കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കാഞ്ഞിരക്കൊല്ലി സ്വദേശി നിതീഷ് ബാബു; ഭാര്യയുടെ മുന്‍പില്‍ ഭര്‍ത്താവിന്റെ അരുംകൊല; കൊലപാതകം തടുക്കാന്‍ ശ്രമിച്ച ഭാര്യ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍; ആക്രമിച്ചത് ബൈക്കിലെത്തി രണ്ടംഗ സംഘം
കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി;
കണ്ണൂര്‍: കണ്ണൂരിനെ നടുക്കി അരുംകൊല. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അതീവ ഗുരുതരമായി വെട്ടേറ്റ ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു. ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്.
ശ്രുതിയെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ചഉച്ചക്ക് 12.45 നാണ് സംഭവം. നിധീഷിന്റെ ദേഹത്ത് നിരവധി വെട്ടുകളേറ്റിട്ടുണ്ട്. കൊല്ലാനായി തന്നെയാണ് പ്രതികളെത്തിയതെന്നാണ് പൊലിസ് പറയുന്നത്. ഇതു തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാന്ന് ഭാര്യയ്ക്ക് വെട്ടേറ്റത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവരെന്നാണ് പ്രാഥമിക വിവരം പയ്യാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വീടിനോട് ചേര്‍ന്ന കൊല്ലക്കുടിലില്‍ എത്തി വാക്കുതര്‍ക്കം ഉണ്ടാക്കുകയും കൊല്ലക്കുടിലില്‍ തന്നെ ഉണ്ടായിരുന്ന വാക്കത്തി എടുത്ത് വെട്ടുകയുമായിരുന്നു എന്നാണ് വിവരം. കൊലയാളികളെ കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. പള്‍സര്‍ ബൈക്കില്‍ എത്തിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിനു പിന്നിലുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല. ബൈക്കില്‍ എത്തിയവര്‍ ഇതിന് മുന്‍പും ഇവിടെ വന്നവരാണെന്നും പറയപ്പെടുന്നുണ്ട്.