും നാട്ടുകാരും ജോര്‍ജിന്റെ വീടിന് മുന്നിലെ വഴിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ അര്‍ധനഗ്‌നമായ മൃതദേഹം കാണുന്നത്.

പുലര്‍ച്ചെ വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞ് ജോര്‍ജ് അയല്‍വാസികളോട് ചാക്ക് അന്വേഷിച്ചുനടന്നിരുന്നു. എന്നാല്‍, ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ മിക്കവരും ഗൗനിച്ചില്ല. പിന്നീട് സമീപത്തെ ഒരു കടയില്‍നിന്നാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ ചാക്കില്‍ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിലുള്ള ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു.

ഹരിത കര്‍മസേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആരാണ് കൊല്ലപ്പെട്ട സ്ത്രീ?

മരിച്ച സ്ത്രീയെ നാട്ടുകാര്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. മൃതദേഹത്തില്‍ പരിക്കുണ്ടായിരുന്നതായും അര്‍ധനഗ്‌നയായ നിലയിലാണ് മൃതദേഹം കണ്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. ചാക്കില്‍ക്കെട്ടിയ മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയില്‍ ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

പ്രതിയുടെ മൊഴിയും പശ്ചാത്തലവും

ആദ്യം മൃതദേഹം കണ്ട താന്‍ ഭയന്നുപോയെന്നും കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ജോര്‍ജിന്റെ മൊഴി. എന്നാല്‍, പോലീസ് കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെ ജോര്‍ജ് കുറ്റം സമ്മതിച്ചു. ജോര്‍ജിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലായിരുന്നുവെന്ന് കൗണ്‍സിലര്‍ ബെന്‍സി ബെന്നി മാധ്യമങ്ങളോട് പറഞ്ഞു. ജോര്‍ജും കുടുംബവും വര്‍ഷങ്ങളായി കോന്തുരുത്തിയില്‍ താമസക്കാരാണ്.

അര്‍ദ്ധനഗ്നയായ സ്ത്രീയുടെ മൃതദേഹമാണ് സ്ഥലത്തെത്തിയ കൗണ്‍സിലര്‍ അടക്കമുള്ളവര്‍ കണ്ടത്. തല ചാക്ക് കൊണ്ട് മൂടിയിരുന്നു. വയറിന്റെ ഭാഗം വരെ മറച്ചിരുന്നു. അരക്ക് താഴേക്ക് നഗ്‌നമായിരുന്നു. അതിനടുത്ത് തന്നെയാണ് ജോര്‍ജ് ഇരുന്നത്. മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്ന ജോര്‍ജ് തന്നെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ പറ്റുമോ എന്ന് ചുറ്റും കൂടിയവരോട് ചോദിച്ചു. നാട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. വീട് മെയിന്‍ റോഡിനോട് ചേര്‍ന്നായത് കൊണ്ട് റോഡിലൂടെ പോകുന്നവര്‍ക്ക് ഈ മൃതദേഹം കാണാന്‍ പറ്റുമായിരുന്നു. മൃതദേഹം റോഡിലെ ഓടയില്‍ ഉപേക്ഷിക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതി. എന്നാല്‍, അമിതമായി മദ്യപിച്ചിരുന്നത് കൊണ്ട് പ്ലാന്‍ നടപ്പാക്കും മുമ്പേ ജോര്‍ജ് ഉറങ്ങിപ്പോയി.

Tags:    

Similar News