കടയിലെത്തിയ പെണ്‍സുഹൃത്തിനെ അപമാനിച്ചത് വിനോദിന് സഹിക്കാന്‍ ആയില്ല; ആന്റണിയെ വിളിച്ച് ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് 25000 രൂപയ്ക്ക്; രാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് വണ്ടിയിടിപ്പിച്ച്; വ്യാപാരിക്കെതിരേ ക്വട്ടേഷന്‍ കൊടുത്ത് തൊട്ടടുത്ത കടക്കാരന്‍; നെയ്യാറ്റിന്‍കരയിലെ പ്രണയ ക്വട്ടേഷന്റെ കഥ
കടയിലെത്തിയ പെണ്‍സുഹൃത്തിനെ അപമാനിച്ചത് വിനോദിന് സഹിക്കാന്‍ ആയില്ല
നെയ്യാറ്റിന്‍കര: പ്രണയ വൈരത്താല്‍ ക്വട്ടേഷനുകള്‍ കൊടുക്കുന്ന സംഭവം മലയാളികള്‍ക്ക് അത്ര പുതുമയുള്ള കാര്യമല്ല. ഇപ്പോഴിതാ സമാനമായ ഒരു സംഭവം നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരിക്കയാണ്. പെണ്‍സുഹൃത്തിനോട് മോശമായി സംസാരിച്ച കച്ചവടക്കാരന് ക്വട്ടേഷന്‍ നല്‍കിയത് മറ്റൊരു വ്യാപാരി ആയിരുന്നു. സംഭവത്തിലെ ചുരുളഴിഞ്ഞത് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായതോടെയാണ്.
പെരുമ്പഴുതൂരില്‍ പ്രൊവിഷണല്‍ സ്റ്റോര്‍ നടത്തുന്ന കരിപ്രക്കോണം, കൃപാസദനത്തില്‍ രാജനെ(60) വാഹനമിടിച്ചിട്ടശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ക്വട്ടേഷന്‍ നല്‍കിയ തൊട്ടടുത്ത കടക്കാരനെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ നല്‍കിയ പെരുമ്പഴുതൂരില്‍ ഹൗസ് മെയ്ഡ് ബേക്കറി നടത്തുന്ന വണ്ടന്നൂര്‍, പാരഡൈസ് വീട്ടില്‍ വിനോദ് കുമാറി(43)നെയും ക്വട്ടേഷന്‍ ഏറ്റെടുത്ത കുന്നത്തുകാല്‍, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനില്‍ മനോജ് എന്നുവിളിക്കുന്ന ആന്റണി(33) യെയുമാണ് പിടികൂടിയത്.
പ്രതി വിനോദ്കുമാറിന്റെ പെണ്‍സുഹൃത്ത് രാജന്റെ കടയില്‍ സാധനം വാങ്ങാനെത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയതാണ് ക്വട്ടേഷന്‍ നല്‍കി ആക്രമിക്കാന്‍ കാരണം. ഈ സംഭവത്തില്‍ നെടുമങ്ങാട് സ്വദേശികളായ മൂന്നുപേരെ പിടികൂടിയിരുന്നു. കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് വിഷ്ണുപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്.
കടയടച്ചശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന രാജനെ പിന്നില്‍നിന്നും കാറില്‍ പിന്തുടര്‍ന്നെത്തിയ ക്വട്ടേഷന്‍ സംഘം ഇടിച്ചിട്ടു. തുടര്‍ന്ന് വാളും ഇരുമ്പ് പൈപ്പുംകൊണ്ട് ആക്രമിച്ചു. ഈ സമയം രാജന്റെ കടയിലെ ജീവനക്കാരന്‍ പിന്നാലെ വരുകയായിരുന്നു. ആക്രമിക്കുന്നതു കണ്ട് ഇയാള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ വാള്‍വീശി ഭീഷണിപ്പെടുത്തിയശേഷം കടന്നുകളഞ്ഞു.
സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ നെടുമങ്ങാട്, മുണ്ടേല, കൊക്കോതമംഗലം, മേലെവിളവീട്ടില്‍ രഞ്ജിത്(34), നെടുമങ്ങാട്, മഞ്ച, പത്താംകല്ല്, പാറക്കാട് തോട്ടരികത്തുവീട്ടില്‍ സുബിന്‍(32), പാങ്ങോട്, കല്ലറ, തുമ്പോട്, ഒഴുകുപാറ, എസ്.ജി. ഭവനില്‍ സാം(29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ആന്റണിയും വിനോദ്കുമാറും പിടിയിലാകുന്നത്. ഇരുവരും രാജനെ ഇടിച്ചിട്ട കാറിലുണ്ടായിരുന്നു.
തന്റെ പെണ്‍സുഹൃത്തിനു നേരേ മോശം പെരുമാറ്റമുണ്ടായത് വിനോദ് സുഹൃത്തായ ആന്റണിയെ അറിയിക്കുകയും 25000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു. ആന്റണി ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നെടുമങ്ങാട് സ്വദേശിയായ രഞ്ജിത്തിന് ഇരുപതിനായിരം രൂപ നല്‍കി ക്വട്ടേഷന്‍ ഉറപ്പിച്ചു. രഞ്ജിത്ത് സുഹൃത്തുക്കളായ സുബിനെയും സാമിനെയും കൂട്ടി സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് പെരുമ്പഴുതൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നായിരുന്നു ആക്രമണം.
വിനോദ് നേരത്തെ അമരവിളയില്‍ ബേക്കറി നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അമരവിളയിലെ കട മതിയാക്കി നാലുവര്‍ഷം മുമ്പാണ് പെരുമ്പഴുതൂരില്‍ കട തുടങ്ങിയത്. രാജന്‍ ഒരു വര്‍ഷം മുന്‍പാണ് പെരുമ്പഴുതൂരില്‍ പ്രൊവിഷണല്‍ സ്റ്റോര്‍ തുടങ്ങിയത്.
വിനോദ്കുമാറിനെയും ആന്റണിയെയും പെരുമ്പഴുതൂരിലെ കടയിലും സംഭവം നടന്ന വിഷ്ണുപുരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.ഷാജിയുടെയും എസ്.എച്ച്.ഒ. എസ്.ബി.പ്രവീണിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ. എസ്.വി.ആശിഷ്, സീനിയര്‍ സി.പി.ഒ.മാരായ അരുണ്‍കുമാര്‍, ബിനോയ് ജസ്റ്റിന്‍, സി.പി.ഒ. ലെനിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.