ബാഗിലെ തുണികൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; അമരവിളയിൽ പിടിയിലായത് ബെംഗളൂരുവിലെ എംബിഎ വിദ്യാർത്ഥി; പിടിയിലായത് മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ഇടനിലക്കാരൻ; ലഹരി മരുന്ന് അതിർത്തി കടത്താൻ വിദ്യാർത്ഥികളും; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് ?
തിരുവനന്തപുരം: സ്വകാര്യ ബസിൽ ലഹരി മരുന്ന് കടത്തിയ പ്രതിയെ എക്സൈസ് പിടികൂടിയത് സാഹസികമായി. ബാഗിൽ തുണികൾക്കിടയിലായി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചാണ് ലഹരി മരുന്ന് കടത്തിയത്. കൊല്ലം സ്വദേശി സുഹൈൽ നസീറാണ് എക്സൈസിന്‍റെ പിടിയിലായത്. ബെംഗളൂരുവിൽ എംബിഎ വിദ്യാർഥിയാണ് സുഹൈൽ നസീർ. അമരവിള ചെക്പോസ്റ്റിൽ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ ബസ്സിലാണ് ന്യൂജൻ മയക്കുമരുന്നായ എംഡിഎംഎയുമായി സുഹൈൽ കുടുങ്ങിയത്. 190 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ഇടനിലക്കാരനാണ് സുഹൈൽ നസീറെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ന് രാവിലെ എക്സൈസ് സംഘം ചെക്പോസ്റ്റിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധിക്കുകയായിരുന്നു. കല്ലമ്പലത്തേക്കുള്ള യാത്രക്കിടെയാണ് സുഹൈലിനെ പിടികൂടിയത്. ഇയാൾ കൊല്ലം-തിരുവനന്തപുരം ജില്ലകളിലും വർക്കല ബീച്ചിലും വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം. സുഹൈൽ നേരത്തെയും മയക്കുമരുന്ന് കടത്തിയതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ഇതിനാലാണ് മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ഇടനിലക്കാരനാണ് സുഹൈൽ നസീറെന്ന് സംശയിക്കാൻ കാരണം. പ്രതിയെ ചോദ്യം ചെയ്ത കഴിഞ്ഞാൽ ലഹരി കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ എക്‌സൈസ് സംഘത്തിന് ലഭിക്കും. കഴിഞ്ഞ കുറച്ച് കാലങ്ങളായി വലിയ തോതിൽ ലഹരി മരുന്നുകൾ അന്യസംസ്ഥാനങ്ങളിൽ നിന്നും അതിർത്തി വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിക്കുന്നുണ്ട്. അതിനാൽ എക്‌സൈസും, മറ്റ് പോലീസ് സേനകളും കനത്ത പരിശോധനയാണ് അതിർത്തിയിൽ നടത്തുന്നത്. നിരവധി ശ്രമങ്ങൾ വിഫലമാക്കാനും എക്സൈസിനായിട്ടുണ്ട്. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് അമരവിലയിൽ നിന്ന് വീണ്ടും ലഹരി പിടികൂടുന്നത്.
കേരളത്തിലേക്ക് ലഹരി എത്തിക്കാൻ കടത്തൽ സംഘങ്ങൾ അന്യസംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതിന് തെളിവാണ് അമരവിളയിലെ സുഹൈൽ നസീറിന്റെ അറസ്റ്റ്. ബാഗിൽ തുണികൾക്കിടയിലായി പ്ലാസ്റ്റിക് കവറിലാണ് എംഡി എംഎ ഒളിപ്പിച്ചിരുന്നത്. ആർക്ക് വേണ്ടിയാണ് കേരളത്തിലേക്ക് ലഹരി എത്തിച്ചതെന്ന കാര്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്നും എക്സൈസ് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായാൽ അന്വേഷണ സംഘത്തിന് ലഹരി കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കും. അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്.