പകല്‍ മീന്‍ പിടിത്തവും രാത്രി മോഷണവും; ഭാര്യയും മക്കളും ബന്ധുക്കളും കൂടെ വേണമെന്ന് നിര്‍ബന്ധം; ഫിറ്റ്‌നസിനായി ദിവസവും വ്യായാമം; സന്തോഷ് ശെല്‍വത്തെ കുടുക്കിയത് 'ഭാര്യാ സ്‌നേഹം'; നെഞ്ചില്‍ ടാറ്റുവായി കുത്തിയത് 'ജ്യോതിയുടെ' പേര്; കുറുവയുടെ വേരറുക്കാന്‍ കേരളം

Update: 2024-11-18 02:36 GMT

കൊച്ചി: കുറുവ സംഘത്തെ കണ്ടെത്താന്‍ കേരളം മുഴുവന്‍ പോലീസ് വലവീശും. പല സംഘങ്ങള്‍ കേരളത്തിലെ പല ജില്ലകളിലുമുണ്ടെന്നാണ് പോലീസ് തിരിച്ചറിയുന്നത്. അതിനിടെ തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കുറുവ സംഘത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കും. തമിഴ്‌നാട് പോലീസുമായി ആശയ വിനിമയം നടത്തി സംയുക്ത ഓപ്പറേഷനും സാധ്യത തേടും. കേരളത്തിലെ കുറുവ സംഘം ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്. അലഞ്ഞു നടക്കുന്ന ആളുകളെ പോലീസ് നിരീക്ഷിക്കും. ടെന്റ് കെട്ടി താമസിക്കുന്നവരുടെ ചലനവും പരിശോധിക്കും. ഇവര്‍ കുറുവക്കാരാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്.

കുണ്ടന്നൂര്‍ മേല്‍പാലത്തിനു താഴെ നിന്നു ശനിയാഴ്ച രാത്രി മണ്ണഞ്ചേരി പൊലീസ് സാഹസികമായി പിടികൂടിയ കുറുവ സംഘാംഗം തമിഴ്‌നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ സന്തോഷ് ശെല്‍വം തന്നെയാണു ജില്ലയിലെ രണ്ടു മോഷണക്കേസിലെ പ്രതിയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്തോഷ് ശെല്‍വം നെഞ്ചില്‍ പച്ച കുത്തിയത് ഭാര്യയുടെ പേരായിരുന്നു. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ക്യാമറകളില്‍ ടാറ്റു കണ്ടിരുന്നു. അത് ജ്യോതിയുടേതായിരുന്നു. സന്തോഷിനെ പിടികൂടിയപ്പോള്‍ ആദ്യം നോക്കിയതു നെഞ്ചിലാണ്. അവിടേയും ടാറ്റു ഉണ്ടായിരുന്നു. അതായത് ഭാര്യാ സ്‌നേഹമാണ് കള്ളനെ കുടുക്കിയത്.

അതിനിടെ കുറുവ സംഘത്തിലുള്ളവര്‍ കുണ്ടന്നൂര്‍ പാലത്തിനടിയില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ പൊലീസിനു ലഭിച്ചു. 'ഫിറ്റ്‌നെസി'ന്റെ കാര്യത്തില്‍ ഇവര്‍ കണിശക്കാരാണ്. മോഷണത്തെ എതിര്‍ക്കുന്നവരെ വേണ്ടിവന്നാല്‍ ആക്രമിക്കാനും ഏതു സാഹചര്യത്തിലും പിടിക്കപ്പെടാതെ കടന്നുകളയാനും ഇവര്‍ പരിശീലനം നേടുന്നുണ്ട്. ഇത്തരം പരിശീലനം കുണ്ടന്നൂരിലും നടന്നിരുന്നു. അടിച്ചു പൊളി ജീവിതമാണ് ഇവരുടേത്. എന്നാല്‍ ഏത് സാഹചര്യത്തിലും താമസിക്കുകയും ചെയ്യും. ഇപ്പോള്‍ പിടിയിലായ സന്തോഷ് ശെല്‍വം മോഷണത്തില്‍ വലിയ വിരുതനാണെന്ന് പോലീസ് തിരിച്ചറിയുന്നുണ്ട്. ഇയാളുടെ ചരിത്രം മുഴുവന്‍ കണ്ടെത്തി തമിഴ്‌നാട്ടിലെ കുറുവാ സംഘത്തിന്റെ വേരറുക്കാനാണ് നീക്കം.

