കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു; മോഷണത്തില്‍ മണികണ്ഠന് തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയക്കല്‍; ആലപ്പുഴയില്‍ മോഷണം നടന്ന ദിവസങ്ങളില്‍ ഇയാള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫോണ്‍രേഖകള്‍
കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു
ആലപ്പുഴ: ആലപ്പുഴയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറുവ സംഘത്തിന്റെ മോഷണത്തില്‍ മണികണ്ഠന് പങ്കുള്ളതിന് തെളിവില്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കുറവ സംഘാംഗം സന്തോഷ് സെല്‍വന്റെ ബന്ധുവാണ് മണികണ്ഠന്‍. ഇക്കാരണം കൊണ്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, ഇയാള്‍ക്ക് മോഷണവുമായി എന്തെങ്കിലും തെളിവുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ല.
മണികണ്ഠന്റെ ഫോണ്‍ രേഖകള്‍ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയില്‍ മോഷണം നടന്ന ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 14 വരെ മണികണ്ഠന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത്രയും ദിവസം മണികണ്ഠന്‍ തമിഴ്‌നാട്ടില്‍ ആയിരുന്നു. കുറുവ സംഘത്തിന് മണികണ്ഠന്റെ ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയമുണ്ട്. ഏപ്പോള്‍ വിളിച്ചാലും മരട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കുറുവ സംഘാംഗം സന്തോഷ് സെല്‍വനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് പ്രത്യേക അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും.
പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വനെ പൊലീസ് സംഘം പിടികൂടിയിരുന്നു. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. നാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസിന് കണ്ടെത്താനായത്. ഈ പ്രദേശങ്ങളിലെ ചതുപ്പില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
അതേസമയം കേരളത്തില്‍ അടുത്തകാലത്ത് നിരവധി മോഷണക്കേസുകളില്‍ പ്രതികളായ സംഘമാണ് കുറുവ സംഘം. തമിഴ്‌നാട് വേരുകളുള്ള ഈ സംഘം, പ്രധാനമായും മോഷണം, കവര്‍ച്ച തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നത്. സംഘടിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘം, പകല്‍ സമയത്ത് വീടുകളും സ്ഥാപനങ്ങളും നിരീക്ഷിച്ച് രാത്രിയില്‍ മോഷണം നടത്തുന്നതായി പൊലീസ് പറയുന്നു.
തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗര്‍ ആണു പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ സംഘമെന്നു വിളിച്ചു. എന്നാല്‍ ഇപ്പോഴത്തെ കുറുവ സംഘത്തില്‍ ഉള്ളവര്‍ ഒരേ ഗ്രാമക്കാരല്ല. തമിഴ്നാട്ടില്‍ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങള്‍ ഉണ്ട്. അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലുണ്ട്. ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അര്‍ഥത്തില്‍ തമിഴ്നാട് ഇന്റലിജന്‍സ് ആണ് കുറുവ സംഘം എന്ന പേരിട്ടത്.
സംഘത്തിലെ അംഗങ്ങള്‍ക്ക് വ്യക്തമായ ചുമതലകളുണ്ടായിരിക്കും. പകല്‍ സമയത്ത് ലക്ഷ്യമിടുന്ന വീടുകളും സ്ഥാപനങ്ങളും സംഘം നിരീക്ഷിക്കും. വീട്ടിലെ അംഗങ്ങളുടെ എണ്ണം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇവര്‍ വിലയിരുത്തും. രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ വീടുകളിലേക്ക് കടന്ന് മോഷണം നടത്തും. വീട്ടിലെ അംഗങ്ങള്‍ ഉണ്ടെങ്കില്‍ അക്രമിക്കാനും, ഒരുപക്ഷെ കൊല്ലാനും മടിക്കില്ല. മോഷണം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ സംഘം അവിടെ നിന്ന് രക്ഷപ്പെടും. പലപ്പോഴും മറ്റൊരു സംസ്ഥാനത്തേക്ക് തന്നെ രക്ഷപ്പെടും.
കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍, കമ്പം, ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങള്‍. സ്ഥിരമായ മേല്‍വിലാസമോ താമസ സൗകര്യമോ കുറുവ സംഘത്തിലുള്ളവര്‍ക്കില്ല. കേരളത്തില്‍ പലയിടങ്ങളിലായി സാമാനമായ മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഈ സംഘം, പകല്‍ സമയത്ത് വീടുകളും സ്ഥാപനങ്ങളും നിരീക്ഷിച്ച് രാത്രിയില്‍ മോഷണം നടത്തുന്നതായി പൊലീസ് പറയുന്നു. പാരമ്പര്യമായി കൈമാറി വരുന്ന മോഷണ തന്ത്രങ്ങള്‍ക്കും മെയ്കരുത്തിനും പുറമെ ആധുനിക സാങ്കേതിക വിദ്യകളും ഇവര്‍ മോഷണത്തിനായി ഉപയോഗിക്കുന്നു.