ആറ്റുനോറ്റ് പോലീസ് പരീക്ഷയ്ക്ക് അപേക്ഷ നൽകാനെത്തിയ യുവാവ്; കഫേയിലെ പെണ്‍കുട്ടിയുമായി അറിയാതെ ഒന്ന് സംസാരിച്ചതിന് കൊടും ക്രൂരത; കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കൾ; ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച
മുംബൈ: ഒരു പെൺകുട്ടിയുമായി സംസാരിച്ചതിന് കൊടുംക്രൂരത. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി സംസാരിച്ചു എന്ന് ആരോപിച്ചാണ് 20-കാരനെ പത്തംഗസംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം.
പോലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സുലൈമാന്‍ ഖാന്‍ ആണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
പോലീസ് തിരഞ്ഞെടുപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ജാംനറിലെ ഒരു ഓണ്‍ലൈന്‍ കഫേയില്‍ പോയതായിരുന്നു സുലൈമാന്‍ ഖാന്‍. കഫേയിലെ പെണ്‍കുട്ടിയുമായി സംസാരിക്കുന്നതു കണ്ട് ചിലര്‍ ഇത് ചോദ്യം ചെയ്തു. തുടര്‍ന്നാണ് സംഘം സുലൈമാന്‍ ഖാനെ മര്‍ദിക്കാന്‍ തുടങ്ങിയത്. അക്രമികള്‍ നിര്‍ബന്ധിച്ച് സുലൈമാനെ സ്വന്തം ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോവുകയും ബസ് സ്റ്റാന്‍ഡില്‍വെച്ച് വടിയും മറ്റും ഉപയോഗിച്ച് വീണ്ടും മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനം തടയാനെത്തിയ സുലൈമാന്റെ വീട്ടുകാര്‍ക്കും മര്‍ദനമേറ്റു.
സുലൈമാനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ജാംനറില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ സാധ്യതാ മേഖലകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍തന്നെ അറസ്റ്റുചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുലൈമാന്റെ ബന്ധുക്കളും പ്രദേശവാസികളും ജാംനര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.
തട്ടികൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ നേരത്തേ നിലനിന്നിരുന്ന തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.