അടയ്ക്കാ കച്ചവടത്തിന്റെ പേരില്‍ വ്യാപാരികളായ ദമ്പതികളെ കബളിപ്പിച്ച് ഒരു കോടി തട്ടി; മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍
ദമ്പതികളിൽനിന്ന് ഒരു കോടി തട്ടിയ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
കോട്ടയം: അടയ്ക്കാ കച്ചവടത്തിന്റെ പേരില്‍ വ്യാപാരികളായ ദമ്പതികളെ കബളിപ്പിച്ച് 1.10 കോടി തട്ടിയെടുത്ത കേസില്‍ മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍. അനീസ് ഫാറൂഖി പഞ്ചാബി(46) െഎന്ന തട്ടിപ്പുകാരനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന ദമ്പതികളാണ് ഇയാളുടെ തട്ടിപ്പിനിരയായത്.
മലഞ്ചരക്ക് വ്യാപാരം നടത്തുന്ന ദമ്പതികളോട് 1.52 കോടിക്ക് 54 ടണ്‍ അടയ്ക്ക നല്‍കാമെന്നു വിശ്വസിപ്പിച്ച് പലപ്പോഴായി ഇയാളുടെ അക്കൗണ്ടിലേക്ക് 1.10 കോടി രൂപ വാങ്ങുകയായിരുന്നു. പണം നല്‍കി ഏറെ ദിവസങ്ങള്‍ പിന്നിട്ടിട്ടും അടയ്ക്ക കിട്ടാതായതോടെ ഇവര്‍ പണം തിരികെ ചോദിച്ചു. ഇതോടെ വ്യാജ സ്വര്‍ണാഭരണങ്ങളും വ്യാജ ചെക്ക് ലീഫുകളും നല്‍കി. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞു പണം നല്‍കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതോടെ ദമ്പതികള്‍ ഈരാറ്റുപേട്ട പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
പരാതിയെത്തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ പരിശോധനയില്‍ ഇയാള്‍ ഗോവയിലുണ്ടെന്നു കണ്ടെത്തുകയും തുടര്‍ന്ന് അന്വേഷണസംഘം അവിടെയെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ ഡിവൈഎസ്പി സദന്‍, ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്‌ഐ ടി. ആര്‍. ദീപു, എന്‍. സന്തോഷ് കുമാര്‍, സിപിഒമാരായ ജോബി ജോസഫ്, സി. രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.