'തെലങ്കാന വണ്ടി കുറേക്കാലമായി കേരളത്തില്‍ ഓടുന്നു; നിയമലംഘനത്തിന് ചലാന്‍ നല്‍കിയിരുന്നു; കേരളത്തില്‍ നികുതിയടച്ചതിന്റെ രേഖകള്‍ ഇല്ലാത്തതിനാല്‍ പിടിച്ചെടുക്കും'; ആല്‍വിന്റെ മരണത്തില്‍ വാഹനം ഓടിച്ച രണ്ട് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ആല്‍വിന്റെ മരണം: വാഹനം ഓടിച്ച രണ്ട് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: ബീച്ച് റോഡില്‍ പ്രമോഷന്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ചു 20കാരന്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന രണ്ടുപേരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. അപകടമുണ്ടാക്കിയ ബെന്‍സ് കാര്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ജീവനക്കാരന്‍ റയീസ് എന്നിവരുടെ ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കു നോട്ടിസ് നല്‍കി. ഒരുവര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
കാര്‍ ചേസിംഗ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് വാഹനമിടിച്ചാണ് വീഡിയോഗ്രാഫറായ കടമേരി വേളത്ത് താഴെ കുനി നെടുഞ്ചാലില്‍ സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകന്‍ ടി.കെ.ആല്‍വിന്‍ (20) ആണ് മരിച്ചത്. സംഭവത്തില്‍ സാബിദ് റഹ്‌മാന്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കോഴിക്കോട് ബീച്ച് റോഡില്‍ പൊലീസ് സ്റ്റേഷന് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.
കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി ഡിഫന്‍ഡര്‍, ബെന്‍സ് കാറുകളുടെ ചേസിംഗ് വീഡിയോ റോഡിന് നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു ആല്‍വില്‍. ഇതിനിടെ അതിവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ആല്‍വിനെ ഇടിച്ച കാറിന് നികുതി അടച്ചിട്ടില്ലെന്നും ഇന്‍ഷുറന്‍സ് ഇല്ലെന്നും ആര്‍ടിഒ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഡ്രിവണ്‍ ബൈ യു മൊബിലിറ്റി' എന്ന തെലങ്കാന കമ്പനിയുടെ ഉടമ അശ്വിന്‍ എന്നയാളുടെ പേരിലാണ് വാഹനമുള്ളത്. സാബിദ് ഇവരുടെ പക്കല്‍ നിന്ന് വാഹനം വാങ്ങിയെന്നാണ് കരുതുന്നത്. വണ്ടി കുറെക്കാലമായി കേരളത്തില്‍ ഓടുന്നുണ്ട്. നിയമലംഘനത്തിന്റെ പേരില്‍ ചലാന്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നികുതിയടച്ചതിന്റെ രേഖകള്‍ ഇല്ലാത്തതിനാല്‍ വാഹനം പിടിച്ചെടുക്കാമെന്നും ആര്‍ടിഒ വ്യക്തമാക്കുന്നു.