ഒന്നരക്കോടി രൂപയുടെ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിയുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

ഒന്നരക്കോടി രൂപയുടെ വായ്പയുടെ പേരിൽ മൂന്നേമുക്കാൽ ലക്ഷം രൂപ തട്ടി

Update: 2024-10-08 01:16 GMT

കോട്ടയം: ഒന്നരക്കോടിരൂപ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോട്ടയം സ്വദേശിയില്‍ നിന്നും മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ ആര്‍. പൊന്‍ചന്ദ്രമൗലിശ്വറി (37) നെയാണ് തൃക്കൊടിത്താനം പോലീസ് തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂരുള്ള ഫിനാന്‍സ് കമ്പനിയില്‍നിന്നും ഒന്നരക്കോടി രൂപ വായ്പ തരപ്പെടുത്തികൊടുക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി പ്രോസസിങ് ഫീസ് ഇനത്തില്‍ 39,900 രൂപ ഗൂഗിള്‍ പേവഴി വാങ്ങി. പിന്നീട് ഗ്യാരണ്ടിക്കായി വാങ്ങിയ ചെക്ക് ലീഫുകള്‍ ബാങ്കില്‍ നല്‍കി യുവാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന മൂന്നരലക്ഷത്തോളം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

അക്കൗണ്ടിലെ പണം നഷ്ടമായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാടപ്പള്ളി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ യുവാവിന്റെ പണം പ്രതിയുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. എസ്.ഐ. സിബിമോന്‍, സി.പി.ഒ.മാരായ ശ്രീകുമാര്‍, അരുണ്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News