'വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്; ഒരു കുട്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കരയുന്നത് കണ്ടു'; കുഞ്ഞിനെ ഒരു പയ്യന്‍ സാഹസികമായി രക്ഷിച്ചുവെന്ന് ദൃക്സാക്ഷി; ഒരു സ്ത്രീയെ കാണാനില്ലെന്ന് സംശയം; ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞുവീണതെന്ന് മന്ത്രിമാര്‍

ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞുവീണതെന്ന് മന്ത്രിമാര്‍

Update: 2025-07-03 07:03 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ ദൃക്സാക്ഷികള്‍. കെട്ടിടത്തിന്റെ പിന്‍വശത്തെ ഭാഗമാണ് തകര്‍ന്നുവീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശൗചാലയത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണതെന്നും സംഭവസമയത്ത് ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേരാണ് ഇവിടെയുണ്ടായിരുന്നതെന്നും ഇവരെ അപ്പോള്‍ത്തന്നെ രക്ഷിച്ചെന്നും ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വലിയ ശബ്ദത്തോടെയാണ് കെട്ടിടം ഇടിഞ്ഞുവീണതെന്ന് സമീപത്തെ ചായക്കടയിലുണ്ടായിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഒരു കുഞ്ഞിനെ ഒരു പയ്യന്‍ സാഹസികമായി രക്ഷിച്ചു. രണ്ടുപേരുണ്ടായിരുന്നു. വലിയ ശബ്ദമാണ് കേട്ടത്. ആ കെട്ടിടത്തിലെ ശൗചാലയം ഉപയോഗിച്ചുവരുന്നതാണ്. ആ ഭാഗമാണ് വീണത്', ദൃക്സാക്ഷി പറഞ്ഞു.

വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതെന്ന് കെട്ടിടത്തിനുള്ളില്‍നിന്ന് കുട്ടിയെ രക്ഷിച്ച യുവാവും മാധ്യമങ്ങളോട് പ്രതികരിച്ചു. 'ശബ്ദം കേട്ടാണ് ഓടിയെത്തിയത്. ഒരു കുട്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കരയുന്നത് കണ്ടു. അതിനിടയില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു കുഞ്ഞ്. ആ കുട്ടിയെ രക്ഷിച്ചു. ശൗചാലയം മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. വേറെ ആളില്ലെന്നാണ് തോന്നുന്നത്. ഇത് പഴയ കെട്ടിടമാണ്. കുട്ടിക്ക് കാര്യമായ പരിക്കില്ല. ദേഹത്ത് മുറിവുണ്ട്. കെട്ടിടാവശിഷ്ടം വീണ് പരിക്കേറ്റതാണ്. കെട്ടിടത്തിലെ ശൗചാലയത്തിന്റെ ഭാഗമാണ് വീണത്. കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി'', യുവാവ് പറഞ്ഞു. ബന്ധുവിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയസമയത്താണ് യുവാവ് അപകടത്തിന് ദൃക്സാക്ഷിയായത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ 14-ാം വാര്‍ഡ് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞുവീണത്. ഓര്‍ത്തോ വിഭാഗത്തിന്റെ വാര്‍ഡാണ് ഈ മൂന്നുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. രണ്ടു പേര്‍ക്കാണു പരുക്ക്. സാരമായ പരുക്കില്ല. അതേ സമയം ഒരു സ്ത്രീയെ കാണാതായെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. മന്ത്രി വീണാ ജോര്‍ജും വി.എന്‍. വാസവനും മെഡിക്കല്‍ കോളജിലുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്‌നിരക്ഷാ സേനയും പൊലീസും പരിശോധന നടത്തുകയാണ്.

പത്താം വാര്‍ഡിനോടു ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂര്‍ണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാര്‍ഡുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കിഫ്ബിയില്‍നിന്ന് പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു. മന്ത്രി വി.എന്‍. വാസവനും സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    

Similar News