ആദ്യം രണ്ടുപേര്‍ ബൈക്കിലെത്തി സ്റ്റീല്‍ കമ്പനി നിരീക്ഷിച്ച ശേഷം മടങ്ങി; പിന്നാലെ അഞ്ചംഗ സംഗം കാറില്‍ പാഞ്ഞെത്തിയത് ജീവനക്കാര്‍ പണം എണ്ണിക്കൊണ്ടിരിക്കെ; തോക്കും വടിവാളും കാട്ടി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി 80 ലക്ഷം കവര്‍ന്നത് മുഖംമൂടി സംഘം; ക്യത്യമായ ആസൂത്രണത്തോടെ കുണ്ടന്നൂരില്‍ കവര്‍ച്ച നടത്തിയത് പണമിരട്ടിപ്പ് സംഘമെന്നും സംശയം

കൊച്ചിയിലെ വന്‍ കവര്‍ച്ച ആസൂത്രണത്തോടെ

Update: 2025-10-08 14:48 GMT

കൊച്ചി: കൊച്ചി കുണ്ടന്നൂരില്‍, സ്റ്റീല്‍ കമ്പനിയില്‍ നിന്ന് പെപ്പര്‍ സ്‌പ്രേ അടിച്ച് തോക്കൂചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഘത്തിന് സ്ഥാപനത്തെ കുറിച്ച് മുന്‍ധാരണ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ വലിയ തുക സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മോഷണം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ ഭാഗമായാണ് ആദ്യം രണ്ടുപേര്‍ സ്ഥാപനം നിരീക്ഷിക്കാനെത്തിയതെന്നാണ് സൂചന.

സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം കുണ്ടന്നൂരില്‍ അരൂര്‍ ബൈപാസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ വിതരണ കമ്പനിയില്‍ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നത്. ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം നടന്നത്. കൃത്യമായ ആസൂത്രണത്തോടെയെത്തിയ സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് പോലീസ് നല്‍കുന്ന വിവരം അനുസരിച്ച്, ആദ്യം രണ്ടുപേര്‍ ബൈക്കിലെത്തി സ്ഥാപനം നിരീക്ഷിച്ച ശേഷം മടങ്ങി. ഇതിനു പിന്നാലെയാണ് അഞ്ചംഗ സംഘം കാറിലെത്തി സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിര്‍ത്തിയ ശേഷം അകത്തെ ഓഫീസിലേക്ക് കടന്നത്. ജീവനക്കാര്‍ പണം എണ്ണിക്കൊണ്ടിരിക്കെയാണ് സംഘം അകത്തു കയറിയത്. തോക്ക്, വടിവാള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം പണം തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു. മുഖംമൂടി ധരിച്ചതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

സ്ഥാപനത്തിന്റെ അകത്ത് സിസിടിവി ക്യാമറകള്‍ ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വടുതല സ്വദേശി സജി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നുണ്ട്. ഇയാള്‍ പ്രതികളുമായി ബന്ധമുള്ള ആളാണോ അതോ വിവരം നല്‍കിയ ആളാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മോഷ്ടാക്കള്‍ ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. മൊത്തവിതരണ സ്ഥാപനമായതിനാല്‍ സ്റ്റോക്ക് എടുക്കുന്നതിനായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. കവര്‍ച്ചാ സംഘം ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞതായാണ് വിവരം.

അതേസമയം, പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ആണ് തോക്ക് ചൂണ്ടിയതെന്നും പറയുന്നുണ്ട്. കാറില്‍ വന്നവര്‍ പണം കവര്‍ന്ന് വേഗത്തില്‍ രക്ഷപ്പെട്ടു. സ്റ്റീല്‍ വില്പന കേന്ദ്രത്തിലെ സുബിന്‍ എന്നയാള്‍ക്കാണ് പണം നഷ്ടമായതെന്നും 80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താല്‍ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്നായിരുന്നു ഡീലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലായിരുന്നു. കേരളത്തില്‍ ഇങ്ങനെയൊരു തട്ടിപ്പ് ആദ്യമെന്നും പറയുന്നു.

Tags:    

Similar News