സാങ്കേതികപരിചയം ഇല്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം; ലിഫ്റ്റ് ഇടിച്ചുനിന്നത് കെട്ടിടം കുലുങ്ങുന്നതരത്തില്‍; സ്വര്‍ണക്കടയുടമ മരണത്തിലേക്ക് നയിച്ചത് നട്ടെല്ല് ഒടിഞ്ഞതും തലയ്ക്ക് പരുക്കേറ്റതും; സ്പീഡ് ഗവേണറിലെ തകരാറെന്ന് സൂചനകള്‍

സാങ്കേതികപരിചയം ഇല്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം

Update: 2025-05-31 09:56 GMT

കട്ടപ്പന: നിയന്ത്രണംവിട്ട ലിഫ്റ്റ് അതിവേഗത്തില്‍ മുകളിലേക്കു പോയി മേല്‍ക്കൂരയില്‍ ഇടിച്ച് ജ്വല്ലറി ഉടമ മരിച്ച സംഭവത്തില്‍ ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ലിഫ്റ്റ് കമ്പനി അധികൃതരും സംയുക്തമായി പരിശോധന നടത്തി. കട്ടപ്പന പവിത്ര ഗോള്‍ഡ് ജ്വല്ലറി മാനേജിങ് പാര്‍ട്‌നര്‍ അമ്പലക്കവല വി.ടി പടി പുളിക്കല്‍ സണ്ണി ഫ്രാന്‍സിസ് (65) ആണ് അപകടത്തില്‍ മരിച്ചത്. അപകടകാരണം കണ്ടെത്താനാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്.

നാടിനെ നടുക്കിയ ദുരന്തമാണ് ഉണ്ടായത്. നട്ടെല്ല് ഒടിയുകയും തലയ്ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതാണു സണ്ണിയുടെ മരണത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. സണ്ണി ലിഫ്റ്റില്‍ സഞ്ചരിക്കുമ്പോള്‍ വൈദ്യുതി പോയി ലിഫ്റ്റ് നിന്നു. തുടര്‍ന്നു ലിഫ്റ്റ് കമ്പനി അധികൃതരുടെ നിര്‍ദേശപ്രകാരം ജ്വല്ലറി ജീവനക്കാര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അമിതവേഗത്തില്‍ മുകളിലേക്കു പോയി അപകടമുണ്ടായെന്നാണു പൊലീസ് കണ്ടെത്തല്‍.

വൈദ്യുതി നിലച്ചാല്‍ ജനറേറ്റര്‍ തനിയെ ഓണായി ലിഫ്റ്റ് പ്രവര്‍ത്തിക്കുകയോ എആര്‍ഡി (ഓട്ടമാറ്റിക് റസ്‌ക്യു ഡിവൈസ്) മൂലം അടുത്ത നിലയിലെത്തി തുറക്കുകയോ ആണു ചെയ്യേണ്ടതെന്ന് അഡിഷനല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ആര്‍.രാജേഷ് ബാബു. ജ്വല്ലറിയിലെ ലിഫ്റ്റിന്റെ സ്പീഡ് ഗവേണറില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചോയെന്നു സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലിഫ്റ്റ് നിന്നുപോയപ്പോള്‍, സ്ഥാപനത്തിലുള്ളവര്‍ ലിഫ്റ്റ് ടെക്‌നീഷ്യനെ വീഡിയോകോള്‍ വിളിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരിയായ രീതിയിലല്ലാതെ ഈ ശ്രമം നടത്തിയപ്പോള്‍ സിഗ്‌നലില്‍ വ്യത്യാസമുണ്ടായതാണ് ലിഫ്റ്റ് മുകളിലേക്ക് അതിവേഗം കുതിക്കാന്‍ കാരണമെന്ന് പോലീസ് കരുതുന്നു.

സണ്ണി ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ സ്ഥാപനത്തിലുള്ളവര്‍ ലിഫ്റ്റ് കമ്പനിയുടെ ടെക്‌നീഷ്യനെ ബന്ധപ്പെടുകയായിരുന്നു. പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ അതിവേഗം മുകളിലേക്ക് കുതിച്ച ലിഫ്റ്റ്, കെട്ടിടമുള്‍പ്പെടെ കുലുങ്ങുന്നരീതിയിലാണ് നാലാംനിലയുടെ മുകളില്‍ ഇടിച്ചുനിന്നത്. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം പുരോഗമിക്കയാണ്.

കട്ടപ്പനയിലെ പവിത്ര ഗോള്‍ഡ് മാനേജിങ് പാര്‍ട്ണര്‍ സണ്ണി ഫ്രാന്‍സിസ് ബുധനാഴ്ച ഉച്ചയ്ക്ക് ലിഫ്റ്റ് അപകടത്തില്‍ മരിച്ചത്. പുളിയന്മല റോഡില്‍ പ്രവര്‍ത്തിക്കുന്ന പവിത്ര ഗോള്‍ഡിലാണ് അപകടം നടന്നത്. മുകള്‍നിലയില്‍നിന്ന് താഴേക്ക് വരുകയായിരുന്നു സണ്ണി. സണ്ണിമാത്രമായിരുന്നു ലിഫ്റ്റില്‍. തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ നിലയിലായിരുന്നു സണ്ണി. ലിഫ്റ്റില്‍ രക്തം തളംകെട്ടിനിന്നിരുന്നു. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇന്നലൊയായിരുന്നു സംസ്‌ക്കാരം.

Tags:    

Similar News