ഡിണ്ടിഗലില്‍ മാമ്പഴത്തോട്ടത്തില്‍ മലയാളി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍; അഴുകിയ നിലയിലുളള മൃതദേഹത്തിന് അരികില്‍ നിന്ന് ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി; പരിശോധന നടത്തി എന്‍ഐഎയും ക്യു ബ്രാഞ്ചും ഭീകര വിരുദ്ധ സേനയും

ഡിണ്ടിഗലില്‍ മലയാളി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Update: 2025-03-01 12:06 GMT

കോട്ടയം: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ മലയാളി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് കൊല്ലപ്പെട്ടത്. ഡിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സാബു ജോണ്‍ ഒരാഴ്ചയായി ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. ഒരു മാസം മുമ്പാണ് തമിഴ്‌നാട്ടിലേക്ക് പോയത്. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തുന്നു.

ഡിണ്ടിഗല്‍ സിരുമല പാതയില്‍ വനത്തിനോട് ചേര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് പൊലീസെത്തി ഇവിടെ പരിശോധന നടത്തിയത്. എന്‍ഐഎയ്ക്ക് പുറമേ, ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും പരിശോധന നടത്തി.

കട്ടപ്പന സ്വദേശിയായ സാബു ജോണ്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊന്‍കുന്നത്താണ് താമസിക്കുന്നത്. ഡിണ്ടിഗലില്‍ മാന്തോട്ടം പാട്ടത്തിനെടുക്കാന്‍ പോവുകയാണെന്നാണ് നാട്ടില്‍ പറഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹം തമിഴ്‌നാട്ടിലേക്ക് പോയത്. സാബുവിന്റെ മൂന്നു പെണ്‍മക്കളും വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഡിണ്ടിഗലില്‍നിന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്നു ചെങ്ങളം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

Tags:    

Similar News