കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആറാം നിലയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; പുക ഉയര്‍ന്നത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത്; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക പടര്‍ന്നു. ആറാമത്തെ നിലയിലെ ഒടി ബ്ലോക്കില്‍നിന്നാണ് പുക ഉയര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തി പുക ശമിപ്പിച്ചതായാണ് വിവരം. പുകയുണ്ടാകാന്‍ എന്താണ് കാരണം എന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിലാണ് വീണ്ടും പുക ഉയര്‍ന്നത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴുപ്പിക്കുകയാണെന്നാണ് വിവരം
കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്.
നേരത്തെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു പുക ഉയര്‍ന്നത്. തുടര്‍ന്ന് രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. സംഭവസമയത്ത് അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇത് പുക ശ്വസിച്ചത് മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന ആറാം നിലയിലാണ് സംഭവം.
കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിയുണ്ടായി തീപിടിച്ച് പുക ഉയര്‍ന്ന സംഭവത്തിന് പിന്നാലെ ഇവിടെയുള്ളവരെ മാറ്റിയിരുന്നു. നാളെ മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പരിശോധന നടന്നത്. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പുനക്രമീകരിക്കുന്നതിനിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. നാലാം നിലയിലടക്കം ആളുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സംഭവിച്ച പൊട്ടിത്തെറിയും തുടര്‍ന്നുണ്ടായ മരണങ്ങളും വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു.
മരണത്തിന് കീഴടങ്ങിയവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ കണക്കുകള്‍ പുറത്ത് വിടണം, അവരുടെ ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം, ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിലുള്ള പ്രതിഷേധം ജില്ലാ പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ആശുപത്രിയില്‍ എമര്‍ജന്‍സി എക്‌സിറ്റ് പോലുമില്ലെന്നും ആശുപത്രിയ്ക്കകത്തുള്ള റാമ്പുകള്‍ മാലിന്യ കെട്ടിയിടുന്ന നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തെ ദുരന്തമായി കണക്കാക്കി ആരോഗ്യമന്ത്രി പ്രതികരിക്കണമെന്നും, നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് സ്ഥലത്തു നിന്നു നീക്കുകയായിരുന്നു.