സ്വകാര്യ കാറില്‍ കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയില്‍ യാത്ര തിരിക്കും; വാഹനത്തിലുള്ള സ്ത്രീകളുടെ ശരീരത്തില്‍ ചെറുപൊതികളിലായി എംഡിഎംഎ സൂക്ഷിക്കും; ഇവരെ പറ്റ് സൂചന ലഭിച്ച പോലീസും ഡാന്‍സാഫ് ടീമും ശക്തമായ നിരീക്ഷണം ആരംഭിച്ചു; ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടി പോലീസ്; ഏഴരലക്ഷം വിലവരുന്ന ലഹരി പിടികൂടി
പാറശ്ശാല: ബെംഗളൂരുവില്‍ നിന്ന് സംസ്ഥാനത്തേക്ക് എംഡിഎംഎ കടത്താന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. സംസ്ഥാന അതിര്‍ത്തിയായ ചെറുവാരക്കോണത്തിന് സമീപം നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വാഹനത്തില്‍ നിന്ന് 175 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. വിപണിവില ഏകദേശം ഏഴര ലക്ഷം രൂപ വരുമെന്ന് അധികൃതര്‍ അറിയിച്ചു. കൊട്ടാരക്കര മാത്തനാട് ചരുവിള പുത്തന്‍വീട്ടില്‍ ഷമി (32),കണിയാപുരം ചിറ്റാറ്റുമുക്ക് ജഹ്നി മന്‍സിലില്‍ മുഹമ്മദ് കല്‍ഫാന്‍ (24), ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ മണക്കാട്ടുവിളാകത്തില്‍ ആഷിക്ക് (20), ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ മണക്കാട്ടുവിളാകത്തില്‍ അല്‍ അമീന്‍ (23) എന്നിവരാണ് പിടിയിലായത്.
പാറശ്ശാല റൂറല്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും പൊഴിയൂര്‍ പോലീസും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ഇവരെ കുറച്ച് അധികം കാലമായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് ലഹരി വാങ്ങി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയാണ് ഈ സംഘത്തിന്റെ രീതി. കുടുംബവിനോദയാത്രയ്ക്കുള്ള കാറാണെന്ന തോന്നല്‍ സൃഷ്ടിച്ച് മയക്കുമരുന്ന് കടത്തുകായിരുന്നു ഇവരുടെ രീതി. സ്ത്രീകളുടെ വസ്ത്രത്തിനുള്ളില്‍ ചെറുപൊതികളായി ലഹരി ഒളിപ്പിച്ചായിരുന്നു യാത്ര. കുടുംബവുമായി ഒന്നിച്ച് പോകുന്നതിനാല്‍ പരിശോധന ഒഴിവാകുമായിരുന്നു.
സംഘത്തെ കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് ഇവര്‍ എംഡിഎംയുമായി കേരളത്തിലേക്ക് എത്തുന്നുണ്ട് എന്ന് വിവരം പോലീസിന് ലഭിച്ചയുടനെ അതിര്‍ത്തിയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. എന്നാല്‍ ചെറുവാരക്കോണത്തിന് സമീപം ബൈപ്പാസിലേക്കെത്തിയ ലഹരിക്കടത്ത് സംഘം പോലീസിനെ കണ്ട് ചെങ്കവിള ഭാഗത്തേക്ക് പോവുകയായിരുന്നു. ഇവര്‍ പോകുന്നത് കണ്ട പോലീസ് ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് വാഹനം ഇട റോഡിലേക്ക് ഓടിച്ച് കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് എംഡിഎം കണ്ടെത്തിയത്.