അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനു നേരെ വധശ്രമം; സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വെച്ച് വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച നാരായണ്‍ സിങ് എന്നയാള്‍ കസ്റ്റഡിയില്‍; രണ്ട് തവണ വെടിയുതിര്‍ത്തു; ആക്രമണം ക്ഷേത്രത്തിലെ പ്രവേശന കവാടത്തിന് സമീപത്തു വെച്ച്; ആര്‍ക്കും പരിക്കില്ലെന്ന് പോലീസ്
അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനു നേരെ വധശ്രമം
ന്യൂഡല്‍ഹി: അമൃത്സറിനെ സുവര്‍ണ ക്ഷേത്രത്തില്‍ വെടിപൊട്ടി. അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനുനേരെയാണ് വധശ്രമം ഉണ്ടായത്. അതീവ സുരക്ഷ മേഖലയായ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിവെയ്പ്പുണ്ടായത്. അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് വെച്ചാണ് വധശ്രമം ഉണ്ടായത്. തലനാരിഴയ്ക്കാണ് ബാദല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. സുഖ്ബീര്‍ സിങിന്റെ സമീപത്ത് നിന്നാണ് വെടിവെയ്പ്പുണ്ടായത്. സുവര്‍ണ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരികില്‍ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
എന്നാല്‍, അക്രമി തോക്കുമായി മുന്നോട്ടു വരുന്നത് കണ്ട ബാദലിന് ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ഇടപെടുകയായിയിരുന്നു, അക്രമിയുടെ കൈയില്‍ പിടിച്ചതോടെ ഇയാള്‍ക്ക് ലക്ഷ്യം തെറ്റി. ഇയാളെ ഉടന്‍ തന്നെ സുഖ്ബീര്‍ സിങിന്റെ ഒപ്പമുണ്ടായിരുന്നവര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. നാരാണയണ്‍ സിങ് എന്നായാളാണ് വെടിയുതിര്‍ത്തത്. ഇയാളുടെ ലക്ഷ്യം എന്തായിരുന്നെന്ന് വ്യക്തമല്ല. ഖലിസ്താന്‍ അനുകൂല സംഘടനാ അംഗമാണ് നാരായണ്‍ സിംഗ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
നാരായണല്‍ സിങ് ഉതിര്‍ത്ത വെടി പ്രവേശന കവാടത്തിന്റെ ചുവരിലാണ് വെടിയുണ്ടകള്‍ ചെന്നു പതിച്ചതെന്നും ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെങ്കിലും സുഖ്ബീര്‍ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം തുടങ്ങിവയായിരുന്നു ശിക്ഷയായി വിധിച്ചത്. രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്.
2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. സിഖ്മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.