മഹാലക്ഷ്മി കൊലക്കേസ് പ്രതിയെ കണ്ടെത്തിയത് മരത്തില്‍ കെട്ടി തൂങ്ങിയ നിലയില്‍; ഓഡിഷയിലെത്തിയ ബെംഗളൂരു പോലിസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും മുന്‍പ് മരണം: മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത് കഷ്ണങ്ങളാക്കിയ നിലയില്‍
മഹാലക്ഷ്മി കൊലക്കേസ് പ്രതിയെ കണ്ടെത്തിയത് മരത്തില്‍ കെട്ടി തൂങ്ങിയ നിലയില്‍
ബെംഗളൂരു: മഹാലക്ഷ്മി കൊലക്കേസ് പ്രതിയെ കണ്ടെത്തിയത് മരത്തില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍. ഒഡിഷയില്‍ ആത്മഹത്യാ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ചന്‍ പ്രതാപ് റായ് കണ്ടെത്തിയത്. പോലിസ് എത്തുമ്പോഴേക്കും മരത്തില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. ബെംഗളൂരുവില്‍ മഹാലക്ഷ്മിയെന്ന യുവതിയെ കൊന്നു കഷ്ണങ്ങളാക്കി റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച കേസിലെ പ്രതിയാണ് മുക്തി രഞ്ചന്‍ പ്രതാപ് റോയ്. മുക്തി രഞ്ചന്‍ പ്രതാപ് റോയിയെ കുറിച്ച് അറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കാന്‍ ഒഡിഷയില്‍ എത്തിയപ്പോഴാണ് ആത്മഹത്യ.
അറസ്റ്റ് രേഖപ്പെടുത്തും മുന്‍പാണ് പ്രതിയുടെ ആത്മഹത്യ. ബെംഗളൂരുവിനെ നടുക്കിയ കൊലപാതകമാണ് മലാഹക്ഷ്മിയുടേത്. ബെംഗളൂരുവിലെ വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ ദിവസമാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ മാളില്‍ ജീവനക്കാരിയായിരുന്ന യുവതി പൈപ്പ്‌ലൈന്‍ റോഡില്‍ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ശ്രദ്ധ വാക്കര്‍ കൊലപാതകത്തോട് സമാനമായിരുന്നു ബിഹാര്‍ സ്വദേശിനിയായ മഹാലക്ഷ്മിയുടെ കൊലപാതകവും.
കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലായിരുന്നു 29കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശനിയാഴ്ച മഹാലക്ഷ്മിയുടെ ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ സമീപവാസികള്‍ യുവതിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ അമ്മയും സഹോദരിയും സമീപവാസികളുടെ നിര്‍ദേശപ്രകാരം മഹാലക്ഷ്മിയുടെ മുറിയിലെത്തിയപ്പോള്‍ വാതില്‍ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അകത്ത് കയറിനോക്കിയപ്പോഴാണ് ഫ്രിഡ്ജിന് സമീപത്ത് രക്തക്കറകളും ഈച്ചകളെയും കാണുന്നത്. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം നിരവധി കഷണങ്ങളാക്കി മുറിച്ച നിലയില്‍ കണ്ടെത്തിയത്.
ഏകദേശം 50 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലുകള്‍ സിംഗിള്‍ ഡോര്‍ ഫ്രിഡ്ജിന്റെ മുകള്‍ തട്ടിലായായിരുന്നു സൂക്ഷിച്ചിരുന്നു. മറ്റു ഭാഗങ്ങള്‍ താഴെയും സൂക്ഷിച്ചിരുന്നു. മൃതദേഹം കണ്ടെടുക്കുന്ന സമയത്ത് ചുരുങ്ങിയത് നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. അപ്പാര്‍ട്ട്മെന്റിന് പുറത്ത് നീല നിറത്തിലുള്ള സ്യൂട്ട് കേസ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതി മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ദിവസങ്ങള്‍ പിന്നിട്ടിട്ടും ബന്ധുക്കളാരും യുവതിയെ ഫോണില്‍ ബന്ധപ്പെടാതിരുന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.