കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് മലയാളികള്‍ മുങ്ങിയതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളുടെ വിശദാംശങ്ങള്‍ തേടി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍; 700 കോടിയുടെ വായ്പ്പാ തട്ടിപ്പു നടത്തിയത് 1425 മലയാളികള്‍; നഴ്‌സുമാര്‍ അടക്കമുള്ളവരില്‍ പലരും ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍

കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് മലയാളികള്‍ മുങ്ങിയതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളുടെ വിശദാംശങ്ങള്‍ തേടി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍

Update: 2024-12-16 03:01 GMT

കൊച്ചി: കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ 700 കോടി ലോണ്‍ തട്ടിപ്പ് നടത്തി മുങ്ങിയ 1425 മലയാളികള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഗള്‍ഫ് ബാങ്കില്‍ നിന്നും ലോണ്‍ നേടിയ ശേഷം അവിടെ നിന്നും മുങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം. തട്ടിപ്പ് നടത്തിയ 1425 മലയാളികളില്‍ 700 ഓളംപേര്‍ നഴ്‌സുമാരാണെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കേരളത്തില്‍ ഇതുവരെ പത്തോളം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിയത്. ദക്ഷിണ മേഖല ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിഷയത്തില്‍ ഇടപെടുന്നത്.

കൊച്ചിയിലെത്തിയ ഉദ്യോഗസ്ഥര്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് വിശദാശങ്ങള്‍ തേടിയിട്ടുണ്ട്. എറണാകുളത്തും കോട്ടയത്തുമായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസിന്റെ വിശദാംശങ്ങള്‍ തേടിയ ഉദ്യോഗസ്ഥര്‍ ലോണിന്റെ വിവരവും പാസ്‌പോര്‍ട്ട് വിവരങ്ങളും നല്‍കാന്‍ കുവൈത്തിലെ ബാങ്കിനോട് ആവശ്യപ്പെട്ടു. ഇവരില്‍ പലരും ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നഴ്‌സിംഗ് ജോലി നോക്കുന്നവരാണ്. ബാങ്ക് ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷം മാത്രമേ വിവരങ്ങള്‍ കൈമാറുകയുള്ളൂ. കൂടുതല്‍ പരാതികള്‍ കേരളത്തില്‍ എത്തുമ്പോള്‍ നല്‍കാമെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തില്‍ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കുവൈറ്റിലെ മിനിസ്റ്റര്‍ ഓഫ് ഹെല്‍ത്തില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 700 ഓളം പേര്‍ കുറ്റാരോപിതരാണ്. ഗള്‍ഫ് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയാണ് മലയാളികള്‍ മുങ്ങിയത്. 50 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് പലരും ലോണെടുത്തത്. കുവൈറ്റ് വിട്ട പലരും പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി.

ഒരു മാസം മുന്‍പാണ് കേരളത്തില്‍ ഗള്‍ഫില്‍ നിന്നും ബാങ്ക് തട്ടിപ്പിന്റെ കഥയുമായി ബാങ്ക് അധികൃതര്‍ എത്തിയത്. കഴിഞ്ഞമാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികള്‍ സംസ്ഥാന പൊലീസ് മേധാവികളെ കണ്ടു. പിന്നീട് ഡിജിപി നിര്‍ദ്ദേശിച്ച പ്രകാരമാണ് കേസെടുത്തത്. തട്ടിപ്പ് നടത്തിയവരുടെ വിലാസം അടക്കം നല്‍കിയാണ് പരാതി രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. 2020 -22 കാലത്ത് ബാങ്കില്‍ നിന്നും ചെറിയ ലോണ്‍ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്.

ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ടു കോടി രൂപവരെ ലോണെടുത്ത് പലരും കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. നിലവില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് എറണാകുളം, കോട്ടയം ജില്ലാ വിഭാഗങ്ങളായിരിക്കും കേസ് അന്വേഷിക്കുക. ബാങ്കിനെ കബളിപ്പിച്ചു എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ ആളുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ഇടനിലക്കാരായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും.

കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികളെല്ലാം കുവൈത്തിലെ സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരെന്ന് വിവരം. ഇതിന് പുറമെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ജീവനക്കാരായിരുന്ന 700 ഓളം മലയാളി നഴ്സുമാരുമാണ് ഗള്‍ഫ് ബാങ്ക് കുവൈത്തിനെ ചതിച്ച് മുങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളമായതിനാല്‍ എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്നതാണ് പ്രതികള്‍ക്ക് നേട്ടമായത്. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് പൊലീസും ബാങ്ക് അധികൃതരും സംശയിക്കുന്നത്.

തട്ടിപ്പില്‍ 1425 മലയാളികളുള്ളതിനാല്‍ ഇടനിലക്കാരുടെ സാന്നിധ്യവും ബാങ്ക് സംശയിക്കുന്നുണ്ട്. തട്ടിപ്പ് നടത്തിയവര്‍ ആദ്യം ബാങ്കില്‍ നിന്ന് ചെറിയ തുക വായ്പയെടുത്തിരുന്നു. ഗള്‍ഫിലെ ജോലി രേഖകള്‍ അടക്കം ബാങ്കിന് സമര്‍പ്പിച്ച് നേടിയ വായ്പ ഇവര്‍ കൃത്യമായി അടച്ചു. ഇതിലൂടെ ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ന്നപ്പോള്‍ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങിയെന്നാണ് കരുതുന്നത്. 50 ലക്ഷം മുതല്‍ 2 കോടിയിലേറെ രൂപയാണ് ഓരോരുത്തരും വായ്പയെടുത്തിരിക്കുന്നത്.

വായ്പ ലഭിച്ച ശേഷം ഇവരെല്ലാം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്നുവെന്നാണ് ഇപ്പോള്‍ മനസിലായിരിക്കുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ പരിശോധിച്ച ബാങ്ക് അധികൃതര്‍ പറ്റിച്ചവരില്‍ മലയാളികളുടെ എണ്ണക്കൂടുതല്‍ കണ്ട് വിശദമായ അന്വേഷണം നടത്തി. പിന്നീട് വായ്പ നേടിയവരുടെ വിലാസവും ബാങ്ക് രേഖകളും സഹിതം ഇവര്‍ കേരളാ പൊലീസിന് പരാതി നല്‍കുകയാിരുന്നു. അതേസമയം മലയാളികളുടെ ഈ തട്ടിപ്പ് പ്രവാസി സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും നാണക്കേടായി മാറുന്നതാണ്.

Tags:    

Similar News