ഉല്ലാസയാത്രയ്ക്കും മറ്റും ഇവരുടെ പക്കല്‍ പണമുണ്ട്. കേരളത്തിലെത്തി വഴിവക്കില്‍ താമസിക്കുന്ന ഇവര്‍ക്കു തമിഴ്‌നാട്ടില്‍ വലിയ വീടുകളും സൗകര്യങ്ങളുമുണ്ടെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 31ന് പുതുവര്‍ഷം ആഘോഷിക്കാന്‍ സംഘം കുടുംബസമേതം ആലപ്പുഴ ബീച്ചിലും മറ്റും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സൗത്ത് പൊലീസ് സ്റ്റേഷനു സമീപം കനാല്‍ക്കരയില്‍ സ്ഥാപിച്ച 'ഐ ലവ് ആലപ്പുഴ' എന്ന ബോര്‍ഡിനടുത്തു നിന്നു മുന്‍പു സന്തോഷ് ശെല്‍വം ചിത്രം പകര്‍ത്തി വാട്‌സാപ്പില്‍ ഡിസ്‌പ്ലേ പിക്ചറാക്കിയിരുന്നു.

സന്തോഷ് ശെല്‍വം തന്നെയാണു മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയതെന്ന് ഉറപ്പിക്കാന്‍ പൊലീസ് അയാളെ വീണ്ടും മോഷണസമയത്തെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു പരിശോധിച്ചു. ഒക്ടോബര്‍ 29ന് മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മോഷണശ്രമം നടന്ന വീട്ടിലാണ് ഇതിനായി പൊലീസ് സന്തോഷിനെ എത്തിച്ചത്. മോഷണസമയത്തു ധരിച്ച രീതിയില്‍ വസ്ത്രം ധരിപ്പിച്ചു വീട്ടുകാരെ കാണിച്ച് ഉറപ്പു വരുത്തി. കുണ്ടന്നൂരില്‍ നിന്ന് ആലപ്പുഴയിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം പുലര്‍ച്ചെ 3 ന് ആണ് മണ്ണഞ്ചേരിയില്‍ എത്തിച്ചത്.

കുറുവ സംഘത്തില്‍ നിന്നു പിരിഞ്ഞ മുന്‍ മോഷ്ടാക്കളെയും പോലീസ് അന്വേഷണത്തില്‍ സഹായികളാക്കി. പാലായിലെ മോഷണക്കേസില്‍ പ്രതിയായ ഒരാളില്‍ നിന്നാണു കൂടുതല്‍ വിവരം കിട്ടിയത്. മോഷണം നിര്‍ത്തി നല്ല നടപ്പിലായിരുന്നു ഇയാള്‍. ആദ്യം സന്തോഷിന്റെ പഴയ മൊബൈല്‍ നമ്പറും പിന്നാലെ ഇപ്പോഴത്തെ നമ്പറും കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ കുണ്ടന്നൂര്‍. മണ്ണഞ്ചേരി പൊലീസ് വേഷം മാറി 4 ദിവസമാണു കുണ്ടന്നൂര്‍ പാലത്തിനടിയിലെ സംഘത്തെ നിരീക്ഷിച്ചത്. ശനിയാഴ്ച വൈകിട്ടു പാലത്തിനു താഴെയെത്തി അവിടെ കൂടാരമുണ്ടാക്കി താമസിക്കുന്നവരെ ചോദ്യം ചെയ്ത ശേഷം സന്തോഷിനെയും മണികണ്ഠനെയും കസ്റ്റഡിയിലെടുത്തു.

അതോടെ സംഘത്തിലെ സ്ത്രീകള്‍ പൊട്ടിത്തെറിച്ച് പൊലീസിനെ വളഞ്ഞു. ആ തക്കം നോക്കിയാണു സന്തോഷ് കടന്നത്. തവളയെപ്പോലെ രണ്ടു ചാട്ടം ചാടി ഇയാള്‍ അടുത്തുള്ള തോട്ടിലെത്തുന്നതു കണ്ട് പൊലീസ് അന്തംവിട്ടു. കൂടാരത്തിനകത്തു സന്തോഷ് ഒളിച്ചിരുന്നത് ഒരു കുഴിയിലാണ്. പകല്‍ മീന്‍പിടിത്തവും രാത്രി മോഷണവുമാണു സന്തോഷിന്റെ രീതി. താമസിക്കുന്നതു ഭാര്യയും മക്കളും ബന്ധുക്കളുമൊത്ത്. ഭാര്യയും മറ്റു സ്ത്രീകളും പകല്‍ മീന്‍പിടിക്കും. രാത്രി മോഷണവും.

Tags:    

Similar News