കലഞ്ഞൂരിലെ ഇരട്ട കൊലപാതകം സംശയത്താല്‍; ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമെന്ന് സംശയം; ഇതേ ചൊല്ലി വഴക്കുണ്ടാതോടെ കൊലപാതകമെന്ന് എഫ്.ഐ.ആര്‍; വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടി

കലഞ്ഞൂരിലെ ഇരട്ട കൊലപാതകം സംശയത്താല്‍

Update: 2025-03-03 01:37 GMT

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംശയരോഗത്താല്‍. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യക്ക് വിഷ്ണുവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ബൈജു കൊലപാതകം നടത്തിയതെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.

യുവതിയുടെ സുഹൃത്തായ അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വഴക്കിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയില്‍ വെച്ചും വഴക്കുണ്ടാക്കി. തുടര്‍ന്ന് വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

തടയാന്‍ ചെന്ന വിഷ്ണുവിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ വിഷ്ണുവും മരിച്ചു. അക്രമിച്ച വിവരം ബൈജു സുഹൃത്തുക്കളെ അറിയിച്ചു. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഏറെ വൈകിയാണ് പത്തനംതിട്ട കലഞ്ഞൂരില്‍ ഇരട്ട കൊലപാതകം നടന്നത്.

കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാള്‍ ആണെന്നും പൊലീസ് പറയുന്നു. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബൈജുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക.

Tags:    

Similar News