ജാര്‍ഖണ്ഡിലെ വീടിന്റെയും സ്ഥലങ്ങളുടെ രേഖകളും സ്വര്‍ണാഭരണങ്ങളും കാര്‍-ബാങ്ക് രേഖകള്‍... ഇതെല്ലാം ഫയലിലാക്കി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്; നിങ്ങള്‍ ഇതൊക്കെ അബുദാബിയിലുള്ള എന്റെ സഹോദരിക്ക് കൈമാറണം; അവളുടെ പേരും ഫോണ്‍ നമ്പറും ഒപ്പം നല്‍കുന്നു: മനീഷ് വിജയിന്റെ ഈ കുറിപ്പില്‍ കാരണമില്ല; കാക്കനാട്ടെ മരണങ്ങള്‍ ദുരൂഹമോ?

Update: 2025-02-22 06:17 GMT

കാക്കനാട്: 'ജാര്‍ഖണ്ഡിലെ വീടിന്റെയും സ്ഥലങ്ങളുടെയും രേഖകള്‍, സ്വര്‍ണാഭരണങ്ങള്‍, കാര്‍, ബാങ്ക് സംബന്ധമായ രേഖകള്‍... ഇതെല്ലാം ഫയലിലാക്കി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നിങ്ങള്‍ ഇതൊക്കെ അബുദാബിയിലുള്ള എന്റെ സഹോദരിക്ക് കൈമാറണം. അവളുടെ പേരും ഫോണ്‍ നമ്പറും ഒപ്പം നല്‍കുന്നു'-കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മനീഷ് വിജയിന്റേത് ആത്മഹത്യയെന്ന് പോലീസ് ഉറപ്പിക്കുന്നതിന് കാരണം ഈ കുറിപ്പാണ്. കേരള പോലീസിന് കാക്കനാട് ടി.വി. സെന്ററിനു സമീപത്തെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സെന്‍ട്രല്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ് എഴുതിയ കുറിപ്പില്‍ കാര്യങ്ങള്‍ വ്യക്തമാണ്. കുടുംബത്തില്‍ ഇനി ശേഷിക്കുന്ന അവകാശിക്ക് എല്ലാം കിട്ടണം.

ഡയറിയില്‍നിന്ന് കീറിയെടുത്ത പേപ്പര്‍ കഷണത്തില്‍ ഇംഗ്ലീഷിലാണ് ഈ കുറിപ്പ് എഴുതിയത്. കിടപ്പുമുറിക്ക് സമീപത്തെ മേശപ്പുറത്തുനിന്നാണ് പോലീസിന് ഇത് കിട്ടിയത്. അബുദാബിയില്‍ ജോലിചെയ്യുന്ന സഹോദരി പ്രിയയ്ക്ക് രേഖകള്‍ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മനീഷ് ഡയറിയില്‍ ഹിന്ദിയില്‍ എഴുതിയ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ആത്മഹത്യാ കുറിപ്പാണെന്നും സൂചനയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ വേണ്ടി കാത്തിരിക്കുകയാണ് പോലീസ്. വീട്ടിലെ സാധനങ്ങളൊക്കെ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ ഉള്‍പ്പെടെ അടുക്കിപ്പെറുക്കി വെച്ചിരിക്കുകയായിരുന്നു. രണ്ട് അലമാരയില്‍നിന്നായി പത്ത് പവനോളം സ്വര്‍ണവും കണ്ടെടുത്തു. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു. നടപടികള്‍ പൂര്‍ത്തിയായ ശേഷം പ്രിയയ്ക്ക് അതും കൈമാറും.

ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശികളായ യു.സി. വിജയ്ക്കും ശകുന്തള അഗര്‍വാളിനും നാല് മക്കളാണ്. അച്ഛന്‍ മക്കളുടെ ചെറിയ പ്രായത്തിലേ മരിച്ചു. ബൊക്കാറോയില്‍ അധ്യാപികയായിരുന്ന അമ്മയാണ് നാലുമക്കളേയും വളര്‍ത്തിയത്. ഒരു മകള്‍ വിവാഹം ചെയ്ത് ഇപ്പോള്‍ വിദേശത്താണ്. ഒരു സഹോദരന്‍ മരിക്കുകയും ചെയ്തു. ഇതും ആത്മഹത്യയായിരുന്നു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണറായിരിക്കെയാണ് കഴിഞ്ഞ ഏപ്രിലില്‍ മനീഷ് കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടി വരുന്നത്. ജോലിയില്‍ ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും പുലര്‍ത്തുകയും ചെയ്തു.

കാര്യമായ സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നും കുടുംബത്തെ അലട്ടിയിരുന്നില്ലെന്നാണ് വിവരം. ജീവനൊടുക്കിയതാണെങ്കില്‍ അതിന് മറ്റ് കാരണങ്ങളുണ്ടാകാമെന്നാണ് പോലീസ് നിഗമനം. വീട്ടില്‍നിന്ന് കണ്ടെത്തിയ കുറിപ്പില്‍ പക്ഷേ മരണ കാരണമൊന്നും വ്യക്തമാക്കിയിട്ടുമില്ലെന്നാണ് പോലീസ് പ്രാഥമികമായി പറയുന്നത്. പ്രധാനമായും രണ്ട് സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്. അമ്മ ഏതോ കാരണത്താല്‍ മരിച്ചു. ഫെബ്രുവരി 14-ന് മക്കള്‍ ഓണ്‍ലൈനായി പൂക്കള്‍ വാങ്ങി. അമ്മയെ തുണിയില്‍ പുതച്ച് പൂക്കള്‍ വിതറിയ ശേഷം തലഭാഗത്ത് മനീഷും ശാലിനിയും അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം വെച്ചു. അമ്മയെ ഏറെ സ്‌നേഹിച്ചിരുന്ന ഇരുവരും അമ്മ മരിച്ചത് പുറംലോകത്തെ അറിയിക്കാതെ ആത്മഹത്യ ചെയ്തുവെന്നാണ് ഒരു നിഗമനം.

2006-ല്‍ നടന്ന ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്ന ശാലിനി രണ്ട് വര്‍ഷം ഡെപ്യൂട്ടി കളക്ടറായി ജോലി നോക്കി. പിന്നീട് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ ശാലിനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്ന മൂത്ത സഹോദരിയായ ശാലിനിയെ മനീഷ് കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇതിനിടെ കേസ് ഏറ്റെടുത്ത സി.ബി.ഐ. സഹോദരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അറസ്റ്റോ മാനഹാനിയോ ഭയന്ന് അമ്മയെ ഇല്ലാതാക്കിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്ന മറ്റൊരു സാധ്യതയും പോലീസ് സംശയിക്കുന്നുണ്ട്.

കൊച്ചി കച്ചേരിപ്പടിയിലുള്ള സെന്‍ട്രല്‍ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫീസിലെ അഡീഷണല്‍ കമ്മീഷണറായ ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരെയാണ് 20ന് വൈകിട്ട് ആറുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന കാക്കനാട് ഈച്ചമുക്കിലെ സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്സിലെ 114ആം നമ്പര്‍ വീട്ടിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 42 വയസുള്ള മനീഷ് വിജയ്യുടെ മൃതദേഹം ഹാളിനോട് ചേര്‍ന്നുള്ള വലത്തേ മുറിയിലും 35 വയസുള്ള സഹോദരിയുടേത് വീടിന് പിന്‍ഭാഗത്തെ മുറിയിലും 80 വയസുകാരിയായ മാതാവിന്റേത് വീടിന്റെ ഇടത്തേ മുറിയില്‍ പുതപ്പ് കൊണ്ട് മൂടി പൂക്കള്‍ വര്‍ഷിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

പൂക്കള്‍ വാങ്ങിയിരുന്നതിന്റെ ബില്ലുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബില്ലിലെ തീയതി 14 ആണ്. വീട്ടില്‍ സ്ഥിരമായി പൂജകള്‍ നടത്തിയിരുന്നു. ഇവര്‍ക്ക് പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. അമ്മയുടെ മൃതദേഹത്തില്‍ നിന്നും മുറിയില്‍നിന്നുമായി പത്ത് പവന്റെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. അടുക്കളയില്‍ സ്റ്റൗവിന് സമീപം കത്തി ചാരമായ നിലയില്‍ കണ്ടെത്തിയ കടലാസുകള്‍ എന്തെന്ന് വ്യക്തമല്ല.

Tags:    

Similar News