ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണത് കോറിഡോറിനും ചുവരിനും ഇടയിലൂടെയെന്ന് എഫ്‌ഐആറില്‍; വരാന്തയുടെ കൈവരിയില്‍ ഇരുന്നപ്പോള്‍ അബദ്ധത്തില്‍ വീണതാകാം; മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്
മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്
കൊച്ചി: എറണാകുളം പറവൂര്‍ ചാലാക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കണ്ണൂര്‍ സ്വദേശിയുമായ കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ വിദ്യാര്‍ത്ഥിനി അബദ്ധത്തില്‍ താഴേക്ക് വീണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ഇന്നലെ രാത്രി 11 മണിക്കാണ് ഫാത്തിമത് കെട്ടിടത്തില്‍ നിന്നും വീണത്. പുലര്‍ച്ചെ രണ്ട് മണിക്ക് മരണം സംഭവിച്ചു. വരാന്തയുടെ കൈവരിയില്‍ ഇരുന്നപ്പോള്‍ ഫാത്തിമ അബദ്ധത്തില്‍ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ വീഴ്ച ഉണ്ടായോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമ താമസിച്ചിരുന്നത്. ഏഴ് നിലകളുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ കൊറിഡോറില്‍ വച്ചാണ് അപകടമുണ്ടായത്. മറ്റ് കുട്ടികളും സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നു. ഫാത്തിമയും കൂട്ടുകാരികളും സംസാരിച്ചിരിക്കവെ അബദ്ധത്തില്‍ തെന്നി താഴെ വീണതാകാമെന്നാണ് നിഗമനം.
കൊറിഡോറില്‍ ഇരുമ്പ് കൈവരികളുണ്ട്. ഇതിന് സമീപത്ത് ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ച സ്ഥലത്ത് ജിപ്‌സം ബോര്‍ഡ് കൊണ്ടായിരുന്നു മറച്ചിരുന്നത്. കൈവരികള്‍ക്ക് മുകളില്‍ ഇരുന്നപ്പോള്‍ അബദ്ധത്തില്‍ ജിപ്‌സം ബോര്‍ഡ്തകര്‍ത്ത് താഴേക്ക് വീഴാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറയുന്നു.
ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ കോളേജ് ഹോസ്റ്റലില്‍ പരിശോധന തുടരുകയാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ ഷഹാന. ഹോസ്റ്റലിലെ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. ഏഴാം നിലയിലുള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍വഴുതി വീണതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം.
സുഹൃത്തുക്കളുമൊത്ത് സംസാരിച്ച് ഇരിക്കുന്നതിനിടെ വരാന്തയിലെ കൈവരിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. കോളേജ് ഹോസ്റ്റലില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.