പഴയ സ്വര്‍ണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വര്‍ണം; നിശ്ചിത തുക വിവിധ കാലയളവില്‍ നിക്ഷേപിച്ചാല്‍ മൂന്‍കൂറായി സ്വര്‍ണം; വാഗ്ദാന പെരുമഴയുമായി മട്ടന്നൂര്‍ മൈ ഗോള്‍ഡ് തട്ടിപ്പ്: പ്രതികളായ ആറു പേര്‍ വിദേശത്തേക്ക് മുങ്ങി; പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കും
മട്ടന്നൂര്‍ മൈ ഗോള്‍ഡ് തട്ടിപ്പ്: പ്രതികളായ ആറു പേര്‍ വിദേശത്തേക്ക് മുങ്ങി
കണ്ണൂര്‍: മട്ടന്നൂര്‍ നഗരത്തിലെ മൈഗോള്‍ഡ് ജൂവലറി കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളായ ആറു പേര്‍ വിദേശത്തേക്ക് കടന്നതായി പൊലിസിന് സൂചന ലഭിച്ചു. ഉടമകളായ ആറു പേരാണ് ജ്വല്ലറി പൂട്ടി നിക്ഷേപകരുടെ പണവുമായി മുങ്ങിയത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസിറക്കാനുള്ള തീരുമാനത്തിലാണ് മട്ടന്നൂര്‍ പൊലിസ്. ഇതിനിടെ പ്രതികളിലൊരാളുടെ സഹോദരനെ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിക്ഷേപ തട്ടിപ്പ് കേസിലെ ഏഴാം പ്രതിയായ മുഴക്കുന്ന് സ്വദേശി ഹാഷിറി(22)നെയാണ് മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം.അനിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പഴയ സ്വര്‍ണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വര്‍ണം നല്‍കാമെന്നും നിശ്ചിത തുക വിവിധ കാലയളവില്‍ നിക്ഷേപിച്ചാല്‍ മൂന്‍കൂറായി സ്വര്‍ണം നല്‍കുമെന്നും മറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പ്രതികളെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനാണ് ഹാഷിറിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
മൈഗോള്‍ഡ് ജൂവലറി ഉടമകളായ മുഴക്കുന്ന് സ്വദേശി തഫ്സീര്‍ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തഫ്‌സീറിന്റെ സഹോദരനാണ് അറസ്റ്റിലായ ഹാഷിര്‍. പ്രധാന പ്രതികളെല്ലാം വിദേശത്തേക്ക് കടന്നതായാണ് വിവരം. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ജൂവലറി അടച്ചിട്ടതോടെയാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടെന്ന് കാണിച്ച് പരാതിക്കാര്‍ എത്താന്‍ തുടങ്ങിയത്. ഇതുവരെ 12 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ തന്നെ ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. 50ഓളം പരാതികളാണ് ആകെ ലഭിച്ചത്. 20 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണ് പോലീസ് കണക്കാക്കുന്നത്.
പ്രധാന പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഹാഷിറിന്റെ പേരില്‍ കേസെടുത്തത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കാനും പ്രതികളെ നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ് സ്വര്‍ണ നിക്ഷേപ തട്ടിപ്പില്‍ കണ്ണൂര്‍, ചക്കരക്കല്‍, പാനൂര്‍ എന്നിവടങ്ങളിലെ ജ്വല്ലറി ഉടമകളും ഇരയായിട്ടുണ്ട്. പഴയ സ്വര്‍ണം കൂടിയ വിലയ്ക്ക് നല്‍കി നടപ്പു വിലയ്ക്ക് പുതിയ സ്വര്‍ണം തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ജ്വല്ലറി ഉടമകളെ പ്രതികള്‍ വഞ്ചിച്ചത്.