മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയുമായി കോളജ് മാനേജ്‌മെന്റ്; പ്രിന്‍സിലിനും അസിസ്റ്റന്റ് പ്രൊഫസര്‍ക്കും സസ്പെന്‍ഷന്‍
ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തില്‍ പ്രിന്‍സിലിനും അസിസ്റ്റന്റ് പ്രൊഫസര്‍ക്കും സസ്പെന്‍ഷന്‍. കര്‍ണാടകയിലെ ദയാനന്ദ് സാഗര്‍ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഗോകുലത്തില്‍ വിനീതിന്റെ മകളാണ് അനാമിക.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ പീഡനം കാരണം അനാമിക മാനസിക വിഷമത്തിലായിരുന്നുവെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി.
ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അനാമിക മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുള്‍പ്പെടെ ചോദിച്ചുവെന്നും ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്.
ഞാനിനി പഠിച്ചിട്ട് കാര്യമില്ല. തലയില്‍ കയറുന്നില്ല. സസ്‌പെന്‍ഷന്‍ ആണെന്ന് പറഞ്ഞു. പേപ്പര്‍ കിട്ടിയിട്ടില്ല. സെമസ്റ്റര്‍ ആകുന്നതിന് ഇടയ്ക്ക് നമ്മള്‍ ഇറങ്ങുന്നതാണെങ്കില്‍ ഏജന്റിനോട് പറയുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പറയുന്നു. അങ്ങനെ എന്തെങ്കിലും വഴി നോക്കണം. ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലി അടിച്ച് വിടും. എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ടിട്ട് എനിക്ക് ഇവിടെ നിക്കണമെന്നില്ല. വട്ടാണെന്ന് ചോദിച്ചു. ഇനി ഞാന്‍ ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ', എന്നായിരുന്നു അനാമിക സുഹൃത്തുക്കളോട് ഫോണില്‍ സംസാരിച്ചത്.