ഇരയായത് സിപിഎം അനുഭാവിയും പ്രതി സിപിഎംകാരനായ നഗരസഭാ കൗണ്‍സിലറും; കൂത്തുപറമ്പ് നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വെട്ടിലാക്കി സ്വര്‍ണമാല മോഷണക്കേസ്; പ്രതി രാജേഷ് വീട്ടില്‍ കടന്നുകയറിയത് കാഴ്ചത്തകരാറുള്ള ജാനകി തിരിച്ചറിയില്ലെന്ന വിശ്വാസത്തില്‍; മോഷണം കൃത്യമായ ആസൂത്രണത്തോടെ
കൂത്തുപറമ്പ് നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വെട്ടിലാക്കി സ്വര്‍ണമാല മോഷണക്കേസ്
കൂത്തുപറമ്പ്: നഗരസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പാര്‍ട്ടി അനുഭാവികളായ കുടുംബത്തിലെ വയോധികയുടെ ഒരു പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ സിപിഎം കൗണ്‍സിലര്‍ അറസ്റ്റിലായത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭ നാലാം വാര്‍ഡ് (നൂഞ്ഞമ്പായി) കൗണ്‍സിലറുമായ പി.പി. രാജേഷാണ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ പി. ജാനകിയുടെ( 77)സ്വര്‍ണ്ണമാല മോഷ്ടിച്ചത്.
തൊട്ടടുത്ത വാര്‍ഡിലെ കൗണ്‍സിലറാണെങ്കിലും, മോഷണം നടന്ന വീട്ടിലെ താമസക്കാര്‍ക്ക് രാജേഷ് സുപരിചിതനായിരുന്നു. പലപ്പോഴും ആ വഴിയേ പോയിരുന്ന രാജേഷ്, വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് കൃത്യമായ ആസൂത്രണത്തോടെ മോഷണം നടത്തിയത്. പകല്‍സമയത്ത് ജാനകി വീട്ടില്‍ തനിച്ചായിരിക്കുമെന്ന് മനസ്സിലാക്കിയ രാജേഷ്, ഉച്ചയോടെ ഹെല്‍മെറ്റ് ധരിച്ച് വീടിന്റെ പിന്നിലൂടെയെത്തി മീന്‍ മുറിക്കുകയായിരുന്ന ജാനകിയുടെ മാല മോഷ്ടിച്ച ശേഷം വീട്ടിനകത്തുകൂടി പുറത്തിറങ്ങി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. കാഴ്ചത്തകരാറുള്ള ജാനകി തന്നെ തിരിച്ചറിയില്ലെന്ന പൂര്‍ണബോധ്യത്തോടെയാണ് പ്രതി ഈ രീതി തിരഞ്ഞെടുത്തത്.
വീട്ടില്‍ പൂര്‍ണ്ണമായി പരിചിതനായ ഒരാളാണ് മോഷണം നടത്തിയതെന്ന് പോലീസ് ഇതിലൂടെ മനസ്സിലാക്കി. മോഷ്ടാവ് ഉപയോഗിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിന് തുണയായത്. നമ്പര്‍ പ്ലേറ്റ് മറയ്ക്കുകയും കറുത്ത പാന്റും ഷര്‍ട്ടും ധരിക്കുകയും ചെയ്തതിലൂടെ പരിചിതര്‍ തിരിച്ചറിയാതിരിക്കാനുള്ള ശ്രമങ്ങള്‍ രാജേഷ് നടത്തിയിരുന്നു
കടം കയറിയപ്പോള്‍ ചെയ്തുപോയതെന്ന് പ്രതി
നാട്ടില്‍ നില്‍ക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് പ്രതി രാജേഷ് മൊഴി നല്‍കിയത്. സഹകരണ ബാങ്കുകളിലും വ്യക്തികള്‍ക്കുമായി ലക്ഷങ്ങള്‍ കൊടുക്കാനുണ്ട്. കൂത്തുപറമ്പ് സഹകരണ ബാങ്ക് രാത്രി വാച്ച്മാന്‍ നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ കൗണ്‍സിലര്‍ എന്ന നിലയില്‍ തുച്ഛമായ വരുമാനം മാത്രമേയുള്ളു. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ മറ്റു നിരവധി ചെലവുകളുമുണ്ട്. പാര്‍ട്ടി പ്രാദേശിക നേതാവെന്ന നിലയില്‍ ഫുള്‍ ടൈം രാഷ്ട്രീയ പ്രവര്‍ത്തനമാണ.് അതുകൊണ്ടു കുറച്ചുകൂടി വരുമാനം കിട്ടുന്ന ജോലിക്ക് പോകാനും കഴിയില്ല.
കടം കയറി ഉറക്കം നഷ്ടപ്പെട്ടപ്പോഴാണ് പലിശയെങ്കിലും അടയ്ക്കാന്‍ പറ്റുമോയെന്നു കരുതി ഗത്യന്തരമില്ലാതെ കവര്‍ച്ചയ്ക്കിറങ്ങിയതെന്നാണ് പി.പി രാജേഷ് പൊലിസ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കുന്നുമ്മല്‍ വീട്ടില്‍ ജാനകിയുടെ കുടുംബത്തെ നന്നായി അറിയാം. തന്നെ നേരില്‍ കണ്ടാല്‍ തിരിച്ചറിയുന്നതുകൊണ്ടാണ് മഴയുള്ള കഴിഞ്ഞ വ്യാഴാഴ്ച റെയിന്‍കോട്ടും ഹെല്‍മെറ്റും കൈയ്യുറയും അണിഞ്ഞ് മോഷണത്തിനെത്തിയത്. ജുപ്പിറ്റര്‍ സ്‌കൂട്ടര്‍ പരിചയക്കാരനില്‍ നിന്നും താല്‍ക്കാലികമായി കടം വാങ്ങിയതാണ്. അതിന്റെ നമ്പര്‍ പ്ളേറ്റു മാറ്റിയിരുന്നു.
കവര്‍ച്ച നടത്തിയതിനു ശേഷം തന്നെ തിരിച്ചറിയുമോയെന്ന് ഭയമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം അവിടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ പോയിരുന്നു. എന്നാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. ഇതോടെ ധൈര്യമായി. എന്നാല്‍ സ്‌കൂട്ടറിന്റെ നീല നിറം നോക്കി വണ്ടി നല്‍കിയ പരിചയക്കാരനെ തേടി പൊലിസ് വന്നതും സ്‌കൂട്ടറെടുത്തു കൊണ്ടു താന്‍ കൂത്തുപറമ്പ് ടൗണില്‍ നിന്നും വരുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലിസിന് ലഭിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു.
കുന്നുമ്മല്‍ ജാനകിക്ക് മാല തിരിച്ചു കൊടുത്ത് കാല്‍ പിടിച്ചു മാപ്പ് പറഞ്ഞാലോയെന്ന് ആലോചിച്ചതാണെന്നും ഈ കാര്യം പാര്‍ട്ടി നേതാക്കളെ അറിയിക്കാന്‍ ഭയന്നിരുന്നുവെന്നുമാണ് രാജേഷിന്റെ മൊഴി. ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചു പോയ തെറ്റിനെ ഓര്‍ത്ത് വിലപിക്കുമ്പോഴും തന്റെ പൊതുജീവിതത്തിന് മുകളില്‍ വീണ മോഷ്ടാവെന്ന കളങ്കം വ്യക്തിപരമായും പ്രസ്ഥാനത്തിനും അപമാനകരമായെന്ന തിരിച്ചറവില്‍ നിന്നാണ് ഇയാള്‍ പൊലിസ് അന്വേഷണവുമായി തികഞ്ഞ കുറ്റബോധത്തോടെ സഹകരിച്ചത്.
ഇയാള്‍ വില്‍ക്കാനായി മാറ്റിവെച്ച സ്വര്‍ണ മാല പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടു കിട്ടിയാല്‍ കവര്‍ച്ച നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് അറിയിച്ചു. നഗരസഭാ നാലാം വാര്‍ഡ് കൗണ്‍സിലറും കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവുമായ രാജേഷ് മോഷണ കേസില്‍ അറസ്റ്റിലായത് പ്രദേശവാസികള്‍ ഞെട്ടലോടെയാണ് കേട്ടത്. സംശുദ്ധ രാഷ്ട്രീയത്തിനും വ്യക്തിജീവിതത്തിനും ഉടമയായ രാജേഷിന് നേരത്തെ ഇത്തരമൊരു സാഹചര്യമില്ലെന്നാണ് പരിചയക്കാര്‍ പറയുന്നത്.