ലൈംഗിക വൈകൃതങ്ങളുള്ള ജയേഷിന്റെ പെരുമാറ്റം സൈക്കോപാത്തിനെ പോലെ; കോയിപ്രം മര്‍ദ്ദന കേസില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് സംശയം; മുഖ്യപ്രതിയുടെ ഫോണിലെ രഹസ്യ ഫോള്‍ഡറിലെ ദൃശ്യങ്ങള്‍ നിര്‍ണായകം; ജയേഷിനെതിരെ 16 വയസുകാരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസും; പരാതിക്കാരെ കൂട്ടി തെളിവെടുപ്പ്

കോയിപ്രം മര്‍ദ്ദന കേസില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് സംശയം

Update: 2025-09-15 12:50 GMT

പത്തനംതിട്ട: കോയിപ്രം മര്‍ദ്ദന കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിച്ച് പൊലീസ്. മുഖ്യപ്രതി ജയേഷിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറിലുള്ള ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ലഭിച്ച പരാതി പ്രകാരം, ആലപ്പുഴ നീലംപേരൂര്‍ സ്വദേശിയായ 19-കാരനും റാന്നി സ്വദേശിയായ 30-കാരനുമാണ് ജയേഷും ഭാര്യ രശ്മിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപിക്കുന്നത്. ഇവര്‍ക്ക് പുറമെ മറ്റ് രണ്ട് പേരും സമാനരീതിയില്‍ കോയിപ്രത്തെ വീട്ടില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

പ്രതിയായ രശ്മിയുടെ ഫോണില്‍ നിന്ന് ആറന്മുള പോലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ വീണ്ടെടുത്തിരുന്നു. ഇതില്‍ നിന്നാണ് രണ്ട് യുവാക്കളുടെ മര്‍ദ്ദന ദൃശ്യങ്ങള്‍ ലഭിച്ചത്. ജയേഷിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ കേസിന്റെ സ്വഭാവം തന്നെ മാറും. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള ഹണി ട്രാപ്പ്, ആഭിചാരം, അവിഹിത ബന്ധങ്ങള്‍ തുടങ്ങി വിവിധ കഥകള്‍ പ്രചരിക്കുന്ന ഈ കേസില്‍ കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ കാരണം പോലും വ്യക്തമല്ല.

ഭാര്യ രശ്മിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സുഹൃത്തുക്കളെ വീട്ടില്‍ കെണി ഒരുക്കിയ ശേഷം ജയേഷ് മര്‍ദ്ദിച്ചുവെന്നാണ് ഇതുവരെയുള്ള പോലീസ് നിഗമനം. കേസിലെ ദുരൂഹത നീക്കുന്നതിനായി പരാതിക്കാരായ യുവാക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിനും പോലീസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ജയേഷിനെതിരെ പോക്‌സോ കേസും

കോയിപ്രം മര്‍ദനക്കേസിലെ മുഖ്യപ്രതി ജയേഷിനെതിരെ പോക്‌സോ കേസും നിലവിലുണ്ടെന്ന് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2016 ല്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജയേഷ് അന്ന് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഈ കേസ് നിലവില്‍ നടന്നുവരികയാണ്. കേസിന്റെ ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ പോലീസ് തീരുമാനിച്ചിരിക്കുകയാണ്.

കോയിപ്രം മര്‍ദനക്കേസില്‍, പരാതിക്കാരെയും കൂട്ടി പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തി. ആലപ്പുഴ സ്വദേശിയായ 19-കാരനെ പ്രതി ജയേഷിന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ, താന്‍ നേരിട്ട അതിക്രൂരമായ മര്‍ദനത്തെക്കുറിച്ച് യുവാവ് പോലീസിനോട് വിശദീകരിച്ചു. ജയേഷിന്റെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് പോലീസ് നേരത്തെ സൂചന നല്‍കിയിരുന്നു.

ജയേഷ് സൈക്കോപാത്തിനെ പോലെ

ജയേഷിന്റെ ഭാര്യ രശ്മിയും റാന്നി സ്വദേശിയായ യുവാവും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. ഈ ചാറ്റുകള്‍ കണ്ടെത്തിയതോടെ ജയേഷ് പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന്, രശ്മിയെക്കൊണ്ട് ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജയേഷിന് ലൈംഗിക വൈകൃതങ്ങളുണ്ടെന്നും ഇയാള്‍ ഒരു സൈക്കോപാത്തിനെ പോലെയാണ് പെരുമാറിയതെന്നും പരിക്കേറ്റ യുവാവ് മൊഴി നല്‍കി.

മര്‍ദനത്തിനിടെ, രശ്മി മരിച്ചുപോയ പൂര്‍വികരോട് സംസാരിക്കുകയും ജയേഷിനെ വണങ്ങുകയും ചെയ്തതായും യുവാവ് പറയുന്നു. കൂടാതെ, രശ്മി തന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചെന്നും അതിന്റെ വീഡിയോ ജയേഷ് പകര്‍ത്തിയെന്നും യുവാവ് വെളിപ്പെടുത്തി. താനും രശ്മിയും തമ്മില്‍ ശാരീരിക ബന്ധമുണ്ടെന്ന് സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്നും, വീഡിയോ പുറത്തുവിടുമെന്നും, മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസില്‍ അറിയിക്കാതെയും വ്യാജ മൊഴി നല്‍കിയും സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News