എസി ടിക്കറ്റില്ലാതെ കമ്പാര്‍ട്‌മെന്റില്‍ കയറിയ ശരവണനെ കരാര്‍ ജീവനക്കാരന്‍ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ വാതിലില്‍ ഇരുന്ന 25-കാരനെ പിടിച്ചു തള്ളി; കസ്റ്റഡിയിലുള്ളത് കരാര്‍ ജീവനക്കാരന്‍; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേത് കൊലയോ?

Update: 2024-10-13 05:38 GMT

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് യാത്രക്കാരന്‍ മരിച്ചതിന് പിന്നില്‍ കൊലയെന്ന സംശയം ശക്തം. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. മംഗളൂരു കൊച്ചുവേളി സ്‌പെഷല്‍ ട്രെയിനില്‍ നിന്നാണ് വീണത്. വാതിലില്‍ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തില്‍പ്പെട്ടത്. തള്ളിയിട്ടതാണെന്ന സംശയത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിനിലെ കരാര്‍ ജീവനക്കാരനാണ് കസ്റ്റഡിയിലുള്ളത്.

തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ ഗോപി(25) ആണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാര്‍ട്‌മെന്റിലെ ഡോറിലിരുന്ന ആള്‍ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ ഇയാളെ കമ്പാര്‍ട്ട് മെന്റില്‍ നിന്നും തളളിയിട്ടതാണെന്നാണ് സംശയം.

സംഭവത്തില്‍ ഒരാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശരവണനെ ഒരാള്‍ തള്ളുന്നത് കണ്ടെന്ന് മൊഴി ലഭിച്ചിട്ടുണ്ട്.

എസി കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കാനുള്ള ടിക്കറ്റ് ശരവണന്റെ കൈയ്യിലുണ്ടായിരുന്നില്ല. മറ്റൊരു തീവണ്ടിയിലാണ് പോകേണ്ടി ഇരുന്നത്. എന്നാല്‍ വൈകിയെത്തിയപ്പോള്‍ തീവണ്ടിയില്‍ കയറാനായില്ല. ഇതോടെയാണ് മംഗളൂരു കൊച്ചുവേളി സ്‌പെഷല്‍ ട്രെയിനില്‍ കയറിയത്. എ സി ടിക്കറ്റില്ലാതെ തീവണ്ടിയിലെത്തിയ ശരവണനും കരാര്‍ ജീവനക്കാരനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു.

ഈ തര്‍ക്കമാകാം തീവണ്ടിയില്‍ നിന്നും തള്ളിയിടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കരാര്‍ ജീവനക്കാരനെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കുകായണ്. കൊലയാണെന്ന് ഉറപ്പിക്കാനായാല്‍ മാത്രമേ കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്യൂ. സ്റ്റേഷനിലുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സ്വദേശിയായ ഇയാളെ കസ്റ്റഡിയിലെടുത്തത്.

Tags:    

Similar News