സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ല; വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആണ്‍സുഹൃത്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി കുടുംബം; ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞെന്നും കുടുംബം

സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ല

Update: 2025-04-03 11:48 GMT

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ ആണ്‍സുഹൃത്ത് സുകാന്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ തള്ളി യുവതിയുടെ കുടുംബം. സുകാന്തിന്റെ മാതാപിതാക്കള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിട്ടില്ലെന്നും വിവാഹാലോചനയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും കുടുംബം പറഞ്ഞു. ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗര്‍ഭഛിദ്രം. പോലീസ് അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. താന്‍ യുവതിയുമായി പ്രണയത്തിലായിരുന്നു എന്നാണ് ഹര്‍ജിയില്‍ സുകാന്ത് ചൂണ്ടിക്കാട്ടിയത്. താന്‍ കാരണമല്ല യുവതിയുടെ ആത്മഹത്യയെന്നും സുകാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഹര്‍ജിയില്‍ മാതാപിതാക്കള്‍ക്കെതിരെയണ് സുകാന്ത് ആരോപണം വഴിതിരിച്ചു വിടുന്നത്. മാതാപിതാക്കളുടെ ഇടപെടല്‍ കാരണം തങ്ങള്‍ തമ്മില്‍ അകന്നെന്നും ഇതിന് കാരണം ജ്യോത്സ്യനെ കണ്ടതാണെന്നും സുകാന്ത് ആരോപിക്കുന്നു. മാതാപിതാക്കളുടെ സമീപനത്തിലെ സമ്മര്‍ദ്ദം മൂലമാണ് യുവതിയുടെ ആത്മഹത്യയെന്നാണ് സുകാന്ത് വാദിക്കുന്നത്.

ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹര്‍ജിയില്‍ പറയുന്നു. മറിച്ച് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തില്‍ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ഈ തീരുമാനമാണ് എല്ലാം തകിടം മറിച്ചതെന്നാണ് സുകാന്ത് പറയുന്നത്. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുള്‍പ്പെടെ ഒരു കാര്യവും പറയാന്‍ യുവതിയുടെ വീട്ടുകാര്‍ തയാറായില്ല. മാത്രമല്ല, താനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധം പുലര്‍ത്തുന്നതിനെ രൂക്ഷമായി എതിര്‍ത്തു.

മൊബൈല്‍ നമ്പര്‍ പോലും ബ്ലോക്ക് ചെയ്ത് തമ്മില്‍ ബന്ധപ്പെടാതിരിക്കാന്‍ യുവതിയോട് നിര്‍ദേശിച്ചു. എന്നാല്‍ മാതാപിതാക്കളുടെ ഇത്തരം സമീപനത്തില്‍ നിരാശയായ യുവതി തനിക്കൊപ്പം നില്‍ക്കാനാണ് തീരുമാനിച്ചത് എന്നാണ് സുകാന്ത് പറയുന്നത്. ബന്ധം തുടരാന്‍ തീരുമാനിച്ച് ഇരുവരും ചേര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.

പതിവു പോലെ ജോലിക്കു പോയ യുവതി തന്നോട് ജോലിക്കാര്യങ്ങളെ കുറിച്ച് സാധാരണ സംസാരിക്കാറുള്ളതു പോലെ സംസാരിച്ചെന്നും സുകാന്ത് പറയുന്നു. എന്നാല്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്ന മാതാപിതാക്കളുടെ സമ്മര്‍ദത്താല്‍ യുവതി വളരെയധികം ബുദ്ധിമുട്ടിയിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. യുവതി ഏതെങ്കിലും വിധത്തില്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് പിന്നില്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ത്ത മാതാപിതാക്കള്‍ ഏല്‍പ്പിച്ച സമ്മര്‍ദവും വിഷമവുമാണ് കാരണമെന്നും സുകാന്ത് ഹര്‍ജിയില്‍ ആരോപിക്കുന്നു.

യുവതിയുടെ മരണവുമായി താന്‍ യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും മറിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് ജീവിത പങ്കാളി നഷ്ടപ്പെട്ട ആളാണ് താനെന്നും സുകാന്ത് പറയുന്നു. തന്നെ ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും യുവതിയുടെ വീട്ടുകാര്‍ അതിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് സുകാന്തിന്റെ ആവശ്യം. യുവതിയില്‍ നിന്ന് ഇയാള്‍ പലവട്ടമായി പണം വാങ്ങിയെന്നും ശമ്പളം ഉള്‍പ്പെടെ ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിനു പുറമെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും ആരോപിച്ചാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

സ്‌നേഹം നിറഞ്ഞ പങ്കാളിയെ മാത്രമല്ല, അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ താന്‍ നിരപരാധിയാണ്. കുറ്റകൃത്യവുമായി ഒരു ബന്ധവുമില്ല. സംശയത്തിന്റെ നിഴലിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിടുകയാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനാവശ്യമായി തന്നെ സംശയിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് സുരേഷ് പറയുന്നു.

യുവതിയുടെ മാതാപിതാക്കള്‍ തനിക്കെതിരെ പരാതി നല്‍കിയതായി അറിഞ്ഞു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്റെ വാദം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഒന്നര ആഴ്ച മുമ്പാണ്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.

ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛന്‍ പൊലിസിന് കൈമാറിയിട്ടുണ്ട്. പൊലീസിന് മുന്നില്‍ ബന്ധുക്കള്‍ തെളിവുകള്‍ നല്‍കി, സുകാന്ത് അന്വേഷണവുമായ സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേര്‍ക്കാനുള്ള നീക്കം. പ്രതി ചേര്‍ത്താല്‍ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

മകളുടെ ശമ്പളത്തുക മുഴുവന്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മകളുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് ആയിരം രൂപ മാത്രമാണ്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. അതേസമയം ആരോപണ വിധേയനായ സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങളെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പത്തനംതിട്ടക്കാരി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്തനംതിട്ടക്കാരി ഉള്‍പ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Tags:    

Similar